Connect with us

Gulf

ഷാര്‍ജയില്‍ ഈ വര്‍ഷം 5,000 പെയ്ഡ് പാര്‍കിംഗുകള്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ നിലവില്‍ 33,800 പെയ്ഡ് പാര്‍ക്കിംഗുകള്‍ ഉണ്ടെന്ന് നഗരസഭ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും പൊതു പാര്‍ക്കിംഗ് സൗകര്യങ്ങളുണ്ടാക്കാന്‍ ആലോചിക്കുന്നതായും നഗരസഭാധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നടപ്പുവര്‍ഷം 5,000 പുതിയ പെയ്ഡ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.

ഷാര്‍ജ നഗരസഭയുടെ പാര്‍കിംഗ് സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട് ആക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതുവഴി ഒരു എസ് എം എസിലൂടെ ഉപയോക്താവിന് വാഹനത്തിനുള്ള പാര്‍കിംഗ് സമയം ആവശ്യാനുസരണം ദീര്‍ഘിപ്പിക്കാന്‍ കഴിയും. പാര്‍കിംഗ് ടിക്കറ്റ് എടുക്കാത്തതിന്റെ പേരിലുള്ള പിഴകള്‍ ഒഴിവാക്കാനും സ്മാര്‍ട് സംവിധാനത്തിലൂടെ സാധിക്കും. ഇതിനാവശ്യമായ രീതിയില്‍ പാര്‍കിംഗ് പെയ്‌മെന്റ് മെഷീനുകള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണെന്നും നഗരസഭാധികൃതര്‍ വിശദീകരിച്ചു.

2005ലാണ് ഷാര്‍ജയില്‍ പെയ്ഡ് പാര്‍കിംഗ് സേവനങ്ങള്‍ ആരംഭിച്ചത്. 16 സ്ഥലങ്ങളിലായി 260 പെയ്‌മെന്റ് മെഷീനുകളാണ് തുടക്കത്തില്‍ സ്ഥാപിച്ചിരുന്നത്. ഷാര്‍ജ നഗരത്തിന്റെ അനുദിനമുണ്ടാകുന്ന വളര്‍ച്ചക്കനുസരിച്ച് കൂടുതല്‍ പാര്‍കിംഗ് സൗകര്യങ്ങള്‍ സംവിധാനിക്കാന്‍ നഗരസഭ നിര്‍ബന്ധിതമായി. നിലവില്‍ 35 പ്രദേശങ്ങളിലായി 33,800 പാര്‍കിംഗ് സൗകര്യങ്ങള്‍ക്കായി 1060 പെയ്‌മെന്റ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഷാര്‍ജ നഗരസഭയിലെ കസ്റ്റമര്‍ സര്‍വീസ് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി പറഞ്ഞു.
പാര്‍കിംഗ് മെഷീനുകള്‍ കൂടുതല്‍ നവീകരിക്കുന്നതിന്റെ ജോലികള്‍ അവസാനഘട്ടത്തിലാണ്. സ്മാര്‍ട് സേവനങ്ങള്‍ക്കായി ഇവ ഉടന്‍ തയ്യാറാകും. നേരത്തെ കുറഞ്ഞ സമയത്തേക്ക് വാഹനം പാര്‍ക് ചെയ്തുപോയ ഉപഭോക്താവിന് കൂടുതല്‍ സമയം ആവശ്യമായി വരുമ്പോള്‍ വാഹനത്തിനടുത്തേക്ക് പോകാതെ കേവലം ഒരു എസ് എം എസിലൂടെ പാര്‍കിംഗ് സമയം ദീര്‍ഘിപ്പിക്കാന്‍ ഇതിലൂടെ കഴിയും. പാര്‍കിംഗ് സമയം തീര്‍ന്നത് കാരണം ഉണ്ടാകാനിടയുള്ള പിഴകളും ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും അല്‍ സുവൈദി ചൂണ്ടിക്കാട്ടി.

Latest