Connect with us

Gulf

എസ് പി എസ് എക്‌സ്പ്രസുമായി ദുബൈ പോലീസ്

Published

|

Last Updated

ദുബൈ: സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ (എസ് പി എസ്) സംവിധാനങ്ങളില്‍ നവീന ഉപകരണങ്ങളുമായി ദുബൈ പോലീസ്. സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ എക്‌സ്പ്രസ് എന്നറിയപ്പെടുന്ന ആധുനിക ഉപകരണങ്ങളോടെയുള്ള പ്രാഥമിക ഘട്ട സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ മുറഖബാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ റിഗ്ഗ റോഡിലടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. മനുഷ്യ പ്രയത്‌നം ആവശ്യമില്ലാത്ത ഓട്ടോമാറ്റിക്ക് സംവിധാനങ്ങളോടെയുള്ള സേവനങ്ങളാണ് ഇവിടെ ലഭിക്കുക. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ വിവിധയിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

ദുബൈ പോലീസിലെ സാങ്കേതിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ അത്യാഹിത സാഹചര്യങ്ങളെ നേരിടാനുള്ള ആവശ്യങ്ങള്‍ക്കായി പ്രത്യേക ഫോണ്‍ ടവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ സ്മാര്‍ട് പോലീസ് സ്റ്റേഷന്‍ സേവനങ്ങള്‍ക്കായുള്ള ആധുനിക എസ് പി എസ് എക്‌സ്പ്രസ് ഉപകരണങ്ങളുമായി ദുബൈ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആശയ വിനിമയം നടത്തുമെന്ന് മുറഖബാത് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗാനിം പറഞ്ഞു. ദുബൈ പോലീസിന്റെ ദഹുവ സാങ്കേതിക വിദ്യയിലൂന്നിയാണ് ടവര്‍ നിര്‍മിച്ചത്. ഉന്നത സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഉപകരണം പരീക്ഷണാടിസ്ഥാനത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. വൈകാതെ കൂടുതല്‍ ഉപകരണങ്ങള്‍ വിമാനത്താവളം, ഉദ്യാനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു ജനങ്ങള്‍ കൂടുതലായി ഇടപഴകുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച് ഏതടിയന്തിര ഘട്ടത്തിലും സഹായങ്ങള്‍ക്കായി പോലീസിനെ ബന്ധപ്പെടാവുന്ന വിധത്തില്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യയില്‍ രാത്രികാല കാഴ്ചകളെ വളരെ വ്യക്തമായി വീക്ഷിക്കാവുന്ന ക്യാമറകള്‍, വീഡിയോ ഓഡിയോ സംഭാഷണങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍, റീമോര്‍ട് വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മോണിറ്റര്‍, ബ്രോഡ്കാസ്റ്റിംഗ് സംവിധാനം, അലാറം, വിവിധ ആശയ വിനിമയ ഉപാധികള്‍, 4ജി സംവിധാനങ്ങള്‍, വൈഫൈ സംവിധാനം എന്നിവ എസ് പി എസ് എക്‌സ്പ്രസ് സംവിധാനത്തോടൊപ്പമുണ്ട്.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ എമിരേറ്റ്‌സ് ഐ ഡി ഉപയോഗിച്ച് ഉപകരണത്തിലൂടെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. താമസക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള ദുബൈ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ഇത്തരം സ്മാര്‍ട് ഉപകരണങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തിര ഘട്ടങ്ങളില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് പോലീസ് പവര്‍ത്തനങ്ങളെ ലഘൂകരിക്കുന്നതിനും സംവിധാനങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest