Connect with us

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: പരാതിക്കാരി അന്വേഷണ സമതി മുമ്പാകെ ഹാജരായി

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ സുപ്രീം കോടതി മുന്‍ ജീവനക്കാരി സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമതിക്ക് മുമ്പാകെ ഹാജരായി. ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സമതിക്ക് മുമ്പാകെയാണ് യുവതി ഹാജരായത്. പരാതിക്കാരിയുടെ മൊഴി സമതി രേഖപ്പെടുത്തി. പരാതിയുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും രജിസ്ട്രാര്‍ ജനറല്‍ സമതിക്ക് കൈമാറി. മൊഴിയെടുക്കുമ്പോള്‍ പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചിരുന്നില്ല.

അന്വേഷണ സമതി നോട്ടീസ് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതി ഹാജരായത്. സുപ്രീം കോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന 35കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിത്. ഒക്ടോബര്‍ 10, 11 തിയ്യതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച് അപമാനിക്കപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യത്തെ 22 ജഡ്ജിമാര്‍ക്ക് യുവതി കത്തയച്ചിരുന്നു.