Connect with us

International

നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി വീണ്ടും തള്ളി

Published

|

Last Updated

ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ മാസം 29നും നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസമാണ് ലണ്ടനില്‍വെച്ച് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. ഇന്ന് നീരവിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നീരവിനെ കോടതിയില്‍ ഹാജരാക്കിയത്. വീണ്ടും വാദം തുടങ്ങിയാല്‍ നീരവ് കോടതിയില്‍ ഹാജരാകില്ലെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് നീരവിനെ പാര്‍പ്പിച്ചിരിക്കുന്നത്.

നീരവിന്റെ സെക്യൂരിറ്റി തുകയായ പത്ത് ലക്ഷം പൗണ്ട്(ഒമ്പത് കോടി രൂപ)കോടതിയില്‍ കെട്ടിവെക്കാമെന്നും നീരവിന്റെ ചലനങ്ങള്‍ ഇലക്ട്രോണിക് ജിപിഎസ് ഉപകരണങ്ങള്‍ വഴി പോലീസിനും കോടതിക്കും പരിശോധിക്കാമെന്നും വേണ്ടിവന്നാല്‍ വീട്ടുതടങ്കലില്‍ വക്കാമെന്നുവരെ നീരവ് മോദിയുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. സോളിസ്റ്റര്‍ ആനന്ദ് ദൂബെയും ബാരിസ്റ്റര്‍ ക്ലെയര്‍ മോണ്ട്‌ഗോമെറിയുമാണ് നീരവിന് വേണ്ടി ഹാജരായത്. വനാതു എന്ന ദ്വീപ് രാഷ്ട്രത്തിന്റെ പൗരത്വം സ്വന്തമാക്കി അങ്ങോട്ട് കുടിയേറാനുള്ള ശ്രമത്തിലാണ് നീരവ്. ഇക്കാര്യവും കോടതി പരാമര്‍ശിച്ചു. മധ്യലണ്ടനിലെ ഒരു ബേങ്കില്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കവെ മാര്‍ച്ച് 19നാണ് നീരവ് അറസ്റ്റിലാകുന്നത്. കേസ് മെയ് 24ന് വീണ്ടും പരിഗണിക്കും.

Latest