Connect with us

International

കൊളംബോ സ്‌ഫോടനം: സഹ്‌റാന്‍ ഹാഷിം ആര്? പഠിച്ചത് ഇന്ത്യയില്‍; സാക്കിര്‍ നായിക്കുമായും ബന്ധമോ?

Published

|

Last Updated

സഹ്റാൻ ഹാഷിം

കൊളംബോ: കൊളംബോയിലെ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സഹ്‌റാന്‍ ഹാഷിം തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചയാള്‍. സ്‌ഫോടനപരമ്പര നടത്താന്‍ ഐഎസിന് സഹായം നല്‍കിയത് ഇയാള്‍ നേതൃത്വം നല്‍കുന്ന സലഫി സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണെന്ന് ശ്രീലങ്കൻ അധികൃതർ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടനം നടത്തിയ ഒന്‍പത് ചാവേറുകളില്‍ ഇയാള്‍ ഉള്‍പ്പെടുന്നുവെന്ന വിവരം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വെളിപ്പെടുത്തിയത് ഇന്നാണ്.

Read more: ശ്രീലങ്കന്‍ സ്‌ഫോടനം; ചാവേറില്‍ സലഫി തീവ്രവാദി സഹ്‌റാന്‍ ഹാഷിമും; മുഖ്യ സൂത്രധാരനെന്ന് സിരിസേന

40കാരനായ സഹ്‌റാന്‍ ഹാഷിം ശ്രീലങ്കയിലെ തീരനഗരമായ കട്ടാന്‍കുണ്ടി സ്വദേശിയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടം കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. തീവ്ര സലഫി ചിന്തകനായ ഇയാള്‍ അബൂ ഉബൈദ എന്ന പേരിലും അറിയപ്പെട്ടിരുന്നു. യൂട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഇയാളുടെ തീവ്രവര്‍ഗീയ പ്രസംഗങ്ങള്‍ സുലഭമാണ്. ഇന്ത്യയില്‍ നിന്നാണ് ഇത്തരം വീഡിയോകള്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിരുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് അപ്‌ലോഡ് ചെയ്യപ്പെട്ടതിനാല്‍ ഇത് ശ്രീലങ്കന്‍ പോലീസിന്റെ നിരീക്ഷണത്തില്‍ പെട്ടിരുന്നില്ല. അമുസ്‌ലിംകളെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഇയാളുടെ വീഡിയോ സന്ദേശങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇയാള്‍ നടത്തിയ ഓണ്‍ലൈന്‍ ഇടപെടല്‍വഴി നിരവധി പേര്‍ ഇയാളില്‍ ആകൃഷ്ടരായിരുന്നു.

സാക്കിർ നായിക്ക്

പഠിക്കാനായി സഹ്‌റാന്‍ ഹാഷിം പലപ്പോഴും ഇന്ത്യയില്‍ വന്നിരുന്നു. ഇന്ത്യയില്‍ പല വിദ്യാര്‍ഥി സംഘട്ടനങ്ങള്‍ക്കും പിന്നില്‍ ഇയാളുടെ കരങ്ങളുള്ളതായി സൂചനയുണ്ട്. തീവ്രവാദ ആരോപണം നേരിടുന്ന ഇന്ത്യയിലെ വിവാദ സലഫി പ്രചാരകന്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇയാളുടെ ഒരു വീഡിയോയില്‍ “സാക്കിര്‍ നായിക്കിന് വേണ്ടി ശ്രീലങ്കന്‍ മുസ്ലിംകള്‍ എന്ത് ചെയ്യണ”മെന്ന് പ്രതിബാധിക്കുന്നുണ്ട്. സാക്കിര്‍ നായിക്കുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോളജ് പഠനം ഉപേക്ഷിച്ച ശേഷമാണ് സഹ്‌റാന്‍ ഹാഷിം ഐഎസിന്റെ തീവ്രവാദ നിലപാടുകളില്‍ ആകൃഷ്ടനായത്. ഇതുവഴി അന്താരാഷ്ട്ര ബന്ധം ഇയാള്‍ വളര്‍ത്തിയിരുന്നു. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും മുസ്ലിം രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമത്രെ. ഐഎസിന്റെ നിയന്ത്രണത്തിലുള്ള അല്‍-ഖുറാബ ചാനല്‍ ശ്രീലങ്കയില്‍ പലയിടത്തും ലഭ്യമായിരുന്നു. സഹ്‌റാന്‍ ഹാഷിമിന്റെ വിദ്വേഷ പ്രഭാഷണങ്ങള്‍ പലപ്പോഴും ഈ ചാനലില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഇന്ത്യന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിക്കാന്‍ സഹ്‌റാന്‍ ഹാഷിം പദ്ധതിയിട്ടതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

---- facebook comment plugin here -----

Latest