Connect with us

International

ശ്രീലങ്കന്‍ സ്‌ഫോടനം; ചാവേറില്‍ സലഫി തീവ്രവാദി സഹ്‌റാന്‍ ഹാഷിമും; മുഖ്യ സൂത്രധാരനെന്ന് സിരിസേന

Published

|

Last Updated

സഹ്റാൻ ഹാഷിം

കൊളംബോ: മുന്നൂറിലധികം പേരുടെ ജീവനെടുത്ത കൊളംബോയിലെ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ സലഫി സംഘടനയായ തൗഹീദ് ജമാഅത്ത് നേതാവ് സഹ്‌റാം ഹാഷിമും ഉള്‍പ്പെട്ടതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വെളിപ്പെടുത്തി. സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഇയാള്‍ ഷാന്‍ഗ്രി ലാ ഹോട്ടലിലാണ് സ്‌ഫോടനം സൃഷ്ടിച്ചത്. കൊളംബോയിലെ സുഗന്ധ വ്യജ്ഞന വ്യാപാരിയുടെ മകന്‍ ഇല്‍ഹാമിനൊപ്പമാണ് ഇയാള്‍ ഈ ഹോട്ടലില്‍ സ്‌ഫോടനം നടത്തിയത്.

Read more: കൊളംബോ സ്‌ഫോടനം: സഹ്‌റാന്‍ ഹാഷിം ആര്? പഠിച്ചത് ഇന്ത്യയില്‍; സാക്കിര്‍ നായിക്കുമായും ബന്ധമോ?

ശ്രീലങ്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളാണ് ആക്രമണത്തില്‍ സഹ്‌റാന്‍ ഹാഷിമും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ നേതാവായ ഇയാള്‍ തീവ്ര വര്‍ഗീയത പ്രസംഗിക്കുന്നയാളായിരുന്നു. അമുംസ്ലിംകളെ ഉന്മൂലം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഇയാളുടെ പല വീഡിയോകളും നേരത്തെ പുറത്തുവന്നിട്ടുണ്ട്. ശ്രീബുദ്ധന്റെ പ്രതിമ തകര്‍ത്ത കേസിലും ഇയാള്‍ ആരോപണവിധേയനായിരുന്നു.

ഐഎസ് പുറത്തുവിട്ട ചാവേറുകളുടെ ചിത്രത്തിൽ സഹ്റാൻ ഹാഷിം

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ സഹ്‌റാന്‍ ഹാഷിമും ഉണ്ടായിരുന്നു. വീഡിയോയില്‍ ഉണ്ടായിരുന്ന ചാവേറുകള്‍ എന്ന് കരുതുന്ന ഏഴ് പേരില്‍ സഹ്‌റാന്റെ മുഖം മാത്രമാണ് വെളിവാക്കിയിരുന്നത്. അതേസമയം, സഹ്‌റാന്‍ ഹാഷിമിന് ഐഎസുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ശ്രീലങ്കയിലെ തീരനഗരമായ കട്ടാന്‍കുണ്ടി സ്വദേശിയാണ് സഹ്‌റാന്‍ ഹാഷിം. സ്‌ഫോടനം നടന്ന ശേഷം ഇയാളുടെ സഹോദരി ബിബിസിക്ക് ബൈറ്റ് നല്‍കിയിരുന്നു. അയാള്‍ തന്റെ സഹോദരനാണെങ്കിലും ചെയ്ത പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് അതില്‍ അവര്‍ പറഞ്ഞത്. രണ്ട് വര്‍ഷമായി ഇയാളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.