Connect with us

National

ജയലളിതയുടെ മരണം: അന്വേഷണത്തിന് സുപ്രീം കോടതിയുടെ താത്കാലിക സ്‌റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത സംബന്ധിച്ച അന്വേഷണം സുപ്രീം കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. ജയലളിതയെ ചികിത്സിച്ച ചെന്നൈ അപ്പോളോ ആശുപത്രിയുടെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചിന്റെ നടപടി. അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കിയതിനും ആശുപത്രി രേഖകള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതിനും എതിരെയായിരുന്നു ആശുപത്രി അധികൃതരുടെ ഹര്‍ജി.

2016 ഡിസംബര്‍ ആറിനാണ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത മരിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്തതിനെ തുടര്‍ന്ന് 2017 സെപ്തംബറില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ അറുമുഖ സ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുകയായിരുന്നു. ഏപ്രില്‍ നാലിന് അന്വേഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാന്ന് ആശുപത്രി അധികൃതര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ സമണ്‍സ് നല്‍കിയിരുന്നു. ഇതിന് പുറമെ ആശുപത്രി രേഖകളും പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവിന് നല്‍കിയ ചികിത്സ ശരിയാണോ എന്ന് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആശുപത്രി അധികൃതര്‍ ആരോപിച്ചത്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന്‍ എഐഎഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എംജി രാമചന്ദ്രന്റെ ചികിത്സാരേഖകളും ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതര്‍ ആരോപിച്ചിരുന്നു.

അതേസമയം, അന്വേഷണം സ്‌റ്റേ ചെയ്ത നടപടിയെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest