Connect with us

Kerala

ജി പി എസ് നിർബന്ധമാക്കും, ലൈസൻസ് ഇല്ലാത്ത ഏജൻസികൾ പൂട്ടും

Published

|

Last Updated

തിരുവനന്തപുരം: അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ ഗതാഗത വകുപ്പ് കർശന നടപടി തുടങ്ങി. സ്പീഡ് ഗവേണറുകളും ജി പി എസും നിർബന്ധമാക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. ജൂൺ ഒന്ന് മുതൽ കേരളത്തിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളിൽ ജി പി എസ് സംവിധാനം ഉറപ്പാക്കുമെന്ന് യോഗത്തിന് ശേഷം ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതി പരിശോധിക്കും. കോൺട്രാക്ട് കാര്യേജുകളുടെ നിരക്കിനെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഫെയർ സ്റ്റേജ് നിർണയിക്കാൻ നിശ്ചയിച്ചിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് ആവശ്യപ്പെടും. ഇത്തരം വാഹനങ്ങൾ ചരക്ക് കൊണ്ടുപോകുന്നത് കർശനമായി തടയും. ഇതിന് പോലീസിന്റേയും നികുതി വകുപ്പിന്റേയും സഹായം തേടും. എൽ എ പി ടി ലൈസൻസുള്ള ഏജൻസികൾ മുഖേനയാണ് ഇപ്പോൾ ബുക്കിംഗ് നടത്തുന്നത്. ഇവയുടെ പ്രവർത്തനം പരിശോധിച്ചു വരികയാണ്. 46 എണ്ണം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവർ ഒരാഴ്ചക്കുള്ളിൽ മതിയായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അടച്ചു പൂട്ടാൻ നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കും.

കെ എസ് ആർ ടി സിയുടെ അന്തർസംസ്ഥാന സർവീസുകൾ നിസ്സാര കാരണങ്ങളാൽ റദ്ദാക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രത്യേക കാരണങ്ങളാൽ ബസ് ഓടിക്കാൻ സാധിക്കാത്ത അവസ്ഥയിൽ പകരം ബസ് ലഭ്യമാക്കണം. പകരം ബസ് ലഭ്യമാക്കിയില്ലെങ്കിൽ വാടക ബസ് കരാർ റദ്ദാക്കുമെന്ന് ബസ് നൽകിയ കമ്പനിക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്.
അന്തർസംസ്ഥാന ബസുകൾ കൂടുതൽ ഓടിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറിതല ചർച്ച നടത്തും.

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ റെയിൽവേ ചെയർമാനുമായി ചർച്ച നടത്തിയിട്ടുണ്ട്. പോലീസ് സഹകരണത്തോടെ ഗതാഗത വകുപ്പ് നടത്തിയ ഓപറേഷൻ നൈറ്റ് റൈഡേഴ്‌സ് പരിശോധനയിൽ ബുധനാഴ്ച വരെ 259 കേസുകളെടുത്തു. 3.74 ലക്ഷം രൂപ പിഴയീടാക്കിയതായും മന്ത്രി പറഞ്ഞു. 19 ചെക്ക്‌പോസ്റ്റുകളിൽ പരിശോധന നടത്തി. മൂന്ന് അന്തർസംസ്ഥാന സ്വകാര്യ ബസുകളിൽ ചരക്ക് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.

300 ബസുകൾക്കെതിരെ നടപടി

തിരുവനന്തപുരം/കണ്ണൂർ: കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിന് പിന്നാലെ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. ഇന്നലെ വെളുപ്പിന് നടത്തിയ പരിശോധനയിൽ ചട്ടവിരുദ്ധമായി സർവീസ് നടത്തിയ 300 ബസുകൾക്കെതിരെ നടപടിയെടുത്തു.

ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് മോട്ടോർ വാഹനവകുപ്പ് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ പരിശോധന നടത്തിയത്. വാളയാർ ചെക്ക് പോസ്റ്റ്, തൃശൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി വാഹനങ്ങൾ ചട്ടവിരുദ്ധമായി സർവീസ് നടത്തുന്നതായി കണ്ടെത്തി.

പരിശോധന നടത്തിയ എല്ലാ ബസുകളും കോൺട്രാക്ട് കാരിയർ പെർമിറ്റ് ലംഘിച്ചതായി കണ്ടെത്തി. ഒരു സ്ഥലത്ത് നിന്ന് ആളെ കയറ്റി നിശ്ചിത സ്ഥലത്ത് ഇറക്കുകയോ തിരിച്ചെത്തിക്കുകയോ ചെയ്യണമെന്നാണ് കോൺട്രാക്ട് കാരിയർ പെർമിറ്റ് നിയമം വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരത്തിനായി ബസ് വാടകക്ക് എടുക്കുന്നതുപോലെ മാത്രമേ ഇത്തരത്തിലുള്ള ബസുകൾക്ക് സർവീസ് നടത്താനാകൂ.
എന്നാൽ അന്തർ സംസ്ഥാന ബസുകൾ കെ എസ് ആർ ടി സിക്ക് സമാനമായാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരേ കർശന നടപടിയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന 18 ബസുകളിലാണ് പരിശോധന നടത്തിയത്. ചില ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും ഈ ബസുകൾക്ക് നോട്ടീസയച്ചതായും എൻഫോഴ്‌സ്മെന്റ് ആർ ടി ഒ. എം പി സുരേഷ്ബാബു പറഞ്ഞു.
യാത്രക്കാർക്ക് വേണ്ടത്ര സുരക്ഷ ഉറപ്പാക്കാത്ത ബസ് ഉടമകളിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലകൾ പൂർത്തിയാക്കി കൂടുതൽ ഉദ്യോഗസ്ഥർ എത്തുന്നതോടെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.

---- facebook comment plugin here -----

Latest