നിങ്ങളുടെ നാട്ടിൽ മൂവാണ്ടനുണ്ടോ ?

കൊച്ചി
Posted on: April 26, 2019 1:01 pm | Last updated: April 26, 2019 at 1:01 pm

കലർപ്പില്ലാത്ത രുചിയുടെയും കുളിർമയുള്ള തണലിന്റെയും ഉറവിടമായ നാട്ടുവൃക്ഷങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം. വഴിയോരങ്ങളിലും നാട്ട് പുരയിടങ്ങളിലും ഇലകളെ മറച്ചും ശിഖിരങ്ങളെ കുനിച്ചും നിറഞ്ഞു കായ്ച്ചിരുന്ന മാവുകളും കനിയിൽ തേൻ മധുരവും ചില്ലയിൽ തണലും ഒളിപ്പിച്ച നാട്ടു പ്ലാവുകളും എവിടെയൊക്കെ, എത്രതരത്തിലുണ്ടെന്ന് ആർക്കാണറിയുക. എല്ലാത്തിനും ഉത്തരം തേടി ഇനി നമ്മുടെ തൊടികളിൽ കുട്ടിഗവേഷകരെത്തും. നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരുന്ന, വളർന്നിരുന്ന നാട്ടുവൃക്ഷങ്ങളെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണത്തിന് ബാലഗവേഷകരെ ഒരുക്കിയിറക്കുകയാണ് സംസ്ഥാന ജൈവവൈവിധ്യബോർഡ്.

വേനലവധിക്കാലത്ത് നമ്മുടെ ചുറ്റുപാടുമുള്ള ജൈവവൈവിധ്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിയാനും പഠിക്കാനുമുള്ള അവസരത്തിനാണ് അധികൃതർ കളമൊരുക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിനൊപ്പം പുതിയ തലമുറയുടെ അജ്ഞതയും നാട്ടുഫലവൃക്ഷങ്ങളുടെ വംശമറ്റുപോകാനിടയാക്കുന്നുവെന്ന കണ്ടെത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് നമ്മുക്ക് ചുറ്റുമുള്ള വൃക്ഷങ്ങളുടെ വിവരശേഖരണം നടത്താനുള്ള വിജ്ഞാനപദ്ധതിക്ക് ജൈവവൈവിധ്യബോർഡ് തുടക്കമിടുന്നത്.

അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികളും എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികളുമാണ് വിവരശേഖരണ പദ്ധതിയിൽ പങ്കെടുക്കുക. അഞ്ച് പേരടങ്ങുന്ന കൂട്ടമായോ ഒറ്റക്കായോ വിവരശേഖരണം നടത്തണം. ഓരോജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത സ്‌കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ഓരോ മാസവും ഓരോ വിഷയത്തിലാണ് ദേശീയ ജൈവവൈവിധ്യത്തിന്റെ പ്രാദേശിക കണക്കെടുപ്പ് നടത്തുന്നത്. ഇത് ബാല ഗവേഷകരുടെ ജൈവ വൈവിധ്യ രജിസ്റ്റർ എന്ന പേരിൽ ജില്ല തിരിച്ച് സൂക്ഷിക്കും. മികച്ച പട്ടികക്ക് അംഗീകാരം നൽകുകയും ചെയ്യും. ഈ വേനലവധിക്കാലത്ത് മാവിനെയും പ്ലാവിനെയും കുറിച്ചുള്ള വിവിരശേഖരണത്തിനാണ് നിർദേശം നൽകിയിട്ടുള്ളത്.

ഓരോ ഇനത്തിന്റെയും പ്രദേശിക നാമം, പ്രത്യേകതകൾ, വലുപ്പം, നിറം, രുചി, ഉപയോഗം, അനുബന്ധകഥകൾ, തുടങ്ങി ലഭ്യമാകുന്ന മുഴുവൻ വിവരങ്ങളും കുട്ടികൾ ഇതിനായി ശേഖരിച്ച് നൽകണം. സംസ്ഥാനത്ത് ഇക്കുറി ആദ്യമായാണ് ഇത്തരത്തിൽ പുതിയ തലമുറക്ക് പഠിക്കാനുള്ള അവസരമൊരുക്കി അവരെക്കൊണ്ട് തന്നെ ആധികാരികമായ ജൈവവൈവിധ്യ പട്ടികക്ക് രൂപം നൽകുന്നത്.

നേരത്തെ കേരളത്തിലെ നാട്ടുമാവുകളെക്കുറിച്ച് തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ ബയോടെക്‌നോളജി വിഭാഗം ഒരു പഠനം നടത്തിയിരുന്നു. ഒരേയിനം മാവ് തന്നെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു.
നഗരവത്കരണം ഏറുന്നതാണ് മാവുകളുടെ നാശത്തിന് പ്രധാന കാരണം. സംസ്ഥാന ഫലമായി അംഗീകരിക്കപ്പെട്ട ചക്കയുടെ വ്യത്യസ്തകളെക്കുറിച്ചും ആധികാരിക പഠനങ്ങളൊന്നും നടന്നിട്ടില്ല.

രാസപദാർഥങ്ങൾ കുത്തിനിറച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പഴവർഗം ഇപ്പോൾ വിപണിയിൽ നിറയുമ്പോൾ നാടിന്റെ സ്വന്തം കടുക്കാച്ചിമാങ്ങയും കരിമൂവാണ്ടനും വരിക്കച്ചക്കയും തേൻചക്കയുമെല്ലാം എവിടെ, എത്രയുണ്ടെന്ന് കണ്ടെത്താനാണ് പുതിയ പദ്ധതി.