ചക്കക്ക് പൊള്ളും വില

Posted on: April 26, 2019 12:57 pm | Last updated: April 26, 2019 at 12:57 pm


കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിളവ് കുറഞ്ഞതിനാൽ വിപണിയിൽ ചക്കക്ക് പൊള്ളുന്ന വില. തമിഴ് നാട്ടിലാണ് ഇക്കുറി ചക്ക കിട്ടാക്കനിയായി മാറിയത്. തമിഴ്‌നാട് വിപണിയിൽ ചക്ക ഒന്നിന് 300 ന് മുകളിലാണ് വില. 12 കിലോ മുതൽ 13 കിലോ വരെ തൂക്കം വരുന്നവയാണ് ചക്കകൾ.

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഉൾപ്പെടെയുള്ള വിപണിയിൽ കേരളത്തിൽ നിന്നാണ് ചക്ക കൂടുതലായും എത്തുന്നത്. സാധാരണ മാർച്ച് ആദ്യവാരം ചക്ക വിപണിയിൽ എത്തിയിരുന്നതാണ്. കേരളത്തിൽ ചക്ക കുറഞ്ഞതും ഉള്ള ചക്കകൾ മൂപ്പെത്താത്തതുമാണ് വിപണി വില വർധിക്കാനിടയാക്കുന്നത്.

കൊച്ചിയിൽ മൂപ്പെത്താത്ത ചെറിയ ചക്കക്ക് ഒന്നിന് 30 മുതൽ മേലോട്ടാണ് വില. അതിന് തന്നെ ആവശ്യക്കാർ കൂടുതലാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ മുതൽ മെയ് വരെയാണ് ചക്കയുടെ സീസൺ. ഒന്നും രണ്ടും വിളവാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ രണ്ടാം വിളവും ഇല്ലാത്ത സ്ഥിതിയാണ്. ഉത്തരേന്ത്യയിൽ നിന്ന് ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും കൊടുക്കാനില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.