Connect with us

Palakkad

കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിക്കാൻ തീരുമാനം

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പട്ടികജാതി – പട്ടികവർഗ കോളനികളിലും മത്സ്യത്തൊഴിലാളി കോളനികളിലും കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിക്കാൻ സംസ്ഥാന തദ്ദേശസ്വയം ഭരണവകുപ്പ് തീരുമാനം. നിലവിൽ ടാങ്കർ ലോറികളിലെത്തിക്കുന്ന വെള്ളം ഇവിടങ്ങളിൽ തികയുന്നില്ലെന്ന പരാതിയെത്തുടർന്നാണ് നടപടി.

500ഓളം കിയോസ്‌കുകളാണ് വിവിധയിടങ്ങളിൽ സ്ഥാപിക്കുന്നത്. കുടിവെള്ളക്ഷാമമുള്ള പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ ടാങ്കർലോറികളിൽ വെള്ളം നൽകുന്നുണ്ട്. ഇതിന് തുകയും അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പട്ടികജാതി- പട്ടികവർഗ കോളനികളിലും മത്സ്യത്തൊഴിലാളി കോളനികളിലും ടാങ്കർലോറികളിൽ കുടിവെള്ളമെത്തിക്കുന്നത്. കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി 500 മുതൽ 1000 ലിറ്റർവരെ സംഭരണശേഷിയുള്ള ടാങ്കുകളാണ് സ്ഥാപിക്കുന്നത്. ചെലവ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ വിനിയോഗിക്കാം. കിയോസ്‌കുകളിലേക്ക് വെള്ളമെത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമയവും നിശ്ചയിച്ചിട്ടുണ്ട്.

പട്ടികജാതി പട്ടികവർഗ കോളനികളിലും മത്സ്യത്തൊഴിലാളികളുടെ കോളനികളിലും കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വരെ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ തുക ആവശ്യമുള്ളിടത്ത് കലക്ടറുടെ അനുമതി വേണം.

Latest