Connect with us

Ongoing News

ജനവിധി തേടി ക്രിമിനലുകളുടെയും കോടിപതിമാരുടെയും നീണ്ട നിര

Published

|

Last Updated

ന്യൂഡൽഹി: ഈ മാസം 29ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ വൻ തോതിൽ ക്രിമിനലുകളും കോടിപതിമാരും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നാലാംഘട്ടത്തിൽ ജനവിധി തേടുന്ന 928 പേരിൽ 210 പേർ ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്. അഥവാ 23 ശതമാനം സ്ഥാനാർഥികളും ക്രിമിനൽ സ്വഭാവമുള്ളവരാണ്. സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് കേസുകൾ സംബന്ധിച്ച വിവരമുള്ളത്. അസോസിയേഷൻ ഫോർ റിഫോംസ് ആണ് വാർത്ത പുറത്തുവിട്ടത്.

210 പേരിൽ 158 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ടവരാണ്. കൊലപതാകം നേരിട്ട് നടത്തിയതിൽ വിചാരണ നേരിടുന്ന അഞ്ച് പേർ, കൊലപാതകത്തിൽ പങ്കാളികളായ 24 പേർ, തട്ടികൊണ്ടുപോകൽ കേസിലെ നാല് പ്രതികൾ, ബലാത്സംഗം അടക്കം സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട 21 പേർ, വർഗീയതയും വിഭാഗീയതും നടത്തുന്ന പ്രസംഗത്തിന്റെ പേരിൽ കേസിൽ അകപ്പെട്ട 16 പേരും ഇവരിൽ ഉൾപ്പെടും.

നാലാംഘട്ടത്തിൽ ഏറ്റവും കൂടുതൽ ക്രിമിനലുകളെ മത്സരിപ്പിക്കുന്നത് ബി ജെ പിയാണ്. നാമനിർദേശ പത്രിക സമർപ്പിച്ച 57 ബി ജെ പി സ്ഥാനാർഥികളിൽ 18 പേരും ഗുരുതര കുറ്റവാളികളാണ്. രണ്ടാം സ്ഥാനത്ത് കോൺഗ്രസാണ്. കോൺഗ്രസിന്റെ 57 പേരിൽ പത്ത് പേരാണ് ഗുരുതര കുറ്റത്തിൽ വിചാരണ നേരിടുന്നത്. ബി എസ് പിക്കാരായ ഒമ്പത് പേരും ഇക്കൂട്ടത്തിൽപ്പെടും.