Connect with us

Ongoing News

മോദിക്കെതിരായ പരാതി അപ്രത്യക്ഷമായി; സാങ്കേതിക തകരാറെന്ന് തിര. കമ്മീഷൻ

Published

|

Last Updated

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയാണ് സൈറ്റിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്കും ബാലാകോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത സൈനികർക്കും കന്നി വോട്ട് സമർപ്പിക്കണമെന്നുള്ള മോദിയുടെ പ്രസംഗമാണ് പരാതിക്ക് കാരണമായത്.
ഇതുവരെ 426 പരാതികളാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി കമ്മീഷന് ലഭിച്ചത്. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുമുണ്ട്. ഇതിൽ നിന്നാണ് മോദിക്കെതിരായ ഏപ്രിൽ ഒമ്പതിലെ പരാതി കാണാതായിരിക്കുന്നത്.

കൊൽക്കത്ത സ്വദേശിയായ മഹേന്ദ്ര സിംഗാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് വെബ് സൈറ്റിൽ പരാതി പരിശോധിച്ചപ്പോൾ പരിഹരിക്കപ്പെട്ടു എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും മഹേന്ദ്ര സിംഗ് പറയുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നോടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷണറിൽ നിന്ന് വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നും ഉടൻ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ, മോദിക്കെതിരായ പരാതി മാത്രം എങ്ങനെ അപ്രത്യക്ഷമാകുമെന്ന ചോദ്യമാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.

അതേസമയം, പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest