Connect with us

Ongoing News

മോദി വീണ്ടും വന്നാൽ ഉത്തരവാദി രാഹുൽ ഗാന്ധി: കെജ്‌രിവാൾ

Published

|

Last Updated

ന്യൂഡൽഹി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയാൽ അതിന്റെ പൂർണ ഉത്തരവാദി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയായിരിക്കുമെന്ന് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പരാമർശം.

സഖ്യം രൂപവത്കരിക്കാൻ എ എ പി പരമാവധി ശ്രമിച്ചിട്ടും കോൺഗ്രസ് അത് ഗൗരവമായി കണ്ടില്ല. മോദി – ഷാ ദ്വയം വീണ്ടും അധികാരത്തിലെത്തിയാൽ ഉത്തരവാദി രാഹുൽ മാത്രമായിരിക്കും. മോദി ഭരണം അവസാനിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. ബി ജെ പി ഇതരമായ ഏത് സർക്കാറിനും പിന്തുണ നൽകാൻ തങ്ങൾ തയ്യാറാണ്. ബി ജ പിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ ആക്രമണമാണ് എ എ പിയുടെ പ്രകടന പത്രികയിലുള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് നിർണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് പത്രിക പ്രകാശനച്ചടങ്ങിൽ െകജ്‌രിവാൾ പറഞ്ഞു.

രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്. നമ്മളെല്ലാം ഇന്ത്യക്കാരാണ്. അതിന് ശേഷം മാത്രമെ ഹിന്ദുവും മുസ്‌ലിമുമൊക്കെ ആകുന്നുള്ളൂ. കെജ്‌രിവാൾ പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധരായ ബി ജെ പിയെ തോൽപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പി അധ്യക്ഷൻ അമിത് ഷായെയും അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിനുമാണ് എ എ പി പരമ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിക്ക് സംസ്ഥാന പദവി ലഭിക്കാനുള്ള പോരാട്ടം തുടരുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.
ഏഴ് ലോക്‌സഭാ സീറ്റുകളുള്ള ഡൽഹിയിൽ ആം ആദ്മി പാർട്ടി മുഴുവൻ സ്ഥാനാർഥികളെയും നേരത്തേ തന്നെ പ്രഖ്യാപിച്ചിച്ചിരുന്നു. േകാൺഗ്രസുമായി സഖ്യത്തിന് ആം ആദ്മി പാർട്ടി ശ്രമിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാൻ കോൺഗ്രസ് തയാറാകാത്തതിനെത്തുടർന്ന് എ എ പി പിന്മാറുകയായിരുന്നു. കോൺഗ്രസ് സഖ്യത്തിനായി കാത്തിരുന്ന് വെറുതെ സമയം പാഴാക്കിയെന്ന് കെജ്‌രിവാൾ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

അതിനിടെ, ഹരിയാനയിലും സഖ്യം വേണമെന്ന നിലപാട് കെജ്‌രിവാൾ ഉപേക്ഷിക്കുകയാണെങ്കിൽ ഡൽഹിയിൽ എ എ പിയുമായി സഖ്യത്തിന് തയാറാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അവസാന നിമിഷം വരെ ഡൽഹിയിൽ എ എ പിയുമായി സഖ്യത്തിന് തയാറാകാമെന്നും രാഹുൽ വ്യക്തമാക്കി.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിവരെ സഖ്യത്തിനുള്ള സാധ്യത നിലനിൽക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് നവഭാരത് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “അവസാന നിമിഷംവരെ ഞങ്ങൾ സഖ്യത്തിന് തയ്യാറാണ്. ഹരിയാനയിലും സഖ്യം വേണമെന്ന നിബന്ധന കെജ്‌രിവാൾ ഉപേക്ഷിക്കുന്ന നിമിഷം അത് സംഭവിച്ചിരിക്കും.” രാഹുൽ പറഞ്ഞു.

ഡൽഹിയിൽ എ എ പിക്ക് നാല് സീറ്റും കോൺഗ്രസിന് മൂന്ന് സീറ്റുമെന്ന ഫോർമുല കെജ്‌രിവാൾ തന്നെയാണ് മുന്നോട്ടുവെച്ചതെന്നും രാഹുൽ പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാക്കൾ ആ ഫോർമുലയോട് യോജിച്ചിരുന്നില്ല. പക്ഷേ ഡൽഹി നേതാക്കളെ ബോധ്യപ്പെടുത്തി വരുമ്പോഴേക്കും സഖ്യം ഹരിയാനയിൽ കൂടി വ്യാപിപ്പിക്കണമെന്ന നിബന്ധന കെജ്‌രിവാൾ മുന്നോട്ടുവെക്കുകയായിരുന്നു എന്നും രാഹുൽ പറഞ്ഞു.