Connect with us

International

കൊളംബോ സ്‌ഫോടന പരമ്പര: ചാവേര്‍ സഹോദരങ്ങളുടെ പിതാവ് അറസ്റ്റില്‍

Published

|

Last Updated

കൊളംബോ: ശ്രീലങ്കയില്‍ 359 പേര്‍ കൊല്ലപ്പെടാനിടയായ ചാവേറാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സഹോദരങ്ങളായ രണ്ടു ഭീകര പ്രവര്‍ത്തകരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മക്കള്‍ക്ക് ആക്രമണത്തിനുള്ള പിന്തുണയും സഹായവും നല്‍കിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൈമറി സ്‌കൂളില്‍ നിന്ന് അധ്യാപകനായി വിരമിച്ച ബുഹാരി മുഹമ്മദ് അന്‍വര്‍ (77) എന്നയാളെ അറസ്റ്റു ചെയ്തത്. വിരമിച്ച ശേഷം സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ ഇതിലൂടെ വന്‍തോതില്‍ പണം സമ്പാദിച്ചിരുന്നു.

എന്നാല്‍, പാവപ്പെട്ടവരെ സഹായിച്ചിരുന്ന നല്ല മനുഷ്യനായിരുന്നു അന്‍വര്‍ എന്നും തെറ്റായ മാര്‍ഗങ്ങളില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം മക്കള്‍ക്ക് ദിവസവും ഉപദേശം നല്‍കാറുണ്ടായിരുന്നുവെന്നും ഒരു അയല്‍വാസി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മക്കള്‍ അദ്ദേഹത്തെ അനുസരിച്ചിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.

ഷാന്‍ഗ്രി-ലാ, സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലുകളിലാണ് സഹോദരങ്ങളായ ചാവേറുകള്‍ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതിനിടെ, ഒരുപാടു പേര്‍ സംശയത്തിന്റെ നിഴലിലാണെന്നും അവരുടെ കൈയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാകാമെന്നും ശ്രീലങ്കന്‍ പ്രധാന മന്ത്രി റനില്‍ വിക്രമസിംഗെ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ആക്രമണത്തിനു നേതൃത്വം കൊടുത്തവരെന്നു കരുതുന്ന ഒരു പുരുഷനും മൂന്നു സ്ത്രീകള്‍ക്കുമായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ശ്രീലങ്കയെ ഞെട്ടിച്ച സ്ഫോടന പരമ്പര നടത്തിയ ഒമ്പത് ചാവേറുകളില്‍ എട്ട് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ചാവേറുകള്‍ എല്ലാവരും നല്ല വിദ്യാഭ്യാസം ഉള്ളവരാണെന്നും ഒരാള്‍ ബ്രിട്ടനിലാണ് പഠിച്ചതെന്നും ശ്രീലങ്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചാവേറുകള്‍ക്ക് പ്രദേശവാസികളുമായി ബന്ധമുണ്ടോ എന്ന കാര്യവും ഐ എസുമായി ഇവര്‍ക്കുള്ള ബന്ധവും പരിശോധിച്ചു വരികയാണെന്ന് പോലീസും അറിയിച്ചു.

Latest