Connect with us

National

ജുഡീഷ്യറിക്കെതിരെ ആക്രമണം നടത്തുന്ന സമ്പന്നര്‍ തീ കൊണ്ട് കളിക്കുന്നു; ഇത് അവസാനിപ്പിച്ചേ പറ്റൂ: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജുഡീഷ്യറിക്കെതിരായി ആക്രമണം നടത്തുന്ന സമ്പന്നരായ ഉന്നതന്മാര്‍ തീ കൊണ്ട് കളിക്കുകയാണെന്നും അവര്‍ ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്നും സുപ്രീം കോടതി. ജുഡീഷ്യറിയെ നിയന്ത്രിക്കാമെന്നാണ് അവര്‍ ഭാവിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഈ തീക്കളിയില്‍ അവരുടെ വിരലുകള്‍ വെന്തുരുകുകയേ ചെയ്യൂവെന്നും കോടതി ഓര്‍മിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച ഗൂഢാലോചന കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ രൂക്ഷമായ പ്രതികരണം. ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്തരവിറക്കും.

സുപ്രീം കോടതിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സത്യം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് അരുണ്‍മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു. ജുഡീഷ്യറിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കി. ആര്‍എഫ് നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് ബഞ്ചിലെ മറ്റു അംഗങ്ങള്‍

അതിനിടെ, ചീഫ് ജസ്റ്റിസിനെതിരെ നീങ്ങാന്‍ ചിലര്‍ തന്നെ സമീപിച്ചെന്ന് അവകാശപ്പെട്ട അഭിഭാഷകന്‍ ഉത്സവ്‌സിംഗ് ഇന്ന് കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഉത്സവ് സിംഗിന് പ്രത്യേക അവകാശമില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ ബോധിപ്പിച്ചു.

കോര്‍പ്പറേറ്റ് വമ്പന്‍ ഉള്‍പ്പെട്ട വന്‍സംഘമാണു ലൈംഗിക പീഡന ആരോപണത്തിനു പിന്നിലെന്നാണ് അഭിഭാഷകന്‍ ഉത്സവ് വെളിപ്പെടുത്തിയത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.