Connect with us

Ongoing News

ലെനിൻ ഗ്രാഡിലെ ചുവന്ന പ്രതീക്ഷകൾ

Published

|

Last Updated

പാറ്റ്‌ന: വോട്ടെടുപ്പ് നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിന്റെ സവിശേഷ ശ്രദ്ധ പതിയുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബിഹാറിലെ ബെഗുസരായി. ജെ എൻ യു വിദ്യാർഥി യൂനിയൻ മുൻ നേതാവ് കനയ്യ കുമാർ സ്ഥാനാർഥിയായതോടെയാണ് ബി ജെ പിയുടെ സിറ്റിംഗ് സീറ്റിൽ അസാധാരണ മത്സരത്തിന് വേദിയാകുന്നത്.
ഇടത് രാഷ്ട്രീയത്തിന് വേരോട്ടമുള്ള മണ്ഡലത്തിൽ സി പി ഐ സ്ഥാനാർഥിയായാണ് കനയ്യ മത്സരിക്കുന്നത്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് സിറ്റിംഗ് മണ്ഡലം വിട്ട് ബെഗുസരായിയിലെത്തി ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നു. ആർ ജെ ഡി സ്ഥാനാർഥിയായി മറ്റൊരു ജെ എൻ യു പൂർവ വിദ്യാർഥിയായ തൻവീർ ഹസൻ രണ്ടാം വട്ടവും മണ്ഡലത്തിൽ പോരിനിറങ്ങിയതോടെ ബെഗുസരായിയിൽ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്.

കനയ്യ കുമാറിന് ഇത് കന്നി മത്സരമാണ്. ബെഗുസരായി ബ്ലോക്കിൽ ഉൾപ്പെടുന്ന ബീഹത് പഞ്ചായത്ത് സ്വദേശിയാണ് ഈ മുപ്പത്തിരണ്ടുകാരൻ. പുതുമുഖത്തിന്റെ അങ്കലാപ്പുകൾ ഏതുമില്ലാതെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാൻ കനയ്യക്ക് ഒട്ടും താമസം വേണ്ടിവന്നില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എൻ ഡി എ സർക്കാറിന്റെയും ശക്തരായ വിമർശകരിൽ പ്രധാനിയാണ് കനയ്യ കുമാർ. രാജ്യത്തിന്റെ പല കോണുകളിൽ നിന്ന് ഉയർന്നുവന്ന ഇത്തരം വിമർശനങ്ങൾ തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ ഇത്രത്തോളം പ്രാധാന്യമുള്ളതാക്കി മാറ്റുന്നതും.

“പാക്കിസ്ഥാനിലേക്ക് പോകൂ”- എന്ന് നിരന്തരം വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ ഗിരിരാജ് സിംഗിനെയാണ് കനയ്യയെ നേരിടാൻ ബി ജെ പി ഇറക്കിയിരിക്കുന്നത്. പക്ഷേ, കനയ്യയെ കുറിച്ച് ഒരക്ഷരം എവിടെയും സംസാരിച്ച് പോകരുത് എന്നാണ് ഗിരിരാജിന് ബി ജെ പി നൽകിയ കർശന നിർദേശം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നവോഡയിൽ ജയിച്ച ഗിരിരാജിനെ ഇത്തവണ ബെഗുസരായിയിലേക്ക് മാറ്റിയത് ശക്തമായ പോരാട്ടത്തിന് തന്നെയാണ്. ബി ജെ പി വിമർകരോട് “പാക്കിസ്ഥാനിലേക്ക് പോകൂ” എന്ന് ആജ്ഞാപിക്കുന്നയാളാണ് “രാജ്യദ്രോഹക്കുറ്റം” ചുമത്തപ്പെട്ട കനയ്യയെ നേരിടാൻ എന്തുകൊണ്ടും “യോഗ്യൻ”. എന്നാൽ, പ്രചാരണ യോഗങ്ങളിലൊന്നും കനയ്യയെ അക്കാര്യം പറഞ്ഞ് വിമർശിക്കാതിരിക്കാൻ ബി ജെ പിയും ഘടകകക്ഷികളും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. “ഗിരിരാജിന് എതിരാളി ഗിരിരാജ് മാത്ര”മാണെന്നാണ് ഇപ്പോൾ അവരുടെ പ്രചാരണം. മറ്റ് സ്ഥാനാർഥികളെ കുറിച്ച് അവർ മിണ്ടുന്നേയില്ല.

തദ്ദേശീയനായ കനയ്യക്ക് നേരെ ദേശവിരുദ്ധത ആരോപിച്ച് പ്രചാരണത്തിനിറങ്ങിയാൽ വിരുദ്ധ ഫലമുണ്ടാകുമെന്നാണ് മോദിയും അമിത് ഷായും സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഗിരിരാജ് സിംഗിനെ വലിയ വികസന നായകനായി കൊണ്ടുനടക്കാനാണ് ഇപ്പോൾ ശ്രമം.
ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് ആണെങ്കിലും ട്രേഡ് യൂനിയൻ സമര പാരമ്പര്യമുള്ള ബെഗുസരായിയിൽ ഇത്തവണ ചെങ്കൊടി പാറാൻ സാധ്യതയേറെയാണ്. ആർ ജെ ഡി സ്ഥാനാർഥിയായി തൻവീർ ഹസൻ എത്തുന്നു എന്നതാണ് ഇതിന് ചെറിയൊരു പ്രതിരോധം തീർക്കുന്നത്. 1967ൽ ഈ മണ്ഡലത്തിൽ നിന്ന് സി പി ഐ പ്രതിനിധി പാർലിമെന്റിൽ എത്തിയിട്ടുണ്ട്. “ബിഹാറിന്റെ ലെനിൻഗ്രാഡ്” എന്നറിയപ്പെടുന്ന ഈ മണ്ഡലത്തിൽ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയിൽ കാര്യമായ ഇളക്കം സംഭവിക്കുകയും ചെയ്തു.

അഞ്ച് ദശാബ്ദക്കാലം മുമ്പത്തെ ചുവപ്പ് വീണ്ടെടുക്കുകയാണ് കനയ്യയെ സ്ഥാനാർഥിയാക്കിയതിലൂടെ സി പി ഐ ലക്ഷ്യമിടുന്നത്.

കനയ്യയുടെ വിജയത്തിന് ബുദ്ധിജീവികളുടെയും കലാ-സാംസ്‌കാരിക പ്രവർത്തകരുടെയും ദേശീയ രാഷ്ട്രീയ നേതാക്കളുടെയും വലിയ നിരതന്നെ പ്രചാരണത്തിനായി എത്തുന്നുണ്ട്. സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ ബെഗുസരായിയിൽ റാലികളിൽ പങ്കെടുത്തു. തെന്നിന്ത്യൻ സിനിമാ താരവും സ്ഥാനാർഥിയുമായ പ്രകാശ് രാജ് ഇതിനകം തന്നെ കനയ്യക്ക് വേണ്ടി മണ്ഡലത്തിൽ സംസാരിച്ചു കഴിഞ്ഞു. ബോളിവുഡ് തിരക്കഥാകൃത്ത് ജാവേദ് അക്തർ, ഭാര്യയും നടിയുമായ ശബാനാ അസ്മി, എ എ പി നേതാവ് അരവിന്ദ് കെജ്്രിവാൾ തുടങ്ങിയവർ വരും ദിവസങ്ങളിലെത്തും.

സമുദായമാണ് മണ്ഡലത്തിലെ മറ്റൊരു നിർണായക ഘടകം. ഗിരിരാജ് സിംഗും കനയ്യ കുമാറും ഒരേ സമുദായത്തിൽ നിന്നുള്ളവരാണ്- ഭൂമിഹാർ. സമുദായം ആരെ തുണക്കും എന്നത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പ്. 19 ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ 4.5 ലക്ഷത്തോളം ആളുകൾ ഈ സമുദായത്തിൽ നിന്നുള്ളവരാണ്. പിന്നെയുള്ളത് മുസ്‌ലിം, യാദവ വോട്ടുകളാണ്. ഇത് ആരെ തുണക്കും എന്നതും കണ്ടറിയണം. മഹാസഖ്യ സ്ഥാനാർഥിയായ തൻവീർ ഹസന് ഈ വോട്ടുകളും നിഷ്പക്ഷ ഹിന്ദു വോട്ടുകളും സമാഹരിക്കാൻ കഴിഞ്ഞാൽ തിരിച്ചടിയാകുക കനയ്യക്കായിരിക്കും.