Connect with us

Kerala

ബി ജെ പി, ആർ എസ് എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

|

Last Updated

അമ്പലപ്പുഴ: തിരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ 16 ബി ജെ പി, ആർ എസ് എസ് പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.

സി പി എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം കരുമാടി പതിനഞ്ചിൽ ചിറയിൽ ജോഷ്വാ ജോണിന്റെ മകൻ ജൻസൺ ജോഷ്വാ (33), കരുമാടി വൈ എം എ ബ്രാഞ്ച് അംഗം പുറക്കാട് കുട്ടായി വാവച്ചിറയിൽ പ്രഭുകുമാറിന്റെ മകൻ പ്രജോഷ് കുമാർ (30) എന്നിവരെ വടിവാൾ കൊണ്ട് വെട്ടിയും ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചും പരുക്കേൽപ്പിച്ച സംഭവത്തിലാണ് അമ്പലപ്പുഴ പോലീസ് 307 വകുപ്പ് പ്രകാരം കേസെടുത്തത്.

അക്രമം നടന്ന കരുമാടി ഞൊണ്ടിമുക്കിലെ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കി ബൈക്കിൽ പെട്രോളടിക്കുന്നതിനായി പമ്പിലേക്ക് പോകുന്നതിനിടെയാണ് രാത്രി 9.30 ഓടെ ബൈക്കുകളിലെത്തിയവർ ഇരുവരെയും ക്രൂരമായി അക്രമിച്ചത്. ജൻസണും പ്രജോഷും സഞ്ചരിച്ചിരുന്ന ബൈക്കിൽ അക്രമികൾ സഞ്ചരിച്ചിരുന്ന ബൈക്കു കൊണ്ടിടിച്ച് വീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 16 പ്രതികളാണുള്ളതെന്ന് പോലീസ് പറഞ്ഞു.

പ്രതികൾ സഞ്ചരിച്ചതായി കരുതുന്ന ഒരു ബൈക്കും ഇതിന്റെ ഉടമയേയും പോലീസ് ബുധനാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തു. കരുതിക്കൂട്ടിയുള്ള ക്രൂരമായ ആക്രമണത്തിലൂടെ ഇരുവരെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യമാണ് പ്രതികൾക്കുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ കഴിയുന്ന ജോഷ്വായെയും പ്രജോഷ് കുമാറിനെയും മന്ത്രി ജി സുധാകരൻ, എൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫ് സന്ദർശിച്ചു.

Latest