Connect with us

Kerala

പണിമുടക്കിയത് 840 വി വി പാറ്റ് യന്ത്രങ്ങൾ; 397 ബാലറ്റ് യൂനിറ്റുകളും കേടായി

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിച്ച വി വി പാറ്റ് മെഷീനുകളിൽ 840 എണ്ണം തകരാറിലായി. 397 ബാലറ്റ് യൂനിറ്റുകൾക്കും 338 കൺട്രോൾ യൂനിറ്റുകൾക്കും തകരാർ കണ്ടെത്തി. മോക്‌പോളിംഗ് വേളയിലും അതിന് ശേഷവും മെഷീനുകൾക്ക് കേടുപറ്റി. എന്നാൽ, വോട്ടിംഗ് മെഷീനുകളുടെയും വി വിപാറ്റുകളുടെയും സാങ്കേതിക തകരാർ നിരക്ക് കേരളത്തിൽ അഖിലേന്ത്യാ അടിസ്ഥാനത്തേക്കാൾ കുറവാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണ പറഞ്ഞു.

38,003 ബാലറ്റ് യൂനിറ്റുകളും 32,579 കൺട്രോൾ യൂനിറ്റുകളിൽ 35,665 വി വി പാറ്റുകളുമാണ് സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നത്. വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടായത് സംബന്ധിച്ചുള്ള പരാതികൾ മുഖവിലക്ക് എടുക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള വിമർശനങ്ങൾ ആ രീതിയിൽ ഉൾക്കൊള്ളും. കുറ്റമറ്റതാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയായിരുന്നു. വോട്ടിംഗ് യന്ത്രങ്ങൾ 100 ശതമാനം കുറ്റമറ്റതായിരുന്നുവെന്ന അവകാശവാദം ഇല്ല. മറ്റ് സംസ്ഥാനങ്ങളിൽ നടന്ന വോട്ടെടുപ്പിൽ യന്ത്രങ്ങൾക്ക് സംഭവിച്ച തകരാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലുണ്ടായത് ചെറിയ പ്രശ്‌നങ്ങളാണ്.
പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് യന്ത്രങ്ങൾക്ക് തകരാർ സംഭവിക്കാനുണ്ടായ കാരണം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. വോട്ടിംഗ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനായി നിരവധി തവണ പരിശീലനം നൽകിയിരുന്നു. അപ്പോഴെല്ലാം തെറ്റുകൾ എത്രമാത്രം കുറക്കാമെന്നാണ് പരിശോധിച്ചത്.

ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിയുടെ ചിഹ്നത്തിൽ വോട്ട് വീഴുന്നുവെന്ന പരാതികൾ ചിലയിടങ്ങളിൽ ഉണ്ടായി. എന്നാൽ, പരാതി തെളിയിക്കാൻ കഴിയാതിരുന്നതിനാൽ അവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പാർലിമെന്റിൽ പാസാക്കിയ നിയമം അനുസരിച്ചാണ് ഇത്തരം പരാതികളിൽ കേസെടുത്തത്. കേസെടുത്ത് ജനങ്ങളെ പേടിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്ദേശ്യമില്ല. അനാവശ്യ പരാതികൾ ഉന്നയിച്ച് പോളിംഗ് സമയം വൈകിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തേ തന്നെ രാഷ്‍ട്രീയ കക്ഷി നേതാക്കളെയും പൊതുജനങ്ങളെയും അറിയിച്ചിരുന്നതാണ്.
10 പേർ പരാതി ഉന്നയിച്ചാൽ പോളിംഗ് ഒരു മണിക്കൂർ വൈകും. ഈ സാഹചര്യത്തിലാണ് ചിലയിടങ്ങളിൽ കേസ് എടുക്കേണ്ടി വന്നത്. പരാതി ഉന്നയിച്ചവർക്കെതിരെ കേസെടുക്കുന്ന നിയമം ഉദാത്തമാണെന്ന അഭിപ്രായം തനിക്കില്ല. പക്ഷെ, പാർലിമെന്റിൽ പാസാക്കിയ നിയമം നടപ്പാക്കുകയാണ് കമ്മീഷന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് 64,000 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ 58,000 പരാതികൾ സത്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest