Connect with us

National

എന്‍ഡി തിവാരിയുടെ മകനെ കൊലപ്പെടുത്തിയത് ഭാര്യ; കുറ്റം സമ്മതിച്ചു; ഒടുവില്‍ അറസ്റ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ റോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഭാര്യയെന്ന് തെളിഞ്ഞു. മൂന്ന് ദിവസം തുടര്‍ച്ചയായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേതുടര്‍ന്ന് റോഹിത്തിന്റെ ഭാര്യ അപൂര്‍വ ശുക്ല (40) യെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് അപൂര്‍വയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്വാസം മുട്ടിച്ച ശേഷം തലയിണ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അഭിഭാഷകയായ അപൂര്‍വയെ പോലീസ് തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അപൂര്‍വ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞ. ദാമ്പത്യ ജീവിതത്തില്‍ താന്‍ തൃപ്തയായിരുന്നില്ലെന്നും തന്റെ എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നുവെന്നും അപൂര്‍വ പോലീസിനോട് പറഞ്ഞു.

അപൂർവ

രോഹിത് കൊല്ലപ്പെട്ട അന്ന് രാത്രി ഇരുവരും തമ്മില്‍ വഴക്കിട്ടു. വഴക്ക് രൂക്ഷമായതോടെ അപൂര്‍വ രോഹിത്തിന് മേല്‍ ചാടിവീഴുകയും ശ്വാസംമുട്ടിച്ച ശേഷം തലയിണ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. മദ്യപിച്ചിരുന്നതിനാല്‍ രോഹിത്തിന് ആക്രമണത്തെ ചെറുക്കാനായില്ല. കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ എല്ലാം അപൂര്‍വ നശിപ്പിച്ചു. വെറും ഒന്നര മണിക്കൂര്‍ കൊണ്ടാണ് എല്ലാം നടന്നതെന്നും അവള്‍ പോലീസിനോട് പറഞ്ഞു.

കൊല്ലപ്പെടുന്നതിന് തലേന്നാണ് രോഹിത്തും മാതാവ് ഉജ്വലയും മറ്റൊരു ബന്ധുവും വീട്ടില്‍ തിരിച്ചെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി കത്‌ഗോഡാമിലേക്ക് പോയതായിരുന്നു ഇവര്‍. തിരിച്ചുവരുമ്പോള്‍ മൂക്കറ്റം മദ്യപിച്ച നിലയിലായിരുന്നു രോഹിത്. അതുകൊണ്ട് തന്നെ രോഹിത്തിനെ പിറ്റേന്ന് വിളിച്ചുണര്‍ത്താന്‍ ആരും ശ്രമിച്ചില്ല. വൈകീട്ട് നാല് മണിക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ചിലരാണ് രോഹിത് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് രോഹിത്തിന്റെ മാതാവിനെ വിവരമറിയിക്കുകയും അവര്‍ ആംബുലന്‍സുമായി വന്ന് രോഹിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. ഈ സമയം അപൂര്‍വയും അവളുടെ ബന്ധുവും വീട്ടുവേലക്കാരിയും വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.