Connect with us

International

കൊളംബോ സ്‌ഫോടനം: ചാവേറെന്ന് സംശയിക്കുന്നയാള്‍ ചര്‍ച്ചില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

കൊളംബോ: ശ്രീലങ്കയിലെ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ സ്‌ഫോടനമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ചാവേറെന്ന് കരുതുന്നയാള്‍ ചര്‍ച്ചില്‍ പ്രവേശിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള ലങ്കന്‍ ചാനലുകള്‍ പുറത്തുവിട്ടു. ബാക്പാക് ധരിച്ച് ഒരാള്‍ ചര്‍ച്ചിലേക്ക് നടന്നുവരുന്നതും ചര്‍ച്ചില്‍ പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ ചര്‍ച്ചില്‍ പ്രവേശിച്ച ഉടനെയായിരുന്നു സ്‌ഫോടനം.

ചര്‍ച്ചിന് പുറത്തെ റോഡില്‍ നിന്ന് ഇയാള്‍ നടന്നുവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇളം നീല നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. ഈ സമയം ചര്‍ച്ചിന് പുറത്ത് നിരവധി പേര്‍ കൂടിനില്‍ക്കുന്നുണ്ടായിരുന്നു. വരുന്നതിനിടെ തന്റെ മുന്നിലൂടെ, പിതാവിന്റെയോ മറ്റോ കൈപിടിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ ഇയാള്‍ തലോടുന്നത് കാണാം. തുടര്‍ന്ന് ഭാവഭേദങ്ങള്‍ ഏതുമില്ലാതെ ഇയാള്‍ മുന്‍വാതിലിലൂടെ ചര്‍ച്ചില്‍ പ്രവേശിക്കുന്നുണ്ട്. ഇത് കഴിഞ്ഞ് സെക്കന്റുകള്‍ക്കകം തന്നെ സഫോടനവും നടന്നു.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് വലിയ ബാഗ് തൂക്കി ഒരാള്‍ ചര്‍ച്ചില്‍ പ്രവേശിക്കുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞിരുന്നു. 30 വയസ്സ് തോന്നിക്കുന്ന ഒരു യുവാവാണ് അയാളെുന്നും തികച്ചും ശാന്തനായാണ് അയാള്‍ വന്നതെന്നും ദിലീപ് ഫെര്‍ണാണ്ടോ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തിലാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്. നൂറിലധികം മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. മരിച്ചവരില്‍ 27 കുട്ടികളും ഉള്‍പ്പെടും. ഇവിടെ കൂടാതെ മറ്റു ഏഴിടങ്ങളിലും സ്‌ഫോടനം നടന്നിരുന്നു. മുന്നൂറില്‍ അധികം ആളുകളാണ് ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

Latest