Connect with us

Ongoing News

കാലം കാത്തുവെക്കും നീതി

Published

|

Last Updated

ഇക്കഴിഞ്ഞയാഴ്ച ചേർന്നൊരു സതീർഥ്യ സംഗമത്തിൽ ഒരതിശയം എന്നെയാകെ കുലുക്കി മറിച്ചു! പത്ത് പതിനഞ്ച് കൊല്ലം മുമ്പ് മാത്രം കൂടെപ്പഠിച്ച കുറെ കൗമാര സുഹൃത്തുക്കൾ നന്നായി നര കേറി വാർധക്യത്തിലേക്ക് വീണിരിക്കുന്നു. ആദ്യം കരുതി, ഇത് ഒന്നുരണ്ടാൾക്ക് മാത്രം ഉണ്ടായ അകാലനരയോ മറ്റോ ആയിരിക്കുമെന്ന്. പിന്നെപ്പിന്നെ കാണുന്ന സകലരുടെയും ഒരു ഭാഗത്തല്ലെങ്കിൽ മറ്റൊരു ഭാഗത്ത് നരപിടിച്ചു തുടങ്ങിയിരിക്കുന്നു.

ഇരുപത്തിയഞ്ചോ ഇരുപത്തിമൂന്നോ മാത്രം വയസ്സുള്ള എനിക്ക് ആ മുൻകാല സഹപാഠികളെ കണ്ടപ്പോൾ സാഡിസ്റ്റ് ചുവയുള്ള ഒരു ചിരിയാണ് വന്നത്. അവരെ എന്റെ സഹപാഠികൾ എന്ന് പരിചയപ്പെടുത്തുന്നതിൽ പോലും എനിക്ക് അറപ്പായിത്തോന്നി. നരകയറിയ വയസ്സന്മാർ, ഭേ…!
അങ്ങനെ വയസ്സന്മാർക്കിടയിലെ ചെഞ്ചോര യുവാവായി സ്വയം ലങ്കിവിളങ്കി ഹാളിനകത്തും പുറത്തുമായി ചുറ്റി നടക്കവേ ഒരു പഴയ സുഹൃത്ത് എന്നെ നോക്കി ഒരു പച്ചക്കള്ളം പറഞ്ഞു. എന്റെ മനസ്സിന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത പെരുങ്കള്ളം പറഞ്ഞ ആ കുശുമ്പനെ എനിക്ക് നടുറോഡിലിട്ട് തച്ചുചതക്കാൻ തോന്നി.
“ഓ നിനക്കും നരച്ചു തുടങ്ങി, അല്ലേ!!!

കള്ളൻ! ക്രൂരൻ!! കണ്ണുപൊട്ടൻ!!! ഞാനവനെ ഒരുപാട് പ്രാകിപ്പറഞ്ഞു. പക്ഷേ വീട്ടിൽ ചെന്ന് കണ്ണടയും കണ്ണാടിയും വെച്ച് സൂക്ഷിച്ചു നോക്കിയപ്പോൾ വലതു മീശയിലെ നാലും ഇടതു മീശയിലെ മൂന്നും രോമങ്ങൾ ഞാൻ പോലുമറിയാതെ ചതിനരക്ക് കൂട്ടുനിന്ന് എന്നെ വഞ്ചിച്ചിരിക്കുന്നു. ബൂസ്വീരി ഇമാമിന്റെ ക്ഷണിക്കാത്ത അതിഥികൾ ഇതാ എന്റെ മൂക്കിന് ചോടെ നെഗളിച്ചിരിക്കുന്നു. ഉടൻ എനിക്ക് അരിശത്താലുറഞ്ഞ ഒരാശയം തോന്നി. ഞാനുടൻ മേശ വലിച്ചൂരി കത്രിക പുറത്തെടുത്തു. അതിന്റെ കൊക്കറ്റങ്ങൾ കൂർപ്പിച്ചെടുത്ത് അധിനിവേശ വെള്ളക്കാരെ മുരടോടെ മുറിച്ചിടാൻ ഓങ്ങിയതും അങ്ങനെ ചെയ്യുന്നത് അരുതാത്തതാണല്ലോ എന്ന കർമശാസ്ത്രപാഠം എന്നെ വിലക്കി.

കാലമെന്ത് പോക്കാണപ്പാ ഈ പോകുന്നത്? കുതിരക്ക് കടിഞ്ഞാണും കപ്പലിന് നങ്കൂരവും വണ്ടിക്ക് ബ്രേക്കും കണ്ടുപിടിച്ച നമുക്കെന്താ ഈ കാലത്തിന്റെ പോക്ക് തടുക്കാൻ കഴിയാതെ പോകുന്നത്? ആളില്ലാ വിമാനവും റോബോട്ടും കമ്പ്യൂട്ടറും സ്‌കാനറും റഡാറും കണ്ടുപിടിച്ച നാമെന്താ കാലത്തിന്റെ കാലിൽ കുരുക്കാവുന്ന ഒരു ചങ്ങല കണ്ടുപിടിക്കാത്തത്. അതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്തത്.

ഒരു കാലത്ത് പ്രായമേറുന്നതായിരുന്നു ഇഷ്ടം. “നൈൻത്, നൈൻത്” എന്ന് പറഞ്ഞ് പുളിച്ച്, “എസ്സെസ്സൽസി” എന്നൊന്ന് പറയുന്ന കാലം വരണേ ഉടയവനേ എന്ന് പ്രാർഥിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തൊക്കെ “ഡിഗ്രിക്ക് പഠിക്കുന്നു” എന്ന് പറയുന്ന കാലം വരാൻ മോഹിച്ചു നടന്നു. അതു വന്നപ്പോൾ “പി ജി ചെയ്യുന്നു” എന്നെപ്പോൾ പറയാനാകും എന്ന ആധിയിൽ കാലത്തെ പിന്നോട്ട് ചവിട്ടിത്തള്ളിക്കൊണ്ടേയിരുന്നു. ഇപ്പോൾ തോന്നുന്നു; കാലം തൂങ്ങിയുറങ്ങുമ്പോൾ പതുക്കെ ചെന്ന് വായും മൂക്കും പൊത്തി ഞെക്കിക്കൊന്ന് കാലാതീതമായ കാലത്തിൽ ജീവിക്കണമെന്ന്. എന്തെന്ത് മറിമായങ്ങളാണപ്പാ ഇതെല്ലാം. വേഗം വലുതായി, പെണ്ണുകെട്ടി, ഭാര്യാവീട്ടിൽ സൽക്കാരത്തിന് ചെന്ന് മുട്ടമാലയും തരിമണ്ടയും അണ്ണികുഴയേ അടിച്ചുമാറുന്നത് സ്വപ്‌നം കണ്ട അവിവേകത്തിന്റെ കൗമാരകാലമേ, നിന്നെ എന്റെ ഈ കൈകളിൽ തിരികെ കിട്ടിയെങ്കിൽ…!

ബെർണാർഡ് ഷായുടെ ആംസ് ആൻഡ് ദി മാൻ എന്ന നാടകത്തിൽ, എല്ലാ വലിയവരിലും ഒരു നാണം കുണുങ്ങി കുട്ടി (shy child) ഉറങ്ങുന്നുണ്ടെന്ന് പറയുന്നുണ്ട്. നമ്മളെത്ര വലുതായാലും വണ്ണം വെക്കാൻ നാണം കാണിക്കുന്ന ആ കുഞ്ഞ് പലപ്പോഴായി പുറത്തേക്കുവരും. നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഉത്തരവാദപ്പെട്ട സീറ്റിലിരിക്കുമ്പോൾ നാം അതീവ ഗൗരവക്കാരാകുന്നു. എന്നാൽ അലൂംനെ മീറ്റിൽ മധ്യവയസ്‌കർ ഒത്തു ചേരുമ്പോൾ പരസ്പരം തോണ്ടുകയും കിളുമ്പുകയും ചെയ്യുന്നു. നാം അത്യാദരവോടെ കാണുന്ന നമ്മുടെ ഗുരുനാഥന്മാരും അവരുടെ ചങ്ങാതിമാരെ കണ്ടുമുട്ടുമ്പോൾ ഇമ്മട്ടിൽ തോണ്ടിമാന്തി ഉള്ളിലെ കുട്ടിയെ പുറത്തെടുത്ത് ഉറഞ്ഞുകുറുകിയ കാലത്തെ ഉരുക്കിക്കളയുന്നുണ്ടാവുമോ? ആവോ, ആ…

ഇന്ന് നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെതാണ്. കാലമാകുന്ന സ്‌കെയിൽ നമ്മളെ രണ്ടറ്റത്ത് വടിച്ചളന്ന് ഉഴിഞ്ഞിട്ടിരിക്കുന്നു. അവർ എവിടെ പോകണമെന്നും എന്തെടുക്കണമെന്നും എന്തുടുക്കണമെന്നും എന്ത് കഴിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് നാമാണ്. അത് കാലം ഇവ്വിധം നമുക്ക് നിന്നു തരുന്നത് കൊണ്ടാണ്. ഓർത്തോ, ഓർത്തുകളിച്ചോ, ഈ കാലം കാലുമാറും. നാം കൂന്ന് തൂങ്ങി ഇരിക്കുന്ന കാലത്ത് മക്കൾ നമ്മളെ കൂട്ടാതെ ഓരോയിടത്ത് പോവാനും അവർ അവരുടെ ഇണകളോടൊത്ത് ഓരോ കാര്യം ഒപ്പിച്ചെടുക്കുവാനും വേണ്ടി അവർ തമ്മിൽ തമ്മിൽ കണ്ണുകാട്ടി ആശയം കൈമാറുകയും നമ്മളെ മറ്റൊന്ന് ധരിപ്പിച്ച് വീട്ടിൽ തന്നെ ഇരുത്തുകയും ചെയ്യും. ഇതൊക്കെയോർക്കുമ്പോൾ ഇപ്പോൾ മുന്നിൽ നിൽക്കുന്ന കാലത്തിന്റെ നെഞ്ചിടിച്ച് കലക്കാൻ കൈ പൊങ്ങുന്നു. ഇന്ന് താരമായി, മർമമായി, അവസാന വാക്കായി ഞെളിയുന്ന നമ്മെ കാലം ആർക്കും വേണ്ടാത്ത ഡിസ്‌പോസിബ്ൾ വാർധക്യങ്ങളായി മാറ്റിമറിക്കുമല്ലോ എന്നോർക്കുമ്പോൾ കാലത്തെ കല്ലുമുള്ളുകൾ കുത്തിനിറച്ച കള്ളക്കുഴിയിൽ ചാടിച്ച് കാലൊടിച്ച് കിടത്താൻ ആശ തോന്നുന്നില്ല.

കാലത്തെ പലരും എഴുതിപ്പിടിപ്പിക്കാൻ നോക്കിയിട്ടുണ്ട്. അത്തരം എഴുത്തുകളെ കുറിച്ചുള്ള ഒരന്വേഷണത്തിന്റെ ഒടുവിലാണ് ഞാൻ എം ടിയുടെ “കാലം” വായിച്ചത്. എം ടിയെ കുറിച്ചുള്ള എല്ലാ മതിപ്പും അതോടെ ആവിയായി എന്നു പറയുന്നതിനെക്കാൾ, എം ടി ഒരു നല്ല കഥാകാരനും ചീത്ത പേരിടൽകാരനുമാണെന്ന് അതോടെ തിരിച്ചറിവുണ്ടായി എന്ന് പറയലാണ് ഉത്തമം. ഞാൻ പല മലയാളി പണ്ഡിറ്റുകളോടും അതേക്കുറിച്ച് ചോദിച്ചറിഞ്ഞു. അവരൊക്കെ ഒച്ചിന്റെ വഴുക്ക് ശരീരത്തിൽ പിടിച്ചതുപോലുള്ള ചില മലയാള പദാവലികൾ അനാത്മാർഥമായി പറഞ്ഞു എന്നല്ലാതെ ചോദ്യത്തിന്റെ മർമത്തിൽ തൊട്ട് ഉത്തരം പറഞ്ഞില്ല. സേതുമാധവന്റെ കഥക്ക് എം ടിക്ക് കാലം എന്നു പേരിടാമെങ്കിൽ “അസുരവിത്തി”നും “നാലുകെട്ടി”നും “രണ്ടാമൂഴ”ത്തിനുമെല്ലാം ആ പേര് ആയിരം വട്ടം ചേരുമെന്നാർക്കാണറിഞ്ഞുകൂടാത്തത്. എന്നല്ല, എം ടിക്കപ്പുറം “ചെമ്മീനി”നും “മാമ്പഴ”ത്തിനും “വാഴക്കുല”ക്കും, എന്തിനധികം, “ആടുജീവിത”ത്തിനും “ആരാച്ചാർ”ക്കും “ആണ്ടാൾ ദേവനായകി”ക്കും മടക്കം കാലമെന്ന പേര് നന്നായി ഇണങ്ങും. സത്യത്തിൽ ഇവിടെ എം ടി തോൽക്കുകയല്ല; കാലം ജയിക്കുകയാണ്!

കാലത്തെ വിധിസ്ഥാനത്ത് നിർത്തി ഇടിവെട്ട് ശബ്ദത്തിൽ സംസാരിക്കുന്നുണ്ട് വിശുദ്ധ ഖുർആൻ. കാലത്തെക്കുറിച്ചുള്ള ഖുർആന്റെ വിധി പറച്ചിൽ താഴെ കൊടുത്ത പ്രകാരം അല്ല! “കാലമേ സത്യം. മനുഷ്യൻ വിജയത്തിലായിരിക്കുന്നു. വിശ്വസിച്ചവരും സത്കർമങ്ങൾ ചെയ്തവരും സത്യവും നന്മയും പരസ്പരം ഉപദേശിച്ചവരുമായവർ”- മറിച്ച് ഖുർആനിൽ ഉള്ളത് ഉള്ളുകുത്തിത്തുറക്കുന്ന ഋണാത്മക പ്രസ്താവനയാണ്. അതെന്തെന്നും എങ്ങനെയെന്നും വി. ഖുർആനിലെ കാലമെന്ന പേരുള്ള, കേവലം മൂന്ന് വചനങ്ങൾ മാത്രമുള്ള നൂറ്റിമൂന്നാം അധ്യായം തേടിപ്പിടിച്ച് പഠിക്കുക.

ഫൈസൽ അഹ്‌സനി ഉളിയിൽ • faisaluliyil@gmail.com

Latest