Connect with us

Travelogue

ബാസ്‌നി ഒരു പാഠപുസ്തകമാണ്‌

Published

|

Last Updated

രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഏറെ പ്രസിദ്ധമായ പ്രദേശമാണ് ബാസ്‌നി. “ചോട്ടാ യെമൻ” എന്ന വിളിപ്പേരുണ്ട് നാഗൗറിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയുള്ള ബാസ്‌നിക്ക്. കാരണം, പൂർണമായും പാരമ്പര്യ ഇസ്‌ലാമിക അന്തരീക്ഷത്തിലുള്ള ജീവിതം തന്നെ! പുരുഷന്മാർ വെളുത്ത കുർത്തയും പൈജാമയും സ്ത്രീകൾ ശരീരം മുഴുവൻ മറയുന്ന പർദയുമാണ് ധരിക്കുക. വലിയ ജോലികൾ ചെയ്യുമ്പോഴും പുരുഷന്മാർ തൊപ്പി ഒഴിവാക്കുകയില്ല. സ്ത്രീകൾ കവലയിലേക്കിറങ്ങുമ്പോഴും ശരീരം മുഴുവൻ മറയ്ക്കും. മക്ക മസ്ജിദ്, മദീന മസ്ജിദ്, ആഇശ മസ്ജിദ്, സ്വാബിരീ മസ്ജിദ് എന്നിങ്ങനെ ബാസ്‌നിയെ ചുറ്റി 13 പള്ളികൾ തലയുയർത്തി നിൽക്കുന്നു.

രാജാവിന്റെ ദുഃഖം

പൂർണമായും ഇസ്‌ലാമിക രീതിയിൽ ഇവിടെ ജനങ്ങൾ ജീവിക്കുന്നതിന്റെ പിറകിൽ ഒരു കഥയുണ്ട്. രാജസ്ഥാൻ എന്നാൽ “രാജാക്കന്മാരുടെ നാട്”. രാജസ്ഥാനിലെ പല സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചാൽ പൗരാണികതയുടെ ഗരിമ വിളിച്ച് പറയുന്ന കോട്ടകൾ കാണാം. പലതും വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നു. ഓരോ കോട്ടക്കും പിറകിൽ ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും വലിയ കഥകൾ ഉണ്ട്. ബാസ്‌നിയുടെ കഥയിലേക്ക് വരാം.

രാജ്പുത്ത് എന്ന പ്രദേശം ഭരിച്ച രാജാവ് മക്കളില്ലാതെ വിഷമിച്ചു. പല ചികിത്സകൾക്കും വിധേയനായി. അവസാനം സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീനുൽ ചിശ്തി (റ)യുടെ അടുത്തെത്തി സങ്കടം പറഞ്ഞു. ഖാജാ അവർക്ക് വേണ്ടി കൈകളുയർത്തി. രണ്ട് മക്കൾ ജനിച്ചു. രാജാവ് ഖാജയുടെ സവിധത്തിൽ വന്ന് ഇസ്‌ലാം സ്വീകരിക്കുകയും രണ്ട് മക്കളെയും സേവനത്തിനായി ഖാജക്ക് വിട്ടുനൽകുകയും ചെയ്തു. മക്കൾ ഖാജയുടെ തർബിയത്തിലായി വളർന്നു. അവർ വിലായത്തിന്റെ ഉന്നതങ്ങളിലെത്തി. തുടർന്ന് ഖാജയുടെ നിർദേശ പ്രകാരം പ്രബോധന പാതയിലേക്ക് പ്രവേശിച്ചു. ഒരാൾ എത്തിയത് ബാസ്‌നിയിലാണ്. അവിടെ വാസമുറപ്പിക്കുകയും ദീനീ പ്രബോധനം നടത്തുകയും ചെയ്തു. “ബാബാ ഡുഡു” എന്ന പേരിലാണ് മഹാന്റെ മഖ്ബറ അറിയപ്പെടുന്നത്. ബാസ്‌നി നിവാസികളുടെ ഉപ്പൂപ്പ. ഏത് പ്രശ്‌നങ്ങൾക്കും ബാസ്‌നിക്കാരുടെ അഭയമാണവിടം.

വീടുകൾ പറയുന്ന കഥ

വിശാലമായ റോഡുകളൊന്നും ഇവിടെ കാണില്ല. ബാസ്‌നിയിലെ പ്രധാന കേന്ദ്രത്തിൽ നിന്ന് പല ഗല്ലി(ഇടുങ്ങിയ വഴികൾ)കളായാണ് റോഡുകൾ വേർതിരിയുന്നത്. ഏത് സമയത്തും സജീവമായ കച്ചവടങ്ങൾ, തൂവെള്ള വസ്ത്രം ധരിച്ച് പല സംഘങ്ങളായി ഒന്നിച്ചിരുന്ന് സംസാരിക്കുന്ന വയോജനങ്ങൾ, റോഡിൽ എപ്പോഴും കളിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങൾ തുടങ്ങിയവ ബാസ്‌നിയുടെ പ്രത്യേകതയാണ്. ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ അല്ല, ഇടവിട്ട് കാണുന്ന ഉന്തുവണ്ടികളിലാണ് പച്ചക്കറികളും പഴങ്ങളും മറ്റും വിൽക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് ഹോട്ടലുകൾ സജീവമാകുക.

കേരളക്കാരുടെ പ്രധാന വരുമാനം ഗൾഫിൽ നിന്നാണെങ്കിൽ ബാസ്‌നിക്കാരുടെത് മുംബൈയിൽ നിന്നാണ്. പാരമ്പര്യമായി മുംബൈയിൽ കെട്ടിപ്പടുത്ത വ്യാപാര സ്ഥാപനങ്ങൾ അവർ ഇന്നും കാത്തു സൂക്ഷിക്കുന്നു. പ്രധാനമായും പാൽ കച്ചവടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിശ്ചിത പ്രായമെത്തിയാൽ ആൺകുട്ടികളെ മുംബൈയിലേക്ക് കച്ചവടത്തിന് അയക്കും. ഭൂരിഭാഗം പേരും സാമ്പത്തികമായി സ്വയംപര്യാപ്തരാണെങ്കിലും പണത്തിന്റെ മേന്മ കാണിക്കാൻ വീട് മോടി കൂട്ടുന്നതിലോ വാഹനങ്ങൾ മാറ്റുന്നതിലോ താത്പര്യമില്ല. ജോധ്പൂർ കല്ലുകൾ ഉപയോഗിച്ചാണ് വീടുകൾ നിർമിക്കുന്നത്. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ഇത്തരം വീടുകൾ നമ്മെ ആശ്ചര്യപ്പെടുത്തും. ഒരു വീടിനോട് ചേർന്നായിരിക്കും മറ്റൊരു വീട് നിർമിച്ചിട്ടുണ്ടാവുക. പുറമെ നിന്ന് നോക്കുമ്പോൾ ആദ്യ കാഴ്ചയിൽ സ്ഥലപരിമിതം അനുഭവപ്പെടുമെങ്കിലും വീടുകളുടെ അകത്തളങ്ങൾ വിശാലമാണ്.

നൂറ് ശതമാനവും മതകീയ ചട്ടക്കൂടിൽ നിന്നാണ് ഇവർ ജീവിതം നയിക്കുന്നത്. കള്ള് കുടിച്ച് വഴിയിൽ കിടക്കുന്നവരും കഞ്ചാവടിച്ച് സ്‌കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളൊന്നും ഇവിടെയില്ല. രാഷ്ട്രീയ അടിപിടികളും കുടുംബ മഹിമകൾ വിളിച്ചോതി തർക്കിക്കുന്നവരുമില്ല. ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളുമില്ല. എല്ലാവർക്കും ഉറുദു അറിയാമെങ്കിലും ബാസ്‌നിക്കാർ പരസ്പരം ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ഉറുദുവും ഹിന്ദിയും കലർന്ന മാർവാടി ഭാഷയാണ്. കടകളുടെ പേരുകളും പോസ്റ്ററുകളും ആ ഭാഷയിലാണ്. വനിതകളുടെയും കുടുംബിനികളുടെയും മതബോധനം ലക്ഷ്യമിട്ട് മസ്ജിദുകളിൽ നിന്ന് എല്ലാ വീടുകളിലേക്കും സ്പീക്കർ സ്ഥാപിച്ചിട്ടുണ്ട്. മുഹർറം, റബീഉൽ അവ്വൽ മാസങ്ങളെ ഇവർ ആദരവോടെ ആഘോഷിക്കുന്നു. വീടുകളും കവലകളും ഈ മാസങ്ങളിൽ വർണാഭമാകും. എല്ലാ മസ്ജിദുകളിലും പ്രത്യേക സദസ്സുകൾ സംഘടിപ്പിക്കും.

റൊട്ടിയും ഗോഷ്ത്തും
പുലാവും മീട്ടയും

കുട്ടികൾക്ക് വിവാഹ പ്രായമെത്തിയാൽ മാതാപിതാക്കൾക്ക് ആശങ്കപ്പെടേണ്ട അവസ്ഥ ഇവിടുത്തുകാർക്കില്ല. ബാസ്‌നിയിൽ നിന്ന് തന്നെയാണ് ഇണകളെ കണ്ടെത്തുക. അവരുടെ തീരുമാനമാണത്. ഒളിച്ചോട്ടമോ പ്രണയ വിവാഹമോ കേട്ടുകേൾവിയില്ല. മാതാപിതാക്കൾ സന്താനങ്ങൾക്ക് അനുയോജ്യമായ ഇണകളെ കണ്ടെത്തും. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം തുടങ്ങുന്ന രാത്രിക്കല്യാണം ഒമ്പത് മണിയോടെ അവസാനിക്കും. പിറ്റേന്ന് രാവിലെ തുടങ്ങുന്ന ചടങ്ങിൽ റൊട്ടിയും ഗോഷ്ത്തും (മട്ടൻ കറി) അടങ്ങുന്ന വിവാഹ സദ്യ വിളമ്പും. ബിരിയാണിയോട് സാദൃശ്യമുള്ള പുലാവ എന്ന വിഭവം ചില സദ്യകൾക്ക് മാത്രമേ ഉണ്ടാകൂ. മീട്ട (മധുരം) ഒഴിച്ച് കൂടാനാകാത്ത വിഭവമാണ്. രാജകീയ പ്രൗഢിയോടെയുള്ള തലപ്പാവും വിലപിടിപ്പുള്ള വസ്ത്രങ്ങളും ധരിച്ച് കുതിരപ്പുറത്താണ് വധുവിനെ തേടി വരൻ വരിക. പിറകെ ഉറുദു ഗസലുകൾ ആലപിച്ച് വരന്റെ കൂട്ടാളികളും. ഉച്ചയോടെ എല്ലാം സമാപിക്കും.

വർഷത്തിൽ നടക്കുന്ന സമൂഹ വിവാഹം എടുത്തുപറയേണ്ടതാണ്. കുറഞ്ഞ ചെലവിൽ ഒട്ടേറെ ഇണകൾ മംഗല്യ പാതയിലേക്ക് കാലെടുത്തുവെക്കുന്ന ആ സുദിനം ബാസ്‌നിക്കാരുടെ ആഘോഷദിനമാണ്. കുടുംബാന്തരീക്ഷത്തിൽ തർക്കങ്ങൾ വളരെ വിരളം. ത്വലാഖ് ചൊല്ലേണ്ടി വന്നാൽ അയാൾക്ക് അഞ്ച് വർഷത്തിന് ശേഷമേ വേറെ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളൂ. മഹല്ലിന് കീഴിലെ ജമാഅത്ത് കമ്മിറ്റികളാണ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്.

വെളിച്ചം കാണിക്കുന്ന
വിജ്ഞാന ഗേഹം

ഉത്തർ പ്രദേശിൽ അന്ത്യവിശ്രമം കൊള്ളുന്ന താജ് ദാറെ വിലായത്ത് ആരിഫ് ബില്ലാ മൗലാന സയ്യിദ് അശ്‌റഫ് സിംനാനി (റ)യുടെ നാമധേയത്തിൽ 1994ൽ സ്ഥാപിതമായ ദാറുൽ ഉലൂം ഫൈസാനെ അശ്‌റഫ് എന്ന സ്ഥാപനം ബാസ്‌നിയിൽ ദീനീ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇസ്‌ലാമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മൗലാന ഹാഫിസ് സഈദ് അശ്‌റഫിയാണ് ഈ സ്ഥാപനം കെട്ടുപ്പടുത്തത്. ബാസ്‌നി ബസാറിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെ വിശാലമായ മൈതാനത്താണ് ദാറുൽ ഉലൂം നിലകൊള്ളുന്നത്. വലിയ കെട്ടിടത്തിൽ പെൺകുട്ടികൾക്കായി വനിതകൾ തന്നെ പഠിപ്പിക്കുന്ന സ്‌കൂളുകൾ, ഹിഫ്ളുൽ ഖുർആൻ കോളജ്, സെക്കൻഡറി സ്‌കൂളുകൾ, ഇംഗ്ലീഷ് മീഡിയം തുടങ്ങിയവയുണ്ട്. രാജസ്ഥാന് പുറമെ കേരളം, ബിഹാർ, പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ, ഹരിയാന തുടങ്ങി പല സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ദാറുൽ ഉലൂമിൽ പഠനത്തിന് എത്തുന്നു. എട്ട് വർഷത്തെ പഠനം പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് “ഫൈസാനി” ബിരുദം നൽകുന്നു. ദാറുൽ ഉലൂമിനോട് ചേർന്ന് വലിയ പള്ളിയുടെയും ഹോസ്റ്റലിന്റെയും പണി ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. ചോട്ടാ യമൻ എന്ന് വിശേഷണമുള്ള ബാസ്‌നിയിൽ നിന്ന് നമുക്ക് ഒരുപാട് പാഠങ്ങളുണ്ട്.
.