Connect with us

Ongoing News

വിധിയെഴുതി; വടക്കൻ കർണാടകയിലും ഇനി കണക്കൂകൂട്ടലിന്റെ നാളുകൾ

Published

|

Last Updated

കനത്ത സുരക്ഷക്ക് നടുവിൽ വടക്കൻ കർണാടകയും വിധിയെഴുതിയതോടെ കർണാടകയിലെ 28 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. കർണാടകയിൽ ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 67.42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചിക്കോടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. 71.79 ശതമാനം. ഏറ്റവും കുറവ് റായ്ച്ചൂരിലാണ്. 53.30 ശതമാനം. ബെൽഗാവി- 63.02, ബെഗൽകോട്ട്- 68.63, ബിജാപൂർ- 60.28, കൽബുർഗി-56.24, ബിദാർ- 60.51, കൊപ്പാൾ- 67.00, ബെല്ലാരി- 64.94, ഹാവേരി- 70.02, ദാർവാഡ്- 66.35, ഉത്തര കന്നഡ- 70.46, ദാവൻഗരെ- 58.90, ശിവമൊഗ- 70.04 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

പതിനായിരത്തോളം പോലീസുകാരും സി ആർ പി എഫ് ജവാന്മാരുമാണ് സുരക്ഷ ഒരുക്കിയത്. പ്രശ്‌നബാധിത ബൂത്തുകളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ശിവമൊഗ, ഉത്തര കന്നഡ, ധാർവാഡ്, കൽബുർഗി എന്നിവിടങ്ങളിലാണ് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നത്. പലയിടങ്ങളിലും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പിനെ ബാധിച്ചു. വടക്കൻ കർണാടകയിലെ മണ്ഡലങ്ങളിൽ വിധി നിർണയിക്കുന്നതിൽ ലിംഗായത്ത് വോട്ടുകൾ നിർണായകമാകും. ഗോവയുമായുള്ള മെഹദായി നദീജല തർക്കം, ലിംഗായത്തിന് പ്രത്യേക മതപദവി നൽകൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു ഇവിടങ്ങളിലെ പ്രചാരണം.

കൽബുർഗി, റായ്ച്ചൂർ, ചിക്കോടി, ശിവമൊഗ, ദാവൻകരെ, ഉത്തര കന്നഡ, ധാർവാഡ്, ബെല്ലാരി, ഹാവേരി, കൊപ്പാൽ, ബിദാർ, വിജയപുര, ബാഗൽകോട്ട്, ബെൽഗാവി എന്നീ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഇതോടെ സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയായി. ആദ്യഘട്ടത്തിൽ ദക്ഷിണ കന്നഡ, ഉഡുപ്പി- ചിക്കമംഗളൂരു, ഹാസൻ, ചിത്രദുർഗ, തുമക്കൂരു, മാണ്ഡ്യ, മൈസൂരു- കുടക്, ചാമരാജ് നഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു സൗത്ത്, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ചിക്കബെല്ലാപുര, കോലാർ എന്നീ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് മാണ്ഡ്യയിലായിരുന്നു. ഇവിടെ 80.23 ശതമാനം പോളിംഗാണ് നടന്നത്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുന ഖാർഗെ, ഈശ്വർ ഖാൺഡ്രെ, ബി വൈ രാഘവേന്ദ്ര, അനന്ത്കുമാർ ഹെഗ്‌ഡെ, മധു ബംഗാരപ്പ, വി എസ് ഉഗ്രപ്പ, പ്രഹ്ലാദ് ജോഷി തുടങ്ങിയവരാണ് ഇന്നലെ ജനവിധി തേടിയ പ്രമുഖർ. 14 മണ്ഡലങ്ങളിലായി 237 സ്ഥാനാർഥികളാണ് മത്സര ഗോദയിലുള്ളത്. ഇവരിൽ ബെൽഗാവി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. 57 പേർ. റായ്ച്ചൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ. അഞ്ച് പേരാണ് ഇവിടെ മത്സരിക്കുന്നത്.
28,022 പോളിംഗ് ബൂത്തുകളാണ് രണ്ടാംഘട്ട വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. കോൺഗ്രസും ജനതാദൾ- എസും ഒറ്റക്കെട്ടായി വടക്കൻ കർണാടകയിലെ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. സഖ്യമായി മത്സരിച്ചതിലൂടെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനോടൊപ്പം ബി ജെ പിയുടെ അഞ്ചോ ആറോ മണ്ഡലങ്ങളിലും അട്ടിമറി ജയം നേടാൻ കഴിയുമെന്നാണ് കോൺഗ്രസ്- ജെ ഡി എസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, തങ്ങളുടെ സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാതെ, പരമാവധി സീറ്റുകളിൽ ജയിച്ചുകയറുക എന്നതാണ് ബി ജെ പി ലക്ഷ്യമിടുന്നത്. മല്ലികാർജുൻ ഖാർഗെ ജനവിധി തേടുന്ന കൽബുർഗിയാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ശ്രദ്ധേയ മണ്ഡലങ്ങളിലൊന്ന്.

Latest