Connect with us

Ongoing News

എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍

Published

|

Last Updated

1926ല്‍ സ്ഥാപിതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി ഒരു ബഹുജന സംഘടന ആവശ്യമാണെന്ന ചിന്തയും ചര്‍ച്ചയും സജീവമായി. 1954 ഏപ്രില്‍ 24, 25 തീയതികളില്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ വെച്ചു നടത്താന്‍ തീരുമാനിച്ച സമസ്തയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഈ ചര്‍ച്ചക്ക് ചൂടുപിടിച്ചു. അങ്ങനെ കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ ഓഫീസില്‍ വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം(എസ് വൈ എസ്) 1954 ഏപ്രില്‍ 24ന് രൂപവത്കരിക്കപ്പെട്ടു. താനൂരിലെ സമ്മേളനത്തില്‍ ശൈഖ് ആദം ഹസ്‌റത്തിന്റെ സാന്നിധ്യത്തില്‍ മര്‍ഹൂം പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അതിനെ പിന്തുണച്ച് പ്രസംഗിച്ചു.

1959ല്‍ പൂന്താനം അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡന്റായതോടെ സംഘടന കൂടുതല്‍ ഊര്‍ജസ്വലമായി. 1960ല്‍ സംഘടനയെ പരിചയപ്പെടുത്തുന്ന ലഘുലേഖ നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പുറത്തിറക്കി. 1961ല്‍ ഭരണഘടന തയ്യാറാക്കുകയും 1961 ഫെബ്രുവരി 7, 8, 9 തീയതികളില്‍ തിരൂരങ്ങാടി കക്കാട് വെച്ച് നടന്ന സമ്മേളനത്തില്‍ സമസ്തയുടെ ഔദ്യോഗിക കീഴ്ഘടകമായി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.
കേരളപ്പിറവിക്ക് ശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ യുവജന ഘടകങ്ങള്‍ക്ക് രൂപം നല്‍കിയതോടെ എസ് വൈ എസ് കടുത്ത വെല്ലുവിളികള്‍ നേരിട്ടു. മഹല്ലുതലങ്ങളില്‍ ചെന്ന് യൂനിറ്റുകള്‍ രൂപവത്കരിക്കുന്നതിന് പ്രധാനമായും തടസ്സം നിന്നത് സമുദായ രാഷ്ട്രീയത്തില്‍ കയറിപ്പറ്റിയ സലഫിസ്റ്റുകളായിരുന്നു. സുന്നി ആദര്‍ശത്തിന് മുന്‍ഗണന നല്‍കുന്ന ഒരു യുവജന സംഘടന ശക്തിയാര്‍ജിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ചിന്ത സുന്നികളായ രാഷ്ട്രീയ നേതാക്കളിലും ഉണ്ടാക്കിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു.

എസ് വൈ എസിനെ ജനകീയവത്കരിക്കാന്‍ പോന്ന ഒരു പരിപാടിയും നടത്താന്‍ പാടില്ലെന്ന ഒരലിഖിത നിയമം തന്നെ അന്നുണ്ടായിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്താല്‍ അതിനിവിടെ എം ഇ എസ് ഉണ്ടെന്ന് പറയും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചാല്‍ അത് യൂത്ത് ലീഗ് ചെയ്തുകൊള്ളുമെന്ന് പറഞ്ഞ് വിലക്കിടും.
ഇതിനെതിരെ അമര്‍ഷവും പ്രതിഷേധവും ഉണ്ടായെങ്കിലും മുന്നില്‍ നിന്ന് നേതൃത്വം കൊടുത്ത് ഈ തടവറയില്‍ നിന്ന് സംഘടനയെ പുറത്തുകടത്താന്‍ കെല്‍പ്പുള്ള ഒരു നേതാവിന് വേണ്ടി സുന്നി കൈരളി കാത്തിരിക്കുമ്പോഴാണ് 1975ല്‍ മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ പ്രസിഡന്റും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആക്ടിംഗ് സെക്രട്ടറിയുമായി കമ്മിറ്റി പുനഃസംഘടിപ്പിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്റായും കാന്തപുരം ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ആശീര്‍വാദത്തോടെ സാരഥ്യം ഏറ്റെടുത്തു. ഇതോടെ രാഷ്ട്രീയക്കാരുടെ കുതന്ത്ര ഭിത്തി തകര്‍ത്തു സംഘടനയെ സ്വതന്ത്രമാക്കുകയും ജനകീയവത്കരണത്തിന് പരിശ്രമങ്ങളാരംഭിക്കുകയും ചെയ്തു.
സ്വതന്ത്ര ലബ്ധിക്ക് ശേഷം മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംവരണത്തിന് വേണ്ടി സമരം ചെയ്ത് കാലം കഴിക്കുന്നത് ബുദ്ധിയല്ലെന്നും സമുദായത്തിന്റെ സംഘശക്തിയും സാമ്പത്തിക ശേഷിയും ഉപയോഗിച്ച് വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിക്കണമെന്നും ഈ യുവനേതൃത്വം തിരിച്ചറിഞ്ഞു. സമസ്തയിലെ കാര്യബോധമുള്ള പണ്ഡിതര്‍ അതിന് ശക്തമായ പിന്തുണയും നല്‍കി. ഈ ദിശയിലുള്ള ആദ്യ കാല്‍വെപ്പായിരുന്നു 1978 ഏപ്രില്‍ മാസത്തില്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ നടന്ന എസ് വൈ എസ് സ്‌റ്റേറ്റ് സമ്മേളനം. ഈ മഹാസമ്മേളനം രാഷ്ട്രീയ നേതാക്കളുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. പണ്ഡിത നേതൃത്വം രണ്ട് സുപ്രധാന പ്രഖ്യാപനങ്ങള്‍ ഈ സമ്മേളനത്തില്‍ വെച്ചുനടത്തി.

ഒന്ന്, എല്ലാ മഹല്ലുകളിലും യൂനിറ്റുകള്‍ രൂപവത്കരിച്ചും ജില്ലാ കമ്മിറ്റികളുണ്ടാക്കിയും സംഘശാക്തീകരണം നടത്തുക എന്നതായിരുന്നു. 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും നാമമാത്ര യൂനിറ്റുകള്‍ മാത്രമായിരുന്നു രൂപവത്കരിക്കപ്പെട്ടിരുന്നത്. മാനാഞ്ചിറ സമ്മേളനത്തിലെ ആഹ്വാനം ശ്രദ്ധിച്ച പതിനായിരങ്ങള്‍ അതേറ്റെടുത്തു. ഇതോടെ എസ് വൈ എസ് ജനപിന്തുണയുള്ള സംഘശക്തിയായി വളര്‍ന്നു.
രണ്ടാമത്തെ പ്രഖ്യാപനം, വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയല്ലാതെ മുസ്‌ലിം സമുദായത്തെ മറ്റു ജനവിഭാഗങ്ങളോടൊപ്പമെത്തിക്കാന്‍ സാധിക്കില്ലെന്നും അതിനും നാം തന്നെ മുന്‍കൈയെടുത്ത് മതഭൗതിക സമന്വയ കലാലയങ്ങള്‍ സ്ഥാപിക്കണമെന്നും ഉത്‌ബോധിപ്പിക്കുകയും അതിന്റെ തുടക്കമെന്നോണം ആ സമ്മേളനത്തിന്റെ ഭാഗമായി തന്നെ കാരന്തൂരിലെ മര്‍കസ് സ്ഥാപനങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.

സുന്നി പ്രസ്ഥാന ചരിത്രത്തിലെ നവജാഗരണ കാലത്തിന് ഇതോടെ തുടക്കമിട്ടു. സുന്നി യുവജന സംഘത്തിന്റെ കരുത്തില്‍ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ, ജീവകാരുണ്യ, സേവന മേഖലകളിലൂടെ എസ് വൈ എസ് മുന്നേറി. സമുദായ നാമത്തില്‍ എം ഇ എസ് പോലുള്ള സംഘടനകള്‍ നേടിയെടുത്ത സ്ഥാപനത്തിലൂടെ സമ്പന്ന വര്‍ഗത്തിന് മാത്രം വിദ്യാഭ്യാസം ലഭിച്ചപ്പോള്‍, അനാഥകളും അഗതികളുമടക്കമുള്ള പാവപ്പെട്ടവരെ കൂടി അറിവിന്റെ ലോകത്തേക്ക് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പ്രസ്ഥാനം നയിച്ചു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും നീണ്ട 30 വര്‍ഷമാണ് സുല്‍ത്വാനുല്‍ ഉലമ എസ് വൈ എസിനെ നയിച്ചത്. ബി കുട്ടി ഹസ്സന്‍ ഹാജി, മാത്തോട്ടം മുഹമ്മദ് കോയ സാഹിബ്, കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, എം എം ബശീര്‍ മുസ്‌ലിയാര്‍, സയ്യിദ് പി എം എസ് പൂക്കോയതങ്ങള്‍, കെ പി ഉസ്മാന്‍ സാഹിബ്, വി ഇ മോയിന്‍ മോന്‍ ഹാജി, എം എ അബ്ദുല്‍ഖാദിര്‍ മുസ് ലിയാര്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പോരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സുന്നി യുവജന സംഘത്തിന് നേതൃത്വം വഹിച്ചവരില്‍ പ്രമുഖരാണ്. ഇപ്പോള്‍ സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, ജനാബ് മജീദ് കക്കാട് എന്നിവരുടെ നേതൃത്വത്തില്‍ സംഘടന അറുപത്തിയഞ്ചിലേക്ക് കടക്കുന്നു.

ലഹരിക്കും തീവ്രവാദത്തിനും ധൂര്‍ത്തിനുമെതിരെ നടത്തിയ ക്യാമ്പയിനുകളും, ജലസംരക്ഷണം, സേവനവാരം, സാന്ത്വനവാരം തുടങ്ങിയ ജീവകാരുണ്യ പദ്ധതികളും ഇരു കൈകളും നീട്ടിയാണ് കേരളീയ ജനത സ്വീകരിച്ചത്. അതിനെ അനുകരിച്ച് ജീവകാരുണ്യ, സേവന രംഗത്തേക്ക് രാഷ്ട്രീയ യുവജന സംഘടനകള്‍ വരെ കടന്നുവരാന്‍ തുടങ്ങിയത് ശ്രദ്ധേയമാണ്. “മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍”, “മാനവികതയെ ഉണര്‍ത്തുന്നു” എന്നീ രണ്ട് പ്രമേയങ്ങളിലായി കാന്തപുരം ഉസ്താദിന്റെ രണ്ട് കേരള യാത്രകള്‍ എസ് വൈ എസ് നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ രണ്ട് പരിപാടികളായിരുന്നു.

“വിശ്വാസം വിമോചനം മുന്നേറ്റം”, “നാടിന്റെ അസ്ഥിത്വ വീണ്ടെടുപ്പിന്”, “സ്‌നേഹ സമൂഹം സുരക്ഷിത നാട്”, “കേരളത്തെ കൊലക്കയറില്‍ നിന്ന് രക്ഷിക്കുക”, “തീവ്രവാദം പരിഹാരമല്ല” തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ ക്യാമ്പയിനുകള്‍ എസ് വൈ എസിന്റെ കര്‍മശേഷി അടയാളപ്പെടുത്തിയ പരിപാടികളായിരുന്നു.
അഹ്‌ലുസുന്നയുടെ ആദര്‍ശധാരയില്‍ യുവജനങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതിലും മതപരിഷ്‌കരണ വാദങ്ങളെ പൊളിച്ചടുക്കുന്നതിലും എസ് വൈ എസ് നടത്തിയ പടയോട്ടം എതിരാളികള്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്. തികഞ്ഞ രാഷ്ട്രീയ അവബോധമുള്ള പതിനെട്ടിനും 45നുമിടക്ക് പ്രായമുള്ള അഞ്ചര ലക്ഷത്തോളം അംഗങ്ങളും അതിന്റെ മൂന്നിരട്ടി അനുഭാവികളുമുള്‍ക്കൊള്ളുന്ന മാനവ വിഭവശേഷിയാണ് ഈ സംഘടനയുടെ കരുത്ത്. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിന് സമര്‍പ്പിക്കപ്പെട്ട ഈ യുവശക്തി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ച് രാഷ്ട്ര സേവനം നടത്തുമ്പോള്‍ തന്നെ നിസ്സഹായരും നിരാലംബരുമായവര്‍ക്ക് താങ്ങും തണലുമേകി കര്‍മഗോഥയില്‍ സജീവമായി ഇടപെടുന്നു. ഇതിന് പരിശീലനം നല്‍കപ്പെട്ട 40,000 സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനങ്ങളും നാടിന് ലഭ്യമാക്കി വരുന്നു. കിടപ്പിലായ രോഗികളെ പരിചരിച്ചും ആശുപത്രികളില്‍ കഴിയുന്നവര്‍ക്കാവശ്യമായ സേവനങ്ങള്‍ ചെയ്തും വരള്‍ച്ച, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ സന്നദ്ധ സേവനങ്ങള്‍ നല്‍കിയും അവര്‍ കേരളത്തിന്റെ തെരുവുകളില്‍ നിറസാന്നിധ്യമാണ്.

സാന്ത്വന സേവനങ്ങള്‍ ഏകീകരിക്കുന്നതിനായി സംസ്ഥാനത്തുടനീളം 2,863 സാന്ത്വനം ക്ലബ്ബുകളും 3,312 സാന്ത്വനം കേന്ദ്രങ്ങളും നിലവില്‍ വന്നിട്ടുണ്ട്. വിവിധ ജില്ലകളിലായി നൂറോളം ആംബുലന്‍സുകള്‍ സൗജന്യ നിരക്കില്‍ സേവനം നല്‍കിവരുന്നു. സാന്ത്വനം പ്രവര്‍ത്തനങ്ങളെ സംസ്ഥാന തലത്തില്‍ ഏകീകരിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് സ്ഥാപിച്ച സാന്ത്വന കേന്ദ്രം അടുത്ത മാസം തുറന്നുപ്രവര്‍ത്തിക്കുകയാണ്.

സമരാഭാസങ്ങളിലൂടെ ജനശ്രദ്ധ നേടുന്നതോ, കക്ഷിരാഷ്ട്രീയത്തിന്റെ കൂലിത്തല്ലുകാരാകുന്നതോ അല്ല യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് തെളിയിക്കുന്നതാണ് എസ് വൈ എസിന്റെ 65 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.
1994ല്‍ നടത്തിയ നാല്‍പതാം വാര്‍ഷിക സമ്മേളനവും 2002, 2005 വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച മേഖലാ സമ്മേളനങ്ങളും 2010ല്‍ നടന്ന പഞ്ചായത്തുതല ആദര്‍ശ സമ്മേളനങ്ങളും 2004ല്‍ കോഴിക്കോട് കടപ്പുറത്തെ പാല്‍കടലാക്കി മാറ്റിയ ഗോള്‍ഡന്‍ ജൂബിലി സമ്മേളനവും 2008ല്‍ നടന്ന ജില്ലാ സമ്മേളനങ്ങളും 2015ല്‍ എടരിക്കോട് വെച്ചു നടന്ന അറുപതാം വാര്‍ഷിക സമ്മേളനവുമെല്ലാം എസ് വൈ എസിന്റെ കരുത്ത് തെളിയിച്ച മഹാ സംഭവങ്ങളായിരുന്നു.
കേരള മുസ്‌ലിം ജമാഅത്തിന്റെ പിറവിയോടെ പുതിയ ബഹുജനഘടകം നിലവില്‍ വന്നതിനാല്‍ എസ് വൈ എസിനെ പൂര്‍ണമായും യുവജനവത്കരിച്ചിരിക്കുകയാണ്. യുവതയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ക്രിയാത്മക ഇടപെടല്‍ നടത്തി മുന്നോട്ടുപോകാനുള്ള ആഭ്യന്തര പുനഃക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായ ഘട്ടത്തിലാണ് എസ് വൈ എസ് അറുപത്തിയഞ്ചാം സ്ഥാപക ദിനം ഇന്ന് ആഘോഷിക്കുന്നത്.

Latest