പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പാളി; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ് പി-ബി എസ് പി സഖ്യം

Posted on: April 23, 2019 10:04 pm | Last updated: April 23, 2019 at 11:45 pm

ലക്‌നൗ: വാരണാസിയില്‍ പ്രധാന മന്ത്രി മോദിക്കെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം എസ് പി-ബി എസ് പി സഖ്യത്തിന്റെ നിലപാടില്‍ തട്ടിവീണുടയുന്നു. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സഖ്യം തീരുമാനിച്ചതാണ് കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയായത്. വാരണാസിയിലെ മുന്‍ എം പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്യാംലാല്‍ യാദവിന്റെ മരുമകള്‍ ശാലിനി യാദവിനെയാണ് സഖ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ പ്രിയങ്ക മത്സരിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ഒരുക്കമാണെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിടുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. എസ് പി-ബി എസ് പി സഖ്യത്തിന്റെ പിന്തുണയോടെ പ്രിയങ്കയെ മത്സരിപ്പിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്.

2017ല്‍ വാരണാസിയില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് ഒന്നേകാല്‍ ലക്ഷം വോട്ട് നേടിയാളാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി ശാലിനി യാദവ്. കഴിഞ്ഞ ദിവസമാണ് അവര്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എസ് പി അംഗത്വം സ്വീകരിച്ചത്. എസ് പി അധ്യക്ഷനായ യാദവ് തന്നെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.