Connect with us

National

'ചൗകിദാര്‍ ചോര്‍ ഹേ' പരാമര്‍ശം; രാഹുലിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടു കേസിലെ സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് നടത്തിയ “ചൗകി”ദാര്‍ ചോര്‍ ഹെ” പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. ബിജെപി എം പി മീനാക്ഷി ലേഖി നല്‍കിയ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയിലാണ് സുപ്രിം കോടതി രാഹുലിന് നോട്ടീസയച്ചത്. പരാമര്‍ശത്തില്‍ രാഹുല്‍ ഇന്നലെ കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു. ഇത് പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി നോട്ടീസയച്ചത്.

അടുത്ത ചൊവ്വാഴ്ച കോടതി കേ്‌സ് വീണ്ടും പരിഗണിക്കും. കോടതിയലക്ഷ്യ കേസുകളുടെ കൂട്ടത്തില്‍ ഈ കേസും ലിസ്റ്റ് ചെയ്യാന്‍ സുപ്രിം കോടതി രജിസ്ട്രിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് നിര്‍ദേശം നല്‍കി.

റഫേല്‍ കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ പത്തിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശമുണ്ടെന്ന രാഹുലിന്റെ പ്രസംഗമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് സുപ്രിം കോടതി നല്‍കിയ നോട്ടീസിന് രാഹുല്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടെ താന്‍ പറഞ്ഞുപോയതാണ് അതെന്നും മാപ്പ് നല്‍കണമെന്നുമായിരുന്നു രാഹുല്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നത്.