ഫാസിസ്റ്റ്‌വിരുദ്ധരുടെ ജനാധിപത്യ താത്പര്യങ്ങള്‍

Posted on: April 23, 2019 8:42 am | Last updated: April 23, 2019 at 8:55 am

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ശ്രദ്ധിക്കാന്‍ കാരണം, അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നതുകൊണ്ടാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ് രാഷ്ട്രീയ അര്‍ഥത്തില്‍ മാത്രമല്ല പ്രാധാന്യമര്‍ഹിക്കുന്നത്. അതിനപ്പുറം ബഹുസ്വരത, മതേതരത്വം, സഹിഷ്ണുത തുടങ്ങിയ നിരവധി സാമൂഹികാവസ്ഥകളെ നിരന്തരം ഉത്തേജിപ്പിച്ച് ബഹുസ്വര ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ജനാധിപത്യ അവകാശങ്ങളാണ്. ആ അവകാശങ്ങളെ വേരോടെ പിഴുതെറിയുന്ന രാഷ്ട്രീയ ഇടപെടലുകളായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ആര്‍ എസ് എസിന്റെ നിയന്ത്രണമുള്ള മോദി സര്‍ക്കാര്‍ നിര്‍വഹിച്ചു കൊണ്ടിരുന്നത്. അതിന്റെ നാള്‍വഴികള്‍ ഇന്ത്യക്ക് അകത്ത് മാത്രമല്ല പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതിനു കാരണം, മോദി സര്‍ക്കാറിന്റെ പ്രധാന രാഷ്ട്രീയ അജണ്ട തീവ്ര ഹൈന്ദവ ദേശീയതാ വാദമായിരുന്നു.

ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാന ഘടകം മത സഹിഷ്ണുതയാണ്. ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തെ പരസ്പരം അംഗീകരിച്ചും ആദരിച്ചും കൊണ്ടാണ് ഏഴ് പതിറ്റാണ്ടായി ഇന്ത്യ മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ എപ്പോഴൊക്കെ ജനങ്ങളുടെ മതവിശ്വാസത്തിനും സഹിഷ്ണുതാ മനോഭാവത്തിനും എതിരായുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായോ അപ്പോഴൊക്കെ ഇന്ത്യന്‍ ബഹുസ്വരതക്ക് ആഴത്തിലുള്ള മുറിവ് ഏറ്റിട്ടുണ്ട്. ഇത്തരം നിലപാട് ഏതെങ്കിലും അര്‍ഥത്തിലുള്ള രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിച്ചോ അപ്പോഴൊക്കെ രാജ്യത്തെ വൈവിധ്യവത്കരിക്കപ്പെട്ട സാംസ്‌കാരിക ധാരകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈ യാഥാര്‍ഥ്യത്തിന്റെ മുന്നില്‍ നിന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെയും ദളിത് പിന്നാക്ക വിഭാഗങ്ങളെയും പല രീതിയിലുള്ള അടിച്ചമര്‍ത്തലിനും ബഹിഷ്‌കരണത്തിനും ഉപയോഗിച്ചത്. ഇത് ഉണ്ടായിത്തീരുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ, സാമൂഹിക കാരണങ്ങളുണ്ട്.

ഇന്ത്യയിലെ ഭൂരിപക്ഷ മതത്തെ പ്രധാനമായി സ്വാധീനിക്കുന്നത് സവര്‍ണ ഹിന്ദുത്വ ബോധമാണ്. ഇത് ശ്രേണീബദ്ധിതമായ ജാതി അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്ന ജാതി, മത രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഇരകള്‍ മതന്യൂനപക്ഷങ്ങളും ദളിതുകളും ആണ്. ചില സംസ്ഥാനങ്ങളില്‍ ആര്‍ എസ് എസ് അജണ്ടയെ സ്ഥാപിച്ചെടുക്കാന്‍ സവര്‍ണ ഹിന്ദുത്വത്തെ നന്നായി ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. അതിനു വേണ്ടി ഇതര മത വിഭാഗങ്ങളെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും ഹിന്ദു വിരുദ്ധതയുടെ കാരണമായി അവതരിപ്പിച്ചു. ബി ജെ പി ദുര്‍ബലമായ കേരളത്തില്‍ വേര് ഉറപ്പിക്കാന്‍ അവര്‍ തിരഞ്ഞെടുത്തതും മതവിശ്വാസത്തെ തന്നെ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ വിശ്വാസത്തിന് അപ്പുറം മത നിഷേധമാണ് എന്ന് ബി ജെ പിക്ക് പറയാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. ഗുജറാത്ത് ഉള്‍പ്പടെ മതത്തെ ഏതൊക്കെ തരത്തില്‍ രാഷ്ട്രീയാധികാരത്തിന് വേണ്ടി ഉപയോഗിക്കാമെന്ന് പരീക്ഷിച്ച ബി ജെ പിക്ക് കേരളത്തിലും അതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിനെ ശക്തമായ രീതിയില്‍ പ്രതിരോധിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് കഴിഞ്ഞു.

യഥാര്‍ഥത്തില്‍ ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്ന സവര്‍ണ, അവര്‍ണ വിചാരധാരയുടെയും അതുണ്ടാക്കിയ സാമൂഹിക അസമത്വങ്ങളുടെയും ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും ശബരിമല വിഷയത്തിലെ രാഷ്ട്രീയത്തെ എളുപ്പത്തില്‍ ബോധ്യപ്പെടും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ബി ജെ പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് ഇതൊന്നും അറിയാത്തതിനാലല്ല. കോണ്‍ഗ്രസില്‍ എക്കാലത്തും നിലനിന്ന മൃദുഹിന്ദുത്വം പാര്‍ട്ടിയുടെ ആഭ്യന്തര വളര്‍ച്ചയെ ശാക്തീകരിച്ച ഘടകമാണ്. പ്രത്യക്ഷത്തില്‍ മതേതരമായി നില്‍ക്കുകയും മതപരമായ വിഷയങ്ങള്‍ വരുമ്പോള്‍ ഹിന്ദുത്വത്തിന് അനുകൂലമാകുകയും ചെയ്യുന്നത് കോണ്‍ഗ്രസിലെ ഹിന്ദുത്വ മുഖത്തെയാണ് കാണിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന് നിരവധി തെളിവുകള്‍ ഉണ്ട്. പലപ്പോഴും സാമുദായിക ശക്തികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. കേരളത്തിലെ എന്‍ എസ് എസിന്റെ നിലപാടുകള്‍ പരിശോധിച്ചാല്‍ നമുക്കിത് ബോധ്യപ്പെടും. ഒരു മതേതര ജനാധിപത്യ പ്രസ്ഥാനം എന്ന പറച്ചിലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് സ്വീകരിക്കാന്‍ പറ്റുന്ന നിലപാടിന് വിരുദ്ധമായാണ് ശബരിമല വിഷയത്തിലെ അവരുടെ നിലപാട്. അത് ബി ജെ പിക്ക് അനുകൂലമാകുകയും അതോടൊപ്പം കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വത്തിന് പിന്തുണ നല്‍കുന്നതുമായിരുന്നു. ഫലത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒരു പക്ഷത്തും ഇടതുപക്ഷം മതവിശ്വാസത്തിനും മതേതര സമൂഹത്തിനും എതിരും അപകടവുമാണെന്നും വരുത്തിത്തീര്‍ക്കുന്നതിന് അവര്‍ കഠിന പ്രയത്‌നം തന്നെ ചെയ്തു. എന്നാല്‍ ശബരിമല വിഷയത്തിന് മുമ്പ് കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തില്‍ എങ്ങനെയാണ് ഒരു സര്‍ക്കാറിന് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുക എന്ന് ഭരണകൂടത്തിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ അരക്ഷിതമായ ഒരു സമൂഹത്തെ ഭരണകൂടത്തിന് എങ്ങനെ സുരക്ഷിതമായി മുന്നോട്ടു നയിക്കാന്‍ കഴിയും എന്ന് കേരളം കാണിച്ചു കൊടുത്തിട്ടുണ്ട്. അതുണ്ടാക്കിയ ജനകീയ അംഗീകാരം കേരളത്തില്‍ ഒരിക്കല്‍ കൂടി ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനം ഉണ്ടാക്കുന്നു എന്നൊരു മുന്‍ധാരണ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നുണ്ട്. അതിനെ മറികടക്കാനുള്ള ഒരു വഴി കൂടിയായിരുന്നു ശബരിമല വിഷയം. ഇത്തരമൊരു യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ടാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് വിലയിരുത്തേണ്ടത്. കാരണം, കേരളത്തില്‍ നിന്ന് ജയിക്കുന്ന എം പിമാര്‍( ബി ജെ പിക്ക് സീറ്റ് കിട്ടില്ല എന്ന വിശ്വാസത്തില്‍) ഫാസിസത്തിന് എതിരെയാണ് കേന്ദ്രത്തില്‍ ഇടപെടുക. അങ്ങനെ വരുമ്പോള്‍ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു കിട്ടുന്നതാണ് രാജ്യ താത്പര്യത്തിന് ഗുണം ചെയ്യുക എന്നൊരു വാദമാണ് യു ഡി എഫ് മുന്നോട്ട് വെക്കുന്നത്.

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒരു ബദലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പറയുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ആഴത്തില്‍ രാഷ്ട്രീയ പരമായി തിരിച്ചറിവ് നേടിയിട്ടുണ്ട്. പ്രത്യേകിച്ചും ദളിത് രാഷ്ട്രീയം. ഇത് വരാനിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പ്രധാന വിഭാഗം തന്നെയാണ്. പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിന് പകരം കെട്ടുറപ്പുള്ള രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയാത്തിടത്തോളം മുന്‍തൂക്കം കോണ്‍ഗ്രസിനാണെന്ന് പറയുന്പോഴും കോണ്‍ഗ്രസിന്റെ കഴിഞ്ഞകാല സാമ്പത്തിക നയങ്ങളും അതുണ്ടാക്കിയ അസമത്വങ്ങളുമാണ് ഇന്ത്യയിലെ ദാരിദ്ര്യത്തെ പെരുപ്പിച്ചത് എന്നതുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഫാസിസത്തിനെതിരെ കോണ്‍ഗ്രസ് ഒരു ബദല്‍ ആണെന്ന് പറയുമ്പോഴും രാഷ്ട്രീയമായി അത് പരാജയമാണ്.

ഈ സാഹചര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം ഉള്‍പ്പെടുന്ന മുന്നണിക്ക് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ബദലായി മാറാന്‍ കഴിയും. ഇന്ത്യയില്‍ മൊത്തത്തില്‍ ഇടപെടാന്‍ കഴിയുന്ന തരത്തില്‍ ഇടതുപക്ഷം വളരണമെന്നത് ഫാസിസത്തിനെതിരെ ചിന്തിക്കുന്ന പൗരന്റെ താത്പര്യമാണ്. അത്തരത്തിലുള്ള ഒരു ഇടതുപക്ഷത്തിന് ശക്തമായ നേതൃത്വം കൊടുക്കാന്‍ കേരളത്തിന് കഴിയണം. കേരളത്തിലെ ഇടതുപക്ഷത്തിന് ജനപക്ഷ രാഷ്ട്രീയമായി വളരാന്‍ കഴിയണം.

ഇന്ത്യന്‍ പാര്‍ലിമെന്റില്‍ വേറിട്ട് ശബ്ദമായി ഇടതു എം പിമാരുടെ ശബ്ദം മുഴങ്ങണം. ഫാസിസത്തിനെതിരായ ഏക ബദല്‍ കോണ്‍ഗ്രസ് ആണെന്ന വാദം കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ തിരുത്തേണ്ടതുണ്ട്. ഇത് തിരുത്തുമ്പോഴാണ് ലോകം ഉറ്റുനോക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാരുടെ പക്ഷം ഒന്നു കൂടി വ്യക്തമാകുക.