Connect with us

Ongoing News

കേരളത്തിൽ വോട്ടില്ലാത്ത രാഹുലും സ്വന്തം വോട്ട് ചെയ്യാനാകാത്ത ഉണ്ണിത്താനും

Published

|

Last Updated

തിരുവനന്തപുരം: മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി വിജയ വോട്ട് ഉറപ്പാക്കുമ്പോഴും മത്സരിക്കുന്ന മണ്ഡലത്തിൽ വോട്ടില്ലാത്ത സ്ഥാനാർഥികളും സ്വന്തം മണ്ഡത്തിലെ വോട്ട് ചെയ്യാനാകാത്ത സ്ഥാനാർഥികളുമുണ്ട്. സ്വന്തം മണ്ഡലത്തിൽ പോയിട്ട് സംസ്ഥാനത്ത് ഒരിടത്തും വോട്ടില്ലാത്ത താരസ്ഥാനാർഥിയാണ് വയനാട് മണ്ഡലത്തിലെ രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലം അമേതി നിയോജകമണ്ഡലത്തിലാണ് രാഹുലിന്റെ വോട്ട്.

കാസർകോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനും ഇക്കുറി വോട്ടു ചെയ്യാനെത്തില്ല. കൊല്ലം കിളികൊല്ലൂർ ഇരവിപുരം കോയിക്കൽ എൽ പി എസിലെ 18-ാം നമ്പർ ബൂത്തിലാണ് രാജ്‌മോഹന്റെ വോട്ട്. കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും സ്വന്തം മണ്ഡലത്തിലെത്തി വോട്ടു ചെയ്ത് തിരികെ മത്സരിക്കുന് മണ്ഡലത്തിൽ തിരിച്ചെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടു കാരണമാണ് സ്വന്തം വോട്ടു ചെയ്യുന്നത് ഇക്കുറി ഒഴിവാക്കിയത്. സ്വന്തം വോട്ട് ഇതു വരെ മുടക്കിയിട്ടില്ലാത്ത കെ മുരളീധരൻ ഇക്കുറി രണ്ട് ചിന്തയിലാണ്. സംസ്ഥാനത്ത് ഇരുമുന്നണികൾ തമ്മിൽ തീപാറുന്ന മത്സരം നടക്കുന്ന വടകര മണ്ഡലത്തിൽ നിന്ന് വോട്ട് ചെയ്യണമെങ്കിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ജവഹർ നഗർ എൽ പി എസ് വരെയെത്തണം. എന്നാൽ വടകരയിലെ തിരക്കുകൾ മാറ്റിവെച്ച് മുരളീധരന് സ്വന്തം ബൂത്തിൽ വോട്ടു ചെയ്യാൻ എത്താനാകുമോ എന്ന കാര്യത്തിൽ രാത്രിവൈകിയും തീരുമാനമായിട്ടില്ല.
മത്സരിക്കുന്ന മണ്ഡലത്തിൽ വോട്ടില്ലെങ്കിലും സ്വന്തം വോട്ട് പാഴാക്കാത്ത സ്ഥാനാർഥികളും ഇക്കുറി സജീവമാണ്. ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് കോഴിക്കോട് കുറ്റിക്കാട്ടൂരാണ് വോട്ട്. ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തന്റെ സമ്മതിദാനാവകാശം അടൂർ എൽ പി എസിലെത്തി രേഖപ്പെടുത്തും. ആറ്റിങ്ങലിലെ എൽ ഡി എഫ് സ്ഥാനാർഥി സമ്പത്തിന് വോട്ട് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെത്തി വോട്ടു രേഖപ്പെടുത്തും.

വയനാട് രാഹുലിനെതിരെ മത്സരിക്കുന്ന പി പി സുനീറിന് മലപ്പുറത്താണ് വോട്ട്. ഇടുക്കി യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് കല്ലപ്പാറ സെന്റ് ജോർജ്ജ് എൽ പി എസിൽ വോട്ടു ചെയ്യും. കണ്ണൂരിലെ ഇടതു വലതു സ്ഥാനാർഥികളായ ശ്രീമതിയും സുധാകരനും കണ്ണൂരിൽ തന്നെ വോട്ടു രേഖപ്പെടുത്തും. ആലപ്പുഴയിലെ സ്ഥാനാർഥികളായ എ എം ആരിഫിനും ഷാനിമോൾ ഉസ്മാനും സ്വന്തം മണ്ഡലത്തിൽ തന്നെയാണ് വോട്ട്.

Latest