Connect with us

Ongoing News

വോട്ടുറപ്പിക്കാൻ വ്യാജ പ്രചാരണം

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ അവസാന വോട്ടുമുറപ്പിക്കാൻ ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും പുറത്തെടുത്ത് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ. മതവും സമുദായവും മുൻനിർത്തി വ്യാജ പ്രചാരണങ്ങളും ഊഹാപോഹങ്ങളും പറഞ്ഞുപരത്തി വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് പലയിടത്തും ശ്രമം നടന്നത്. വോട്ടർമാരുടെ മതവും സമുദായവും നോക്കിയാണ് കിംവദന്തികളും വ്യാജ പ്രചാരണങ്ങളും ഏറെ നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ആർക്കും എളുപ്പത്തിൽ ജയിച്ചുകയറാൻ സാധ്യമല്ലെന്ന നിലവന്നതോടെ മിക്ക മണ്ഡലങ്ങളിലും മത്സരം ബലാബലത്തിലേക്ക് നീങ്ങിയതോടെയാണ് അവസാന ശ്രമമെന്ന നിലയിൽ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും വ്യാജപ്രചാരണം നടത്തിയും വോട്ട് തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമം നടന്നത്.
തെക്കൻ ജില്ലകളിൽ വോട്ടർമാർ ഉൾപ്പെടുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങൾ തടയുന്നതുൾപ്പെടെയുള്ള ഭീഷണികളിലൂടെയാണ് വോട്ടർമാരെ വശത്താക്കാൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ശ്രമം നടത്തിയത്. ഇതോടൊപ്പം നിർണായക മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ബി ജെ പിയുടെ വിജയം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനും ശ്രമങ്ങൾ നടത്തിയിരുന്നു.

നിലവിൽ സമുദായങ്ങൾ തങ്ങളുടെ അംഗങ്ങൾക്ക് നൽകിവരുന്ന ആചാരാനുഷ്ഠാന ചടങ്ങുകളുൾപ്പെടെയുള്ളവ നിഷേധിക്കുമെന്നും സമുദായ സംഘടനകൾക്ക് കീഴിൽ പ്രാദേശിക തലത്തിൽ നടന്നുവരുന്ന സാമ്പത്തിക, തൊഴിൽ കൂട്ടായ്മകളിൽ നിന്നുള്ള സഹായം തടയലും ബഹിഷ്‌കരണവുമായിരുന്നു പ്രധാന ഭീഷണി.

അതേസമയം മലബാറിൽ പ്രധാനമായും മോദിയുടെ തിരിച്ചുവരവ് തടയാനെന്ന പേരിലാണ് അവസാനഘട്ടത്തിൽ പ്രചാരണം കൊഴുപ്പിച്ചത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ മോദിയുടെ രണ്ടാംവരവ് സമുദായത്തിന് ഭീഷണിയാണെന്ന് പ്രചരിപ്പിക്കുന്നതോടൊപ്പം മോദി ഭരണം തുടർന്നാൽ പള്ളിയിൽ വാങ്ക് വിളിക്കാൻ പോലും അനുവദിക്കില്ലെന്നതുൾപ്പെടെയുള്ള പ്രചാരണങ്ങളാണ് നടത്തിയത്. നിശ്ശബ്ദ പ്രചാരണസമയത്ത് പാർട്ടി പ്രവർത്തകർ പ്രവർത്തകർ നടത്തിയ പ്രചാരണം മുഴുവൻ വീടുകളിലെ സ്ത്രീകളെയും പ്രായമുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു. മോദിയെ തടയാൻ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകണമെന്നും അതിനാൽ ഇടതുപക്ഷത്തിന് നൽകുന്ന വോട്ട് മോദിക്കായിരിക്കുമെന്നുമായിരുന്നു നിശ്ശബ്ദ പ്രചാരണത്തിൽ യു ഡി എഫ് പ്രവർത്തകർ വീടുകൾ കയറിയിറങ്ങി പ്രചരിപ്പിച്ചത്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ഉളൾപ്പെടെയുള്ള നിർണായക മണ്ഡലങ്ങളിലാണ് അവസാനഘട്ട അടിയൊഴുക്ക് തങ്ങൾക്ക് അനുകൂലമാക്കാൻ രാഷ്ട്രീയ പാർട്ടികൾ മോദിപ്പേടി ഉന്നയിച്ച് വോട്ടർമാരെ വശത്താക്കാൻ ശ്രമിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest