Connect with us

Kerala

LIVE: കേരളത്തിൽ 77.68%; റെക്കോർഡ് പോളിംഗ്

Published

|

Last Updated

തിരുവനന്തപുരം: ഒന്നര മാസം നീണ്ട തകര്‍പ്പന്‍ പ്രചാരണത്തിന്റെ മുഴുവന്‍ ഊര്‍ജവും പോളിംഗ് ബൂത്തില്‍ പ്രകടിപ്പിച്ച് കേരളം. ഫാസിസം മുതല്‍ ശബരിമല വരെ വിഷയമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് കേരളം ശക്തമായി പ്രതികരിച്ചപ്പോള്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിംഗ്.  സംസ്ഥാനത്ത് ചുരുക്കം ചില ബൂത്തുകളില്‍ രാത്രി പത്ത് മണി പിന്നിട്ടിട്ടും വോട്ടെടുപ്പ് തുടര്‍ന്നപ്പോള്‍കേരള ഇലക്ഷന്‍ കമ്മീഷന്റെ അവസാന കണക്കുകള്‍ പ്രകാരം കേരളത്തില്‍ 77.68% പോളിംഗ് രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പോളിംഗ് ആണിത്.

മുഴുവന്‍ മണ്ഡലങ്ങളിലും 2014നെ അപേക്ഷിച്ച് പോളിംഗ് ഗണ്യമായി വര്‍ധിച്ചു. 2014ല്‍ 74.02 ശതമാനമായിരുന്നു പോളിംഗ്. സുധാകരനും ശ്രീമതി ടീച്ചറും ഏറ്റുമുട്ടിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (83.05). വടകരയില്‍ 82.48% പോളിംഗ് രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടി 80.31% ആണ് പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 73.45 ശതമാനം. സംസ്ഥാനത്തെ എട്ട് ജില്ലകളും എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. കണ്ണൂരിലും കൊല്ലത്തും കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ട്. കണ്ണൂര്‍ തളിപ്പറമ്പില്‍ ഇതേ ചൊല്ലി എല്‍ഡിഎഫ – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തലശ്ശേരിയില്‍ വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് നേരെ കൈയേറ്റ ശ്രമമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ട് ചെയ്യാനെത്തിയ ഒന്‍പത് പേര്‍ പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.

വോട്ട് ചെയ്യാനുള്ള സമയം ആറ് മണിക്ക് അവസാനിച്ചുവെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും നീണ്ട ക്യൂ ദൃശ്യമാണ്. ആറ് മണിക്ക് പോളിംഗ് സ്റ്റേഷനില്‍ എത്തിയവര്‍ക്ക് സ്‌ളിപ്പ് നല്‍കിയാണ് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയത്.

സ്വതന്ത്രര്‍ ഉള്‍പ്പെടെ 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടിയത്. എല്‍ ഡി എഫും യു ഡി എഫും നേരിട്ട് ഏറ്റുമുട്ടുമ്പോഴും ചിലയിടങ്ങളില്‍ ബി ജെ പി ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഇരു മുന്നണികളില്‍ നിന്നുമായി ആറ് വീതം സിറ്റിംഗ് എം പിമാര്‍ മത്സരരംഗത്തുണ്ടായിരുന്നു. പതിവില്ലാത്ത വിധം കൂടുതല്‍ സിറ്റിംഗ് എം എല്‍ എമാര്‍ മത്സരിക്കാനിറങ്ങിയത് പോരാട്ടത്തിന്റെ തീവ്രത കൂട്ടി.

പോളിംഗില്‍ കണ്ട ഈ വീറും വാശിയും ആര്‍ക്ക് ഗുണമെന്ന് അറിയാന്‍ ഇനി കൃത്യം ഒരു മാസം കാത്തിരിക്കണം. മെയ് 23നാണ് വോട്ടെണ്ണല്‍. പോളിംഗ് വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇടത് വലതു മുന്നണികള്‍ അവകാശപ്പെടുമ്പോള്‍ ബിജെപിയും ഏറെ പ്രതീക്ഷയോടെയാണ് ശതമാന കണക്കുകളെ കാണുന്നത്. ശബരിമല വിഷയം ഇളക്കിമറിച്ച പ്രചാരണം നടന്ന പത്തനംതിട്ടയില്‍ വോട്ടിംഗ് ശതമാനം വര്‍ധിച്ചത് ബിജെപിക്ക് അനുകൂലമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

രാഹുൽ തരംഗമാണ് കേരളത്തിൽ ആഞ്ഞടിച്ചതെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇത് 20 സീറ്റുകളിലും തങ്ങളുടെ വിജയം ഉറപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നു.

LIVE UPDATES:

സംസ്ഥാനത്ത് 2,61,51,534 വോട്ടർമാർ; 24,970 പോളിംഗ് സ്റ്റേഷനുകൾ

ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണത്തിന് ശേഷമാണ് ഇന്ന് ബൂത്തിലെത്തിയത്. സംസ്ഥാനത്താകെ 2,61,51,534 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീകളാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്.

35,193 വോട്ടിംഗ് മെഷീനുകളാണുള്ളത്. 32,746 കൺട്രോൾ യൂനിറ്റുകളും 44,427 ബാലറ്റ് യൂനിറ്റുകളുമാണുള്ളത്. ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂനിറ്റുകൾ വീതം ഉപയോഗിക്കും. പോളിംഗ് ജോലികൾക്കായി 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ 1,670 സെക്ടറൽ ഓഫീസർമാരും 33,710 പ്രിസൈഡിംഗ് ഓഫീസർമാരുമുണ്ട്.

സർക്കാർ ഓഫീസുകളും സ്‌കൂളുകളും മദ്‌റസകളും മറ്റ് കേന്ദ്രങ്ങളുമായി സംസ്ഥാനത്തൊട്ടാകെ 24,970 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുണ്ട്. പ്രശ്‌നസാധ്യതയുള്ള 3,621 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കി.  831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകളിൽ മാവോയിസ്റ്റ് പ്രശ്‌ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 മലപ്പുറത്തും 39 കണ്ണൂരിലും 41 എണ്ണം കോഴിക്കോട്ടുമാണ്.

പഴുതടച്ച സുരക്ഷ

പഴുതടച്ച സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. കലാശക്കൊട്ടിനിടെ ചിലയിടങ്ങളിൽ അക്രമങ്ങളുണ്ടായ സാഹചര്യത്തിൽ പോലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പോലീസിന് പുറമേ കേന്ദ്ര അർധസൈനിക വിഭാഗവും കർണാടക, തമിഴ്‌നാട് പോലീസും സുരക്ഷയൊരുക്കാൻ എത്തിയിട്ടുണ്ട്. കേരളാ പോലീസിൽ നിന്ന് മാത്രം 58,138 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സി ഐ എസ് എഫ്, സി ആർ പി എഫ്, ബി എസ് എഫ് എന്നിവയിൽ നിന്ന് 55 കമ്പനിയും തമിഴ്‌നാട്ടിൽ നിന്ന് 2,000 ഉദ്യോഗസ്ഥരും കർണാടകയിൽ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.

അനിഷ്ട സംഭവങ്ങൾ നേരിടുന്നതിനായി 1,527 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വീതം 957 പട്രോൾ സംഘങ്ങൾ വേറെയുമുണ്ടാകും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്‌നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചു. പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ അവർക്ക് തടസ്സമില്ലാതെ ബൂത്തുകളിൽ എത്താനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഈ മേഖലകളിൽ മുഴുവൻ സമയവും അതീവജാഗ്രത പുലർത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി അധികസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് പുറമേ മറ്റ് 12 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 97 മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും.