Connect with us

Kerala

വോട്ടെടുപ്പിനിടെ സംഘര്‍ഷത്തിന് ശ്രമിച്ചാല്‍ ശക്തമായ നടപടി: ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം: നാളെ നടക്കുന്ന തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് എങ്ങും കനത്ത സുരക്ഷ ഒരുക്കിയതായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനോ, മറ്റ് അട്ടിമറി ശ്രമങ്ങള്‍ക്കോ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബൂത്തിന് സമീപത്ത് കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പ്രശ്‌നബാധിത മേഖലകളില്‍ റിസര്‍വില്‍ ഉള്ള പൊലീസ് സംഘങ്ങളെ പോളിംഗ് ബൂത്തിന് സമീപം റോന്ത് ചുറ്റാന്‍ നിയോഗിക്കും.

ക്യാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പോലീസ് സംഘം പട്രോളിംഗ് നടത്തും.

വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500 ലേറെ വനിതാ പോലീസുകാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികള്‍ ഉള്‍പ്പടെ സ്വീകരിക്കുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിവ് സംവിധാനം ലഭ്യമായിരിക്കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ പ്രത്യേക സുരക്ഷയുണ്ടാകുമെന്നും ഡി ജി പി പറഞ്ഞു.