Connect with us

Eranakulam

സർക്കാർ ഓർഡിനൻസ് വൈകുന്നു; കുപ്പി വെള്ളത്തിന് വില കുറക്കാതെ വ്യാപാരികൾ

Published

|

Last Updated

കുപ്പിവെള്ളത്തിന്റെ അമിത വില കുറക്കാൻ സർക്കാർ കർശന നിർദേശം നൽകി ഒരു വർഷം പിന്നിട്ടിട്ടും വില കുറക്കാതെ വ്യാപാരികൾ. കേരളം വേനൽ ചൂടിൽ ദാഹിച്ച് വലയുമ്പോഴും പൊള്ളുന്ന വില നൽകി കുപ്പിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് ജനം. അസോസിയേഷനും സർക്കാറും വിലകുറക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപയാണ് കടകളിൽ ഈടാക്കുന്നത്. ഒരു ലിറ്റർ വെള്ളത്തിന് 13 രൂപയാക്കി നിശ്ചയിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. ഇതുപ്രകാരം 12 രൂപയാക്കി കുറക്കാൻ കുപ്പിവെള്ള നിർമാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷനും കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. ഈ ഉറപ്പും നടപ്പായിട്ടില്ല.

ഒരു ലിറ്റർ കുപ്പിവെള്ളത്തിന് എട്ട് രൂപ മാത്രമേ നിർമാണ ചെലവ് വരികയുള്ളൂവെന്നാണ് നിർമാതാക്കൾ പറയുന്നത്. ഇത്രയും കുറഞ്ഞ ചെലവിൽ വിപണിയിലെത്തുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാൾ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ നിലപാട്. ഇക്കാര്യത്തിൽ സർക്കാറിനെ സമീപിച്ചപ്പോഴാണ് കുപ്പിവെള്ളത്തെ അവശ്യസാധനപട്ടികയിൽ ഉൾപ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിജപ്പെടുത്തി ഓർഡിനൻസ് ഇറക്കുമെന്ന് പ്രഖ്യാപിച്ചത്.

നിലവിൽ കുത്തക കമ്പനികളുടെ ഇടപെടലിനെ തുടർന്ന് ഒരു ലിറ്റർ കുപ്പി വെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. വേനൽ കടുത്തതോട് കൂടി കുപ്പിവെള്ളത്തിന്റെ വിൽപ്പന കൂടിയിട്ടും വില കുറക്കാൻ കമ്പനികൾ തയ്യാറല്ല.
അതേസമയം, 20 രൂപ വില വരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപക്ക് നൽകി കനത്ത ചൂടിൽ വലയുന്നവർക്കായി ജയിൽ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. കുപ്പിവെള്ളവുമായി സഞ്ചരിക്കുന്ന വാഹനം ഒരുക്കിയാണ് വേനലിൽ വലയുന്നവരെ സഹായിക്കാനുള്ള ദൗത്യം ജയിൽ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള സപ്ലൈകോയുടെ കുപ്പിവെള്ളം വിപണിയിൽ എത്തുന്നതോടെ കുത്തക കമ്പനികളുടെ പകൽകൊള്ള അവസാനിക്കുമെന്നാണ് കരുതുന്നത്.

Latest