Connect with us

Ongoing News

വോട്ടുറപ്പിക്കാൻ പയറ്റിയത് പല തന്ത്രങ്ങൾ

Published

|

Last Updated

“ഞാൻ പിണറായി വിജയൻ, വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ, കാര്യശേഷിയുള്ള എം പിമാരെ ലോക്‌സഭയിലേക്ക് അയക്കണ്ടേ, കേരളത്തിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങാൻ എൽ ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കൂ”. ഇങ്ങനെയൊരു അഭ്യർഥനാ സന്ദേശം ഫോൺ വഴി ലഭിക്കാത്തവർ ചുരുക്കമായിരിക്കും. സി പി എം ആവിഷ്‌കരിച്ച പ്രചാരണ തന്ത്രങ്ങളിലൊന്നായിരുന്നു ഫോൺവഴി റെക്കോർഡഡ് സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നത്. സി പി എം മാത്രമല്ല, കോൺഗ്രസും ബി ജെ പിയുമെല്ലാം ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാ സ്ഥാനാർഥികളും തങ്ങളുടെ വോട്ടർമാരെ ഫോൺ സന്ദേശത്തിലൂടെ സമീപിച്ചിട്ടുണ്ട്. വോട്ടുറപ്പിക്കാൻ പയറ്റിയ തന്ത്രങ്ങളിൽ ഒന്ന് മാത്രമാണിത്.

പതിവ് പ്രചാരണ രീതികൾക്കൊപ്പം സമൂഹിക മാധ്യമങ്ങളേയും പരമാവധി ഉപയോഗപ്പെടുത്തിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ സ്ഥാനാർഥികളും പ്രചാരണത്തിന് സോഷ്യൽ മീഡിയ വിംഗ് ഉണ്ടാക്കിയിരുന്നു. ചിലർ സ്വകാര്യ ഏജൻസികളെയാണ് ഇതിനായി ഉപയോഗിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ വാർ റൂമിനോട് ചേർന്നു സമൂഹിക മാധ്യമ സംഘത്തെ നിയോഗിച്ചു. സമൂഹിക മാധ്യമ പ്രചാരണത്തിനായി വൻതുകയാണ് ചെലവിട്ടത്. ഓരോ ദിവസത്തേയും പ്രചാരണ പരിപാടികൾ ഫേസ്ബുക്ക് പേജുകളിലൂടെ തത്സമയ സംപ്രേഷണം നൽകി. ഫോട്ടോകളും വീഡിയോകളും മറ്റു സന്ദേശങ്ങളും വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചു.

സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന പ്രൊഫൈൽ വീഡിയോകൾക്കും സമൂഹിക മാധ്യമങ്ങളിൽ നല്ല കൈയടി ലഭിച്ചു. ലക്ഷങ്ങൾ കണ്ട വീഡിയോകൾ പോലും ഇക്കൂട്ടത്തിലൂണ്ട്. സമൂഹത്തിൽ സ്വീകാര്യതയുള്ള പ്രമുഖരെ പ്രചാരണത്തിനിറക്കിയതിനൊപ്പം സ്ഥാനാർഥികളെ പിന്തുണച്ച് കൊണ്ട് ഇവർ നൽകുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക വീഡിയോ നിർമിച്ചും പ്രചരിപ്പിച്ചു. ശബ്ദ സന്ദേശങ്ങൾ പോലെ തന്നെ ചാറ്റ് ബോക്‌സുകൾ വഴിയും സന്ദേശങ്ങൾ പ്രചരിപ്പിച്ചു.

വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയുള്ള പ്രചാരണമായിരുന്നു മറ്റൊരു പ്രത്യേകത. പാർട്ടി അംഗങ്ങളേയും അനുഭാവികളേയും ചേർത്ത് ഗ്രൂപ്പുകളുണ്ടാക്കി. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മണ്ഡലംതലത്തിലുമെല്ലാം നിരവധി ഗ്രൂപ്പുകളാണ് രൂപപ്പെട്ടത്. സ്ഥാനാർഥികളുടെ പര്യടന വിവരവും പ്രചാരണ ചിത്രങ്ങളും ഇതിലൂടെ പെട്ടെന്ന് പ്രചരിപ്പിച്ചു.
മുന്നണികൾ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യത്തിന്റെ തലക്കെട്ടുകളും ആകർഷകമായിരുന്നു. “വർഗീയത വീഴും, വികസനം വാഴും, ഇതു കേരളമാണ്.” എന്ന തലക്കെട്ടോടെയായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണം. “കോൺഗ്രസിന് വോട്ട് ചെയ്യൂ, ഇനി ന്യായം നടപ്പിലാകും.” എന്ന തലക്കെട്ടോടെ കോൺഗ്രസും പ്രചാരണം നടത്തി. കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്്ദാനമായ ന്യായം പദ്ധതി പരിചയപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. “സ്ഥാനാർഥികൾക്കൊരു വോട്ട്, രാഹുലിനൊരു കൂട്ട്” എന്ന തലക്കെട്ടാണ് മണ്ഡലങ്ങളിൽ യു ഡി എഫ് നൽകിയത്.
“വീണ്ടും വേണം, മോദി ഭരണം.” എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു ബി ജെ പിയുടെ പ്രചാരണം. “മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്” എന്ന തലക്കെട്ടിലും ബി ജെ പി പ്രചാരണം നടത്തി. ശബരിമല വിവാദം വോട്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് തടഞ്ഞപ്പോൾ ശബരിമല കർമ സമിതിയുടെ പേരിലായി പിന്നീട് ഈ തലക്കെട്ടിലുള്ള ബോർഡുകൾ.

പുതിയ മാർഗങ്ങൾക്കൊപ്പം തന്നെ പഴയ രീതികളും അതേപടി തുടർന്നു. ചുവരെഴുത്തും പോസ്റ്റർ പ്രദർശനവും തെരുവ്‌ നാടകങ്ങളും അരങ്ങേറി. പത്രപരസ്യങ്ങൾക്കും കുറവുണ്ടായില്ല. എഡിഷൻ പരിധികളിൽ സ്ഥാനാർഥികളുടെ പ്രത്യേക പരസ്യങ്ങളും നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിയന്ത്രണങ്ങൾ ചെറുതായെങ്കിലും സ്ഥാനാർഥികളെ വലച്ചു. പൊതുസ്ഥാപനങ്ങളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കരുതെന്ന നിർദേശം നഗരങ്ങളിലെ പ്രചാരണത്തെ ചെറിയതോതിലെങ്കിലും ബാധിച്ചു. വിലക്ക് ലംഘിച്ച് സ്ഥാപിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് നീക്കി. ഓൺലൈൻ സൈറ്റുകൾക്കൊപ്പം എഫ് എം റേഡിയോകളിലും പരസ്യം നൽകി. ഫ്‌ളക്‌സ് നിരോധനം പ്രകൃതി സൗഹൃദ പ്രചാരണത്തിന് വഴിയൊരുക്കി. വലിയ ഹോർഡിംഗുകൾക്കും കുറവുണ്ടായില്ല. മൂന്ന് മുന്നണികളും സംസ്ഥാനതലത്തിൽ വ്യാപകമായി ഹോർഡിംഗുകൾ സ്ഥാപിച്ചു.

Latest