Connect with us

Ongoing News

വേവലാതി വിട്ടുമാറാതെ അവസാനവട്ടം ഉറച്ച വോട്ട് പട്ടികയുമായി സി പി എം; 'ജാഗ്രതാ' നിർദേശവുമായി കോൺഗ്രസ്

Published

|

Last Updated

അവസാനവട്ട വോട്ടുറപ്പിക്കലിനുശേഷം നാളെ നാടൊന്നാകെ പോളിംഗ് ബൂത്തിലേക്കൊഴുകുമ്പോഴും മുന്നണികളുടെ വേവലാതി വിട്ടുമാറുന്നില്ല. ആവേശം പുറമെയുണ്ടെങ്കിലും അകം തിളച്ചുമറിയുന്ന, മുന്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര പിരിമുറുക്കവുമായാണ് ഇത്തവണ മുന്നണികൾ വോട്ടെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കൂടുതൽ സാധ്യത തങ്ങൾക്കാണെന്ന് ഓരോ മണ്ഡലം ചൂണ്ടിക്കാട്ടി പറയുമ്പോഴും സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണെന്ന് മുന്നണി നേതൃത്വങ്ങൾ സമ്മതിക്കുന്നുണ്ട്.

കോൺഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷൻ മത്സരിക്കുന്ന വയനാട്ടിൽ പോലും അവസാനവട്ട പ്രചാരണത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയതിന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോഴാണ് മണ്ഡലങ്ങളിലെല്ലാം പോരാട്ടവീര്യം കൂടുതലാണെന്ന വിലയിരുത്തലിൽ രാഷ്ട്രീയ നേതൃത്വങ്ങൾ എത്തിച്ചേരുന്നത്.പരസ്യ പ്രചാരണം അവസാനിച്ചതോടു കൂടി എല്ലാ മണ്ഡലങ്ങളിലും ബൂത്തുതല പ്രവർത്തനങ്ങളിലേക്കാണ് പാർട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഓരോ ബൂത്തിൽ നിന്നും എത്രത്തോളം ഉറച്ച വോട്ടുകളുണ്ടെന്ന പട്ടിക ഇതിനകം തന്നെ സി പി എം തയ്യാറാക്കികഴിഞ്ഞു. അതോടൊപ്പം പുതിയ വോട്ടർമാർ, നിഷ്പക്ഷ വോട്ടർമാർ എന്നിവരുടെ പട്ടികയും വെവ്വേറെ തയ്യാറാക്കിയിട്ടുണ്ട്. വോട്ടിംഗ് ദിവസം അനുകൂല വോട്ടുകൾ കൃത്യമായി പെട്ടിയിൽ വീഴ്ത്തുന്നതിനൊപ്പം പുതിയ വോട്ടർമാരെ പരമാവധി തങ്ങൾക്കനുകൂലമാക്കി നിർത്താനുള്ള ശ്രമവും നടത്തും. പ്രാദേശിക പ്രശ്‌നങ്ങൾ കാരണം ഇടഞ്ഞ് നിൽക്കുന്ന പാർട്ടി അനുഭാവികളെ പരമാവധി അടുപ്പിക്കാൻ സി പി എം നടത്തിയ ശ്രമം ഏറെക്കുറെ വിജയം കണ്ടിട്ടുണ്ട്. മാത്രമല്ല വോട്ട് ചെയ്യാതെ മാറി നിൽക്കുന്നവരെ അനുനയിപ്പിച്ചും എതിർ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഭിന്നിച്ചു നിൽക്കുന്നവരെ ഒപ്പം നിർത്തിയും പോളിംഗ് ബൂത്തിലെത്തിക്കാൻ കഴിയുമെന്നാണ് സി പി എമ്മിന്റെ വിശ്വാസം. ഇരു മുന്നണികളോടും സമദൂരം പാലിക്കുന്നവരെ വീണ്ടും സമീപിച്ച് അവരെക്കൂടി ഇടതുപക്ഷത്തിനനുകൂലമാക്കാനുള്ള ശ്രമങ്ങളും അവസാന വട്ട പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. കനത്ത പോരാട്ടമെന്ന് പാർട്ടി വിലയിരുത്തുന്ന ലോക്സഭാ മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ ഒന്ന് പോലും വിട്ടുപോകാൻ പാടില്ലെന്ന കർശന നിർദേശം നേതൃത്വം നൽകിയിട്ടുണ്ട്.

സമീപകാലത്തെ തിരഞ്ഞെടുപ്പ് ശൈലിയിൽ നിന്ന് മാറിയാണ് പലയിടത്തും യു ഡി എഫ് അവസാനവട്ട ഒരുക്കങ്ങൾ നടത്തിയത്. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ നിർദേശങ്ങളും കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾക്ക് നൽകിക്കഴിഞ്ഞു.യു ഡിഎഫ് അനുകൂല വോട്ടുകൾ പരമാവധി പെട്ടിയിലാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും.

കണ്ണൂർ ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ പലയിടത്തും ബൂത്തുകളിൽ ഏജന്റുമാരില്ലാത്ത അവസ്ഥ പരിഹരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലങ്ങൾ ഇക്കുറി തിരിച്ചു പിടിക്കാൻ യു ഡി എഫിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ഇക്കുറി നടത്തിയിരുന്നത്.
പ്രവാസി വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാനും ഇരുമുന്നണികളും പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസി വോട്ട് അനുവദിച്ചതിനു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. സംസ്ഥാനത്ത് മാത്രം വോട്ടർ പട്ടികയിൽ ഇടം നേടിയത് 87,648 പേരാണ്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാരെയെല്ലാം നാട്ടിലെത്തിക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്. പ്രതീക്ഷ പുലർത്തുന്ന മൂന്ന് മണ്ഡലങ്ങളിലാണ് ബി ജെ പി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി