Connect with us

Ongoing News

ഒന്നര മാസം നീണ്ടു നിന്ന പരസ്യ പ്രചാരണം; എത്തിയത് നേതാക്കളുടെ വൻ പട

Published

|

Last Updated

കൊടിയിറങ്ങിയത് ഒന്നര മാസത്തോളം നീണ്ടു നിന്ന പരസ്യ പ്രചാരണത്തിന്. കഴിഞ്ഞ മാസം 10ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്നെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായിരുന്നു. പുതുമകളോടെയുള്ള പ്രചാരണമാണ് ഇത്തവണ നടന്നത്. പ്രചാരണത്തിന് ആവേശം പകരാനെത്തിയത് നേതാക്കളുടെ വൻ പടയായിരുന്നു. സ്ഥാനാർഥികൾ നാല് ഘട്ടങ്ങൾ വരെ പര്യടനം നടത്തി.

പൊതു പര്യടനത്തിന് പുറമെ എല്ലാ സ്ഥാനാർഥികളും പതിവിൽ നിന്ന് വ്യത്യസ്തമായി റോഡ്‌ഷോയും സംഘടിപ്പിച്ചു. പഴുതടച്ച പ്രവർത്തനങ്ങളാണ് മുന്നണികൾ നടത്തിയത്.പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ എൽ ഡി എഫിനൊപ്പം എത്തിയില്ലെങ്കിലും അവസാന ഘട്ടത്തോടടുത്തതോടെ യു ഡി എഫും പ്രചരണത്തിൽ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പ്രചാരണത്തിനുമപ്പുറം താഴെ തട്ടിലുള്ള പ്രവർത്തനങ്ങളിലാണ് അവസാന ഘട്ടത്തിൽ മുന്നണികളുടെ ശ്രദ്ധ മുഴുവൻ. ഓരോ വോട്ടുമുറപ്പിച്ച് നിർത്തുന്നതിനായിരിക്കും ഇന്നത്തെ പ്രവർത്തനങ്ങൾ.

ബൂത്തടിസ്ഥാനത്തിലുള്ള ഉറച്ച വോട്ടുകളുടെ ലിസ്റ്റ് നേരത്തെ നേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള കരുനീക്കങ്ങളാണ് ഇനിയുള്ള മണിക്കൂറുകളിലുണ്ടാവുക. ബൂത്തുകളിൽ രൂപവത്കരിച്ച സ്‌ക്വാഡുകളുടെ പ്രത്യേക യോഗങ്ങൾ മുന്നണികൾ വിളിച്ച് ചേർത്ത് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നാട്ടിലില്ലാത്ത വോട്ടുകളുടെ എണ്ണം മുന്നണികൾ നേരത്തെ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരെ വോട്ടെട്ടുപ്പ് ദിവസം നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഗൾഫിലും സംസ്ഥാനത്തിന് പുറത്തുമുള്ളവരെ സ്ഥാനാർഥികളെ കൊണ്ട് തന്നെ ഫോൺ ചെയ്യിപ്പിച്ച് വോട്ടുറപ്പിക്കുന്നു. ആർക്കുമുറപ്പില്ലാത്ത വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള അടവുകളും ഇനിയുള്ള സമയങ്ങളിൽ ഉണ്ടാകും. അതിന് അടവുകൾ തരം പോലെ പുറത്തെടുക്കുകയും ചെയ്യും.

ഇത്തവണ ദേശീയ നേതാക്കളുടെ വൻ പട തന്നെയാണ് പ്രചരണത്തിനെത്തിയത്. കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഗുലാം നബി ആസാദ്, എ കെ ആന്റണി, ഉമ്മൻചാണ്ടി, നടി കുശ്ബു, ബി ജെ പി ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, സി പി എം ജന. സെക്രട്ടറി സീതാറാം യെച്ചുരി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ഡി രാജ തുടങ്ങിയവർ പ്രചാരണത്തിനെത്തി. മുന്നണികൾ ഇത്തവണ കുടുംബ യോഗങ്ങളിൽ കൂടുതലായി ശ്രദ്ധ പതിപ്പിച്ചു.

ബൂത്തടിസ്ഥാനത്തിൽ രൂപ വത്കരിച്ച സ്‌ക്വാഡുകളുടെയും ഏജന്റുമാരുടെയും യോഗങ്ങളും വെവ്വേറെ വിളിച്ച് ചേർത്ത് അവസാന വട്ട ഒരുക്കങ്ങൾ നടത്തി. മുന്നണിക്ക് ഉറപ്പുള്ള വോട്ടുകൾ നൂറ് ശതമാനവും ചെയ്യിക്കുകയാണ് ലക്ഷ്യം. ഇത്തവണ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പുണ്ടെങ്കിലും ഇരു മുന്നണികളും രാവിലെ തന്നെ തങ്ങളുടെ വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇരു മുന്നണികളും ഇക്കാര്യത്തിൽ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ട് തേടിയുള്ള വീട് കയറ്റം വോട്ടെടുപ്പിന്റെ തലേ ദിവസം വരെ നടത്താനാണ് തീരുമാനം. മൂന്ന് തവണ വരെ ഗൃഹ സന്ദർശന പരിപാടി നടത്തിയിട്ടുണ്ട്. ഇതോടൊപ്പം വോട്ടിങ്ങ് മെഷീനിൽ ചിഹ്നം പരിചയപ്പെടുത്താനും പ്രവർത്തകർ മെഷീൻ മാതൃകയുമായി വീടുകളിലെത്തുന്നുണ്ട്. കൂടുതൽ അനൗൺസ്‌മെന്റ് വാഹനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്.

ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഓരോ പ്രവർത്തനവും കരുതലോടെയാണ് നടത്തുന്നത്. ഇനിയുള്ള ഓരോ മണിക്കൂറുകളും വളരെ വിലപ്പെട്ടതാണെന്നത് കൊണ്ട് തന്നെ ആസൂത്രിതമായ പ്രവർത്തനങ്ങളും കരു നീക്കങ്ങളുമാണ് അണിയറയിൽ നടക്കുന്നത്. പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ ഇനിയുള്ള ഓരോ നീക്കങ്ങളും കരുതലോടെയാകും.

Latest