Connect with us

Kerala

പത്തനംതിട്ടയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Published

|

Last Updated

പത്തനംതിട്ട: അടൂര്‍ ഏനാത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ സഹോദരന്മാരും ബന്ധുവുമാണ്ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചത്. മണ്ണടി കണ്ണന്തുണ്ടില്‍ നാസറിന്റെ മക്കളായ അബ്ദുല്‍ നസീം (18), അജ്മല്‍ (16), ബന്ധു പോരുവഴി സ്വദേശി നിയാസ് (15) എന്നിവരാണ് മരിച്ചത്.

വീടിനു സമീപം മണ്ണടി തെങ്ങാമ്പുഴ കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. കടവിനു താഴെ നിന്ന് ഒരു മണിക്കൂറിനു ശേഷം മൂവരുടെയും മൃതദേഹങ്ങള്‍ നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് കണ്ടെടുക്കുകയായിരുന്നു. ഉച്ചക്ക് 12നായിരുന്നു സംഭവം.

ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ അജ്മല്‍ കഴിഞ്ഞ ദിവസമാണ് സനദ് കരസ്ഥമാക്കിയത്. നിയാസ് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. അബ്ദുല്‍ നസീം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നതിനാല്‍ ആറ്റില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.

സംഭവം അതീവ ദുഃഖകരം: മുഖ്യമന്ത്രി

പത്തനംതിട്ട സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.സംഭവം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്ലടയാറ്റിലെ തെങ്ങുംപുഴയില്‍ മുങ്ങിമരിച്ച നാസിം, അജ്മല്‍, നിയാസ് എന്നീ കുട്ടികളുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി അറിയിച്ചു.

അവധിക്കാലം ആഘോഷമാക്കുന്നതിനിടയില്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം. കുട്ടികള്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. ദുരന്തനിവാരണ അതോറിറ്റി ഇതിനകം നല്‍കിയ നിര്‍ദേശങ്ങള്‍ പുര്‍ണമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Latest