Connect with us

National

പ്രഗ്യയുടെ നാമനിര്‍ദേശ പത്രിക തള്ളാന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കാത്തതെന്ത്?: മായാവതി

Published

|

Last Updated

ലക്‌നൗ: പ്രകോപനപരമായ വിവാദ പ്രസ്താവനകള്‍ നടത്തിയ ഭോപാലിലെ ബി ജെ പി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യ സിംഗ് ഠാക്കൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് ബി എസ് പി അധ്യക്ഷ മായാവതി.

“താന്‍ ധര്‍മ യുദ്ധമാണ് നയിക്കുന്നതെന്നാണ് മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യ പറയുന്നത്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ഈ യഥാര്‍ഥ മുഖം പല തവണ വെളിപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും പ്രഗ്യക്ക് കമ്മീഷന്‍ നോട്ടീസുകള്‍ മാത്രം നല്‍കുന്നതും പത്രിക റദ്ദാക്കാന്‍ നടപടി സ്വീകരിക്കാത്തതും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.”- മായാവതി ട്വീറ്റ് ചെയ്തു.

പ്രഗ്യയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മാധ്യമങ്ങളിലെല്ലാം കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിട്ടും നിഷ്പക്ഷമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന് കഴിയുന്നില്ലെങ്കില്‍ അത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണ്. ബി ജെ പിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നിരന്തരം നടത്തുന്നതും കാണാതെ പോകുന്നു.

2008ല്‍ നടന്ന മലോഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ പ്രഗ്യ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. നേരത്തെ, മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹേമന്ദ് കാര്‍ക്കരെയെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ പ്രഗ്യ പിന്നീട് ബാബ്രി മസ്ജിദ് തകര്‍ക്കാനായതില്‍ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി, ഈ രണ്ടു പ്രസ്താവനക്കും തിരഞ്ഞെടുപ്പു കമ്മീഷന്‍പ്രഗ്യക്ക് നോട്ടീസ് നല്‍കിയിരുന്നു.

Latest