Connect with us

Kerala

പ്രചാരണ കാലത്തെ ചർച്ചകൾ വർഗീയത, ശബരിമല, പ്രളയം

Published

|

Last Updated

ജനാധിപത്യവും മതേതരത്വവും നിലനിൽപ്പ് തേടുന്ന അതിനിർണായക തിരഞ്ഞെടുപ്പിൽ പ്രബുദ്ധ കേരളം പ്രധാനമായും ചർച്ച ചെയ്തത് പ്രാദേശിക വൈകാരിക വിഷയങ്ങൾ. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും അപകടത്തിലാകുകയും സമ്പദ്ഘടന പാടേ തകർന്ന് തരിപ്പണമാകുകയും കാർഷിക മേഖല നാശത്തിന്റെ വക്കിലെത്തി നിൽക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് പ്രധാന രാഷ്‍ട്രീയ പാർട്ടികളെല്ലാം സങ്കുചിത താത്പര്യങ്ങൾ മുൻനിർത്തി പ്രാദേശികവും വൈകാരികവുമായി വിഷയങ്ങൾ മാത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടുത്തിയിക്കുന്നത്.

സംസ്ഥാനത്തെ പ്രതിപക്ഷമായ യു ഡി എഫും ബി ജെപിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഉന്നയിച്ചത് സംസ്ഥാനത്തെ പ്രശ്‌നങ്ങൾ മാത്രമായിരുന്നു. ഇരുവിഭാഗവും പ്രധാനമായി ഉന്നയിച്ചത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശബരിമല വിഷയവും വടക്കൻ കേരളത്തിൽ കൊലപാതക രാഷ്‍ട്രീയവുമായിരുന്നു. ഇതിന് പുറമെ എതിർ സ്ഥാനാർതികളുടെ വീഴ്ചകളും പ്രചാരണായുധമാക്കിയരുന്നു.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ദേശീയ ശ്രദ്ധയാകർഷിച്ചെങ്കിലും രണ്ട് തവണയെത്തിയ രാഹുൽ ഗാന്ധി മാത്രം ബി ജെ പിയെയും രാജ്യത്തെ പ്രശ്‌നങ്ങളും ഉന്നയിച്ചപ്പോൾ സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഒരിടത്ത് പോലും ദേശീയ വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചിരുന്നില്ല. കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണി ഉൾപ്പെടെ പ്രചാരണത്തിലുടനീളം ഉന്നയിച്ചത് ഇടതുപക്ഷത്തിന്റെ വീഴ്ചകളും ശബരിമലയിലെ സർക്കാർ ഇടപെടലുകളുമായിരുന്നു. തെക്കൻ ജില്ലകളിൽ ശബരിമല വിഷയം ഉന്നയിക്കാൻ ബി ജെ പിയും കോൺഗ്രസും മത്സരിക്കുകയായിരുന്നു.

ശബരിമല മുൻനിർത്തി സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമാർശിച്ച് വിശ്വാസികളുടെ പിന്തുണ നേടാനാണ് കോൺഗ്രസും ബി ജെ പിയും ശ്രമിച്ചത്. എന്നാൽ, മധ്യകേരളത്തിൽ ശബരിമലക്കൊപ്പം സംസ്ഥാന വിഷയങ്ങളും പ്രചാരണത്തിനുന്നയിച്ചിരുന്നു.
അതേസമയം, ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ ആലത്തൂരിൽ പ്രചാരണത്തിന് ഓളമുണ്ടാക്കാൻ പാട്ട് പ്രധാന ആയുധമാക്കിയ യു ഡി എഫ് ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ സോഷ്യൽ മീഡിയ ഉപയോഗിച്ച് കത്തിച്ചു നിർത്താനും ശ്രമിച്ചിരുന്നു. ഒപ്പം എൽ ഡി എഫ് കൺവീനറുടെ സ്ഥാനാർഥിക്കെതിരായ പരമാർശവുമായി ബന്ധപ്പെട്ട വിവാദവും പ്രചാരണത്തിന്റെ അവസാന നിമിഷം വരെ യു ഡി എഫ് ഉപയോഗിച്ചിരുന്നു.
ശക്തമായ പോരാട്ടം നടക്കുന്ന പൊന്നാനിയിൽ ഇടതു സ്ഥാനാർഥിക്കെതിരായ ആരോപണങ്ങളാണ് യു ഡി എഫ് ആദ്യാവസാനം വരെ ഉന്നയിച്ചത്. എന്നാൽ, വടകര ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ശബരിമലക്കൊപ്പം ഇടതുപക്ഷത്തിനെതിരായി കൊലപാതക രാഷ്‍ട്രീയവും ഉയർത്തിക്കൊണ്ടുവന്നിരുന്നു. ഇതോടൊപ്പം പ്രളയവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ടും പ്രളയാനന്തര നിർമാണത്തിലെ വീഴ്ചകളും ഉന്നയിച്ചിരുന്നു.

അതേസമയം, ബി ജെ പി ശബരിമല വിഷയം ഉന്നയിച്ച് സംസ്ഥാന സർക്കാറിനെയും എൽ ഡി എഫിനെയും പ്രതിരോധത്തിലാക്കാനാണ് ശ്രമിച്ചത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലും ശബരിമല മാത്രമായിരുന്നു ബി ജെ പിയുടെ പ്രചാരണ വിഷയം. ഇതോടൊപ്പം ബി ജെ പി വടക്കൻ കേരളത്തിൽ ഇടതിനെതിരായി കൊലപാതക രാഷ്‍ട്രീയവും പ്രളയവും പ്രചാരണായുധമാക്കിയിരുന്നു.
എന്നാൽ, ഇടതുപക്ഷം പ്രധാനമായും ഉന്നയിച്ചത് ദേശീയ വിഷയങ്ങളായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ കൈയേറ്റങ്ങളും രാജ്യത്തെ ജനങ്ങളെ മതം തിരിച്ചുള്ള നിലപാടുകളും സൈനിക നേട്ടങ്ങളെ രാഷ്‍ട്രീയ ആയുധമാക്കുന്നതിനെയും ചൂണ്ടിക്കാണിച്ചായിരുന്നു പ്രചാരണം നയിച്ചിരുന്നത്. എന്നാൽ, കോഴിക്കോട്ട് യു ഡി എഫ് സ്ഥാനാർഥിക്കെതിരായ ഒളിക്യാമറ വിവാദവും കണ്ണൂരിൽ കെ സുധാകരന്റെ സ്‍ത്രീ വിരുദ്ധ പരസ്യവും പ്രചാരണത്തിൽ വൻ വിഭവങ്ങളായിരുന്നു.

Latest