Connect with us

National

നീതിന്യായ വ്യവസ്ഥക്കൊപ്പം ഉറച്ചുനില്‍ക്കേണ്ട സമയം; ചീഫ് ജസ്റ്റിസിന് പിന്തുണയുമായി ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണത്തിന് വിധേയനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പിന്തുണയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും നീതിന്യായ വ്യവസ്ഥക്കൊപ്പം ഉറച്ചു നില്‍ക്കേണ്ട സമയമാണിതെന്നും എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

ഇടത് ആശയങ്ങളെ അനുകൂലിക്കുന്ന മാധ്യമങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ ചൂഷണം ചെയ്ത് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ പേരമകന്റെ കമ്പനിക്കെതിരായ ആരോപണം ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്ത ദി വയര്‍, ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ വാര്‍ത്തയാക്കിയ ദി കാരവന്‍, ലീ ഫ്‌ളെറ്റ്, ദി സ്‌ക്രോള്‍, ദി ക്വിന്റ് എന്നീ മാധ്യമങ്ങളെ ലക്ഷ്യമിട്ടായിരുന്നു ജയ്റ്റ്‌ലിയുടെ ആക്രമണം. ഈ മാധ്യമങ്ങളാണ് ഗൊഗോയിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.

സുപ്രീം കോടതിയില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച് രാജ്യത്തെ 22 ജഡ്ജിമാര്‍ക്ക് കത്തയച്ചത്. 2018 ഒക്ടോബര്‍ 10. 11 തീയതികളില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ടു മാസത്തിനു ശേഷം തന്നെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായും പരാതിയിലുണ്ട്. ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും പ്രതികാര നടപടികളുടെ തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നു.

ആരോപണത്തെ തുടര്‍ന്ന് സുപ്രീം കോടതി അടിയന്തര സിറ്റിംഗ് നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ കസേര ദുര്‍ബലമാക്കാനുള്ള ശ്രമമാണ് ആരോപണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികള്‍ നടത്തുന്നതെന്നും പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് സ്വഭാവ ഹത്യ നടത്തുന്നതെന്നും രഞ്ജന്‍ ഗൊഗോയ് പ്രതികരിക്കുകയും ചെയ്തു.

Latest