Connect with us

Kerala

ലോക്‌സഭ തിരഞ്ഞെടുപ്പ്: എസ് എസ് എഫ് വിദ്യാര്‍ത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: പതിനേഴാമത് ലോക്‌സഭാ തിരഞ്ഞെടുപ്പടുപ്പിനായി രാജ്യം ഒരുങ്ങുന്ന അവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം പറയുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ മൂന്നിടങ്ങളിലായി നടന്ന പരിപാടിയില്‍ എസ് എസ് എഫ് വിദ്യാര്‍ത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു. ജനാധികാരത്തെ മറന്നുകൊണ്ടുള്ള ഏകാധിപത്യ ഭരണ പ്രവണതകളില്‍ നിന്നും ജനാധാപത്യം സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് മാനിഫെസ്‌റ്റോ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്നത് ഏറെ അപകടകരമാണ്. ഞങ്ങളുടെ രാജ്യം എന്നുറക്കെ പറയാന്‍ അവര്‍ പാകപ്പെടേണ്ടതുണ്ടെന്നും മാനിഫെസ്‌റ്റോയില്‍ പറയുന്നു.

മാനിഫെസ്‌റ്റോയുടെ പൂര്‍ണരൂപം:

ജനാധികാരത്തെ മറന്നുകൊണ്ടുള്ള ഏകാധിപത്യ ഭരണ പ്രവണതകളില്‍ നിന്നും ജനാധാപത്യം സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകേണ്ടതുണ്ട്. രാജ്യസ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന തീവ്രദേശീയതയുടെ ചുവടുവെച്ച് രാജ്യ ദ്രോഹകുറ്റം ചുമത്തികൊണ്ടിരിക്കുന്ന 124 എ, അകാരണമായി രാജ്യത്തെ പൗരന്മാര്‍ക്കുമേല്‍ ചുമത്തുന്നു യു എ പി എ, ജനാധിപത്യക്രമങ്ങളെ താളംതെറ്റിക്കുന്ന എ ഫ് എസ് പി എ പോലുള്ള നിയമങ്ങള്‍, രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാന്‍ ഒരുങ്ങുന്ന പൗരത്വരജിസ്റ്റര്‍ എന്നിവ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇത്തരം കരിനിയമങ്ങളും നടപടികളും നിയമങ്ങളും പിന്‍വലിക്കേണ്ടതുണ്ട്.

ഭരണഘടന വിഭാവനം ചെയ്യുന്ന മുഴുവന്‍ അവകാശങ്ങളും ന്യൂനപക്ഷത്തിനും അര്‍ഹതപ്പെട്ടതാണ്. അവ ലഭ്യമാക്കാന്‍ ഭരണകൂടം ശ്രമിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്നത് ഏറെ അപകടകരമാണ്. ഞങ്ങളുടെ രാജ്യം എന്നുറക്കെ പറയാന്‍ അവര്‍ പാകപ്പെടേണ്ടതുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ പ്രത്യേകിച്ച് രാജ്യത്തെ മുസ്ലിം ജനവിഭാഗം വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് ഇപ്പോഴും ഏറെ പിന്നിലാണെന്ന് സച്ചാര്‍ സമിതി റിപ്പോര്‍ട്ട് വര്‍ഷങ്ങള്‍ക്ക മുമ്പ് സമര്‍പ്പിക്കപ്പെട്ടിട്ടും കൃത്യമായ ഇടപെടലുകള്‍ക്ക് ഭരണകൂടങ്ങള്‍ ശ്രമം നടത്തിയിട്ടില്ല. സച്ചാര്‍ സമിതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കല്‍ ന്യൂനപക്ഷ ഉന്നമനത്തിനുള്ള ആദ്യപടിയാണ്. മതേതരത്വം സംരക്ഷിക്കുക എന്നത് ഭരണഘടനയുടെ സത്തയാണ്. നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസത്തെയും ആചാരത്തേയും അനാവശ്യമായി ചര്‍ച്ചയാക്കുന്നതും തികച്ചു സ്ത്രീവിരുദ്ധവുമായ മുത്തലാഖ് ബില്‍ റദ്ദ് ചെയ്യണം. പശുവിന്റെ പേരിലും മറ്റു ന്യൂനപക്ഷ വേട്ടയായും പെരുകിവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ തടയാന്‍ ശക്തമായ നിയമം നിര്‍മ്മിക്കണം. ഭീകരാക്രമണക്കേസുകളില്‍
ന്യൂനപക്ഷങ്ങളെ കരുതിക്കൂട്ടി വേട്ടയാടുന്നതും അവര്‍ക്കുമേല്‍ കുറ്റങ്ങളെ ചാര്‍ത്തിക്കൊടുക്കുന്നതും ഗൗരവകരമായ വസ്തുതയാണ്. കോടതിയുടെ മേല്‍ നോട്ടത്തില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കേണ്ടതുണ്ട്.

രാജ്യത്തിന് വലിയ രൂപത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും കൂടുതല്‍ സങ്കീര്‍ണവുമായ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടത്തണം.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കൂടതല്‍ സാമ്പത്തിക സഹായം നല്‍കി രാജ്യത്തെ സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കരിക്കുലം ,സിലബസ് എന്നിവയില്‍ കടന്നുകൂടി ചരിത്രത്തെ പച്ചയായി വ്യഭിചരിച്ചുകൊണ്ട് നടത്തപ്പെടുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം എന്തുവിലകൊടുത്തും തടയണം. അറിവുത്പാദനത്തിന്റെ കേന്ദ്രങ്ങളായ സര്‍വകലാശാലകളില്‍ സിദ്ധാന്ത വൈവിധ്യങ്ങള്‍ക്കും ഗവേഷങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമ്പോഴാണ് കൂടുതല്‍ വിശാലമായതും രാഷ്ട്രപുരോഗതിക്കുതകും വിധത്തിലുള്ള പഠനങ്ങള്‍ പുറത്തുവരുന്നത്. ഗവേഷകരുടെ വിഷയ തിരഞ്ഞെടുപ്പിനെ ഭരണകൂടം വിലക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഗവേഷണങ്ങള്‍ക്കായി നല്‍ക്കുന്ന UGC ഫെലോഷിപ്പുകള്‍ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. മാനവിക വിഷയങ്ങളെ ഒഴിവാക്കി വിദ്യാഭ്യാസമേഖലയെ കോര്‍പറേറ്റുവത്കരണത്തിനായി ഉപയോഗപ്പെടുത്തുന്നത് തടയണം.

രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കണം. സംവരണമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസിളവും മറ്റു ആനുകൂല്യങ്ങളും അത്തരം സ്ഥാപനങ്ങളില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സച്ചാര്‍ സമിതി ശുപാര്‍ശകള്‍ കൃത്യമായി നടപ്പില്‍ വരുത്തേണ്ടതുണ്ട്. അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം സെന്റര്‍ ,മുര്‍ശിദാബാദ് തുടങ്ങിയ കേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ സഹായങ്ങള്‍ ഉറപ്പുവരുത്തനണം. രാജ്യത്തുടനീളം സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട് ക്ലാസ് റൂം ഉള്‍പ്പെടെയുള്ള മികച്ച സംവിധാനങ്ങള്‍. വിദ്യാഭ്യാസ അവകാശമെന്ന ഭരണഘടനയുടെ മൗലിക അവകാശത്തെ പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ ആരോഗ്യം മേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയുംപ്പെട്ടന്ന് നികത്തേണ്ടതുണ്ട്.

കാര്‍ഷിക മേഖലയിലും കാര്യമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഒരു സ്വയം പര്യാപ്തമായ രാജ്യമായി ഇന്ത്യ മാറേണ്ടതുണ്ട്. നിലവില്‍ 15 ശതമാനം മാത്രമാണ് രാജ്യത്തിന്റെ ഉത്പാദന ക്ഷമത കൃത്യമായ പദ്ധതികളിലൂടെ ഘട്ടം ഘട്ടമായി അതുയര്‍ത്തേണ്ടതുണ്ട്. കര്‍ഷകാത്മഹത്യകള്‍ നിരന്തരമായി വര്‍ധിച്ചുവരുന്നതതിനുപിന്നില്‍ ഭീമമായ കടങ്ങളാണ്. അവ എഴുതിതള്ളാനും കര്‍ഷകരെ സഹായിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. പലിശ രഹിത വായ്പകള്‍, താങ്ങുവില എല്ലാ വിളകള്‍ക്കും ഫാമുകള്‍ക്കും ലഭ്യമാക്കല്‍, സംഭരണ ശേഷി വര്‍ധിപ്പിക്കല്‍, വിപണന ലളിതമാക്കല്‍ എന്നിവ കാര്‍ഷിക മേഖലയയെ ഉയര്‍ത്തികൊണ്ടുവരുന്നതിന് ആവശ്യമാണ്.

തൊഴിലില്ലായ്മയാണ് രാജ്യത്തെ മറ്റൊരു പ്രധാന വെല്ലുവിളി. 3.1 കോടി ജനങ്ങള്‍ രാജ്യത്ത് തൊഴില്‍ രഹിതരാണ് പ്രിതിദിനം 550 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും തൊഴിലൊരുക്കിക്കൊടുക്കാന്‍ സര്‍ക്കാറിന് കഴിയണം. കോര്‍പറേറ്റ് കമ്പനികള്‍ക്ക് സഹായകരമായ തൊഴില്‍ നിയമങ്ങള്‍ മാറ്റിപണിയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പു വരുത്തണം . അതോടൊപ്പം പെന്‍ഷന്‍, ചികിത്സാ പദ്ധതികള്‍ തുടങ്ങിയവ അസംഘടിത മേഖലയിലും ഉറപ്പാക്കണം. തൊഴില്‍ പൗരന്റെ മൗലീക അവകാശമാക്കി ഉയര്‍ത്താന്‍ തയ്യാറാകേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും വലിയ രൂപത്തിലുള്ള പാരിസ്ഥിതിക ഭീഷണിയിലാണ് എത്തിപ്പെടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറിയ്ക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും വായു ജലം മണ്ണ് എന്നിവയിലുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനും കാര്യക്ഷമമായ നിയമങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷ മാത്രമേ ഖനനം, മറ്റു വിഭവങ്ങളുടെ ശേഖരണം എന്നിവ നടത്താവൂ

വികസ്വര രാജ്യമാണ് ഇന്ത്യ. സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന മുതലാളിത്ത – നവ ഉദാരവത്കരണ നയങ്ങള്‍ ഇല്ലാതാകുമ്പോഴാണ് സാമ്പത്തിക വികസനം പൂര്‍ണമാകുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കുന്നത് തടഞ്ഞുകൊണ്ട് ധനികരില്‍ നിന്ന് നിശ്ചിത തോത് ഓരോ വര്‍ഷവും ഈടാക്കി ദാരിദ്യരേഖക്കു താഴെയുള്ളവര്‍ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കണം. പലിശ രഹിത ബാങ്കുകള്‍ സ്ഥാപിക്കണം .കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് നിര്‍ത്തലാക്കണം. പെട്രോളിയം , ഡീസല്‍ വില നിര്‍ണയാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണം. ഒട്ടും ആലേചനകളില്ലാതെ നടപ്പാക്കിയ ജി എസ് ടി വീണ്ടും കാര്യക്ഷമമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഒപ്പം മദ്യം , എണ്ണ ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണം.

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപനം തിരുവനന്തപുരത്ത് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ ഉദ്ഘാടനം ചെയ്തു. അനീസ് മുഹമ്മദ് ആലപ്പുഴ, മുഹമ്മദ് ശിബിന്‍ വള്ളക്കടവ്, മുഹമ്മദ് റാഫി തിരുവനന്തപുരം എന്നിവര്‍ സംബന്ധിച്ചു.

പൊന്നാനിയില്‍ നടനടന്ന സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിണ്ടന്റ് സി കെ റാഷിദ് ബുഖാരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍ സാദിഖ് എറണാകുളത്ത് നടന്ന സംഗമത്തില്‍ കെ ബി ബഷീര്‍ മുസ്ലിയാര്‍, എം കെ മുഹമദ് സ്വഫ് വാന്‍ എന്നിവരും പ്രസംഗിച്ചു.

---- facebook comment plugin here -----

Latest