Connect with us

Gulf

മധ്യപൗരസ്ത്യ ദേശത്തെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു

Published

|

Last Updated

അബുദാബി: മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ ഹൈന്ദവ ക്ഷേത്രത്തിന് അബുദാബിയില്‍ ശിലാസ്ഥാപനം നടത്തി. അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശിലാന്യാസ ചടങ്ങില്‍ ഇന്ത്യയില്‍നിന്നുള്ള പൂജാരികളാണ് പെങ്കടുത്തത്. ശിലാന്യാസ ചടങ്ങുകള്‍ക്ക് ക്ഷേത്ര നിര്‍മാണ ചുമതലയുള്ള ബോചാസന്‍ വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്ഥയുടെ (ബാപ്‌സ്) ആത്മീയാചാര്യന്‍ മഹന്ത് സ്വാമി മഹാരാജ് മുഖ്യകാര്‍മികത്വം നല്‍കി. അടുത്ത വര്‍ഷം ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ക്ഷേത്രനിര്‍മിതിക്കായി ഉപയോഗിക്കുന്ന മണല്‍ക്കല്ലിന്റെ മുകളില്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മാര്‍ബിളില്‍ കൊത്തിയ രൂപം ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. സ്വാമി ബ്രഹ്മവിഹാരി ദാസ്, സ്വാമി ഈശ്വര്‍ ചരണ്‍, യു എ ഇ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി താനി അല്‍ സയൂദി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഹ്മദ് ബില്‍ഹൂല്‍ അല്‍ ഫലാസി, അബുദാബി സാമൂഹിക വികസന വകുപ്പ് മന്ത്രി ഡോ മുഗീര്‍ അല്‍ ഖൈലി, യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി, മന്ദിര്‍ യുണൈറ്റഡ് ചെയര്‍മാന്‍ ഡോ ബി ആര്‍ ഷെട്ടി എന്നിവര്‍ പങ്കെടുത്തു. യു എ ഇയോട് ഇന്ത്യയുടെ ആദരമെന്ന വിശേഷണത്തോടെയാണ് ചടങ്ങ് നടന്നത്. ഏഴ് മണല്‍ക്കല്ലുകള്‍ തമ്മില്‍ ഒന്നിച്ച് ചേര്‍ത്താണ് ഇതിന്റെ അടിത്തറയുണ്ടാക്കിയത്. ഏഴ് എമിറേറ്റുകളെ ഒന്നിച്ച് ചേര്‍ത്ത് മഹത്തായ രാഷ്ട്രം രൂപീകരിച്ച ശൈഖ് സായിദിന്റെ മഹത്വം ക്ഷേത്രത്തിന്റെ നിര്‍മിതിയിലും പ്രതിഫലിക്കുമെന്ന് സംഘാടകര്‍ വിശദമാക്കി. അബുദാബി ഗവണ്‍മെന്റ് അനുവദിച്ച ഇരുപത്താറരയേക്കര്‍ സ്ഥലത്ത് 55,000 ചതുരശ്ര മീറ്ററിലാണ് ക്ഷേത്ര സമുച്ചയം ഉയരുക. മൂവായിരത്തോളം വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പൗരാണിക ക്ഷേത്ര മാതൃകയിലായിരിക്കുമിത്. ലൈബ്രറി, ഭക്ഷണശാലകള്‍, സാംസ്‌കാരിക കായിക കേന്ദ്രങ്ങള്‍, പൂന്തോട്ടം എന്നിവക്ക് പുറമെ പുണ്യ നദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുനരാവിഷ്‌കാരവും ക്ഷേത്രത്തോട് ചേര്‍ന്നുണ്ടാവും. 2020 ഓടെ നിര്‍മാണം പൂര്‍ത്തിയാവും.

നിരവധി മസ്ജിദുകള്‍ക്ക് പുറമെ 40ലധികം ചര്‍ച്ചുകളും രണ്ട് ഹൈന്ദവ ക്ഷേത്രങ്ങളും ഒരു ഗുരുദ്വാരയുമാണ് നിലവില്‍ യു എ ഇയിലുള്ളത്. ദുബൈയിലാണ് സിഖ് ഗുരുദ്വാരയും ക്ഷേത്രങ്ങളുമുള്ളത്. നിലവില്‍ യു എ ഇയില്‍ ഹൈന്ദവര്‍ സിഖ് ഗുരുദ്വാരയിലോ ഹോട്ടലുകളിലോ ആണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ ചടങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രാജ്യത്തേക്ക് പോവുകയാണ് പതിവ്. അബുദാബിയില്‍ ക്ഷേത്രം ഉയരുന്നതോടെ യു എ ഇയില്‍ തന്നെ ക്ഷേത്രാങ്കണത്തില്‍ ഹിന്ദു വിശ്വാസികള്‍ക്ക് വിവാഹം സാധ്യമാകും.

Latest