Connect with us

Kerala

വോട്ടുത്സവത്തിന് പ്രവാസികൾ വരവായി...

Published

|

Last Updated

കോഴിക്കോട്: പ്രവാസികളെ ചാക്കിടാൻ ഇരുമുന്നണികളും രംഗത്ത്. ഗൾഫ് രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ വിശദീകരണ കൂട്ടായ്മകൾക്ക് പുറമെ, കഴിയുന്നത്ര പ്രവാസികളെ വോട്ടെടുപ്പിന് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളുമായി മുന്നണികൾ. വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി ഗൾഫിൽ നിന്ന് പുറപ്പെടുന്നവർ ഇന്നും നാളെയുമായി നാട്ടിലെത്തുമെന്നാണ് വിവിധ പ്രവാസി സംഘടനകളിൽ നിന്നുള്ള വിവരം. സംസ്ഥാനത്ത് പ്രവാസികളുടേതായി 2000ത്തിലേറെ സംഘടനകളുണ്ട്. ഇതിൽ മത- സാംസ്‌കാരിക സംഘടനകൾക്ക് പുറമേ നല്ലൊരു വിഭാഗം വിവിധ രാഷ്ട്രീയ കക്ഷികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവയാണ്.

സി പി എമ്മിന്റേയും മുസ്‌ലിം ലീഗിന്റേയും നേതൃത്വത്തിലുള്ള പ്രവാസി ഘടകങ്ങളാണ് തങ്ങളുടെ വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ മുൻപന്തിയിൽ. എൽ ഡി എഫിന് വോട്ട് രേഖപ്പെടുത്തുന്നതിനായി മുപ്പത്തിഏഴായിരത്തോളം പ്രവാസികൾ ഇതിനകം നാട്ടിലെത്തിയിട്ടുണ്ടെന്ന് കേരള പ്രവാസി സംഘം നേതാക്കൾ പറഞ്ഞു.
മുസ്‌ലിം ലീഗ് പ്രത്യേക വിമാനങ്ങൾ ചാർട്ട് ചെയ്താണ് പ്രവാസികളെ കൊണ്ടുവരുന്നത്. കോൺഗ്രസ്, സി പി ഐ, ജനതാദൾ, ഐ എൻ എൽ, എസ് ഡി പി ഐ, ബി ജെ പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഗൾഫിൽ വിവിധ പേരുകളിൽ പ്രവാസി സംഘടനകളുണ്ട്. സംസ്ഥാനത്ത് വടകരയിലാണ് കൂടുതൽ പ്രവാസി വോട്ടർമാരുള്ളതെന്നിരിക്കെ വടകര കേന്ദ്രീകരിച്ച് തന്നെയാണ് പ്രവാസികളെ നാട്ടിലെത്തിക്കാനുളള ഊർജ്ജിത നീക്കങ്ങൾ നടക്കുന്നതും.

വടകര ലോക്‌സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിലാണ് ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്. 11,891 പേർ. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും മുൻ കെ പി സി സി പ്രസിഡന്റ്കൂടിയായ കെ മുരളീധരനും തമ്മിലുള്ള ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വടകരയിൽ പ്രവാസി വോട്ടർമാരുടെ സാന്നിധ്യം വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഇരു മുന്നണികളും വിലയിരുത്തുന്നു.
മലപ്പുറത്താണ് കൂടുതൽ പ്രവാസി വോട്ടർമാരുള്ള മറ്റൊരിടം. 17,143 പേർ. വോട്ടർ പട്ടികയിൽ പേരില്ല എന്നതുകൊണ്ട് മുന്നണികൾ പ്രവാസികളെ വെറുതെ വിടുന്നില്ല. നാട്ടിലുള്ള കുടുംബങ്ങളെ വിളിച്ച് തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കണമെന്നാണ് ആവശ്യം. പ്രവാസി വകുപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാറിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നാണ് പ്രവാസി സംഘടനകളിൽ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്.

Latest