Connect with us

Kerala

ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന്റെ തെളിവ് പുറത്തുവിട്ട് മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന്റ തെളിവ് വാര്‍ത്താ സമ്മേളത്തില്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതിന് തെളിവുണ്ടോ എന്നാണ് ബി ജെ പി ചോദിക്കുന്നതെന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഞാന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് അവര്‍ ഈ ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി.

“നരേന്ദ്രമോദിയാണ് ഞാന്‍ എന്ന് വിചാരിച്ച് ചോദിക്കുന്ന ചോദ്യമാണ് അത്. ഞാന്‍ കളവുപറയാറില്ല സാധാരണ. ഉള്ള കാര്യങ്ങള്‍ മാത്രമേ പറയാറുള്ളൂ. തെളിവ് ഉണ്ടോ എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചോദിച്ചാലോ എന്ന് കരുതി ആ കടലാസും എടുത്താണ് ഞാന്‍ ഇവിടെ വന്നത്. അതിന്റെ നമ്പര്‍ പറയാം 11034/01/2018 ഐ എസ് ഐ ബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍” എന്ന് പറഞ്ഞായിരുന്നു 144 പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കുലറിലെ വാചകങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്.
പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള കേന്ദ്ര ഗവണ്‍മെന്റിന് ഈ നിലപാടേ എടുക്കാന്‍ പറ്റുള്ളൂവെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയാണെന്നുള്ളതുകൊണ്ട് അതില്‍ മാറ്റമില്ലെന്നും പിണറായി പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. താത്ക്കാലിക നേട്ടങ്ങള്‍ക്കായി മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നത്. വംശഹത്യയുടെ വക്താവിനെയാണ് ബി ജെ പി കേരളത്തില്‍ റോഡ് ഷോക്ക് എത്തിച്ചതെന്നും ഇത് നാടിന് അപകടകരമാണെന്നും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെ പരാമര്‍ശിച്ച് പിണറായി പറഞ്ഞു. ശബരിമല വിഷയത്തില്‍ ആര്‍ എസും എസും ബി ജെ പിയും നുണ പ്രചരിപ്പിക്കുകയാണ്. കള്ളം ആവര്‍ത്തിച്ചു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ദൈവനാമം ഉച്ഛരിച്ചതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരെയാണ് അറസ്റ്റു ചെയ്തതെന്നും പിണറായി വ്യക്തമാക്കി.
കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് പ്രധാന മത്സരമെന്നു പറഞ്ഞ പിണറായി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ബി ജെ പിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Latest