കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവിൽ വൻ വർധനയെന്ന് റിപ്പോർട്ട്

Posted on: April 20, 2019 8:08 am | Last updated: April 20, 2019 at 1:10 pm


പാലക്കാട്: സംസ്ഥാനത്ത് കാർഷിക മേഖലക്ക് ഭീഷണിയായി കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതായി പഠന റിപ്പോർട്ട്. ഹാർവഡ് ടി എച്ച് ചാൻ സ്‌കൂൾ ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിലാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡ് വൻതോതിൽ വർധിച്ച് മണ്ണിൽ ലയിച്ച് ജൈവാംശം നഷ്ടപ്പെടാനിടയാക്കുന്നതായി കണ്ടെത്തിയത്. മണ്ണിൽ സിങ്ക് ഉൾപ്പെടെയുള്ള മൂലകങ്ങൾ നഷ്ടപ്പെടുന്നത് മൂലം വിളവെടുക്കുന്ന ഭക്ഷണധാതുക്കളിൽ പോഷകാംശം കുറയുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. ഇത്തരം ഭക്ഷ്യപദാർഥങ്ങൾ കഴിക്കുന്നത് മൂലം കുട്ടികളിൽ മലേറിയ, ന്യൂമോണിയ. വയറിളക്കം തുടങ്ങിയ രോഗങ്ങൾ പിടിപെടുന്നു. പ്രായമേറിയവരിൽ അസുഖങ്ങൾക്ക് പുറമെ ജീവിതദൈർഘ്യം കുറക്കുന്നതിനിടയാക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കാർഷിക വിളകളിൽ പോഷകാംശം നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം അന്തരീക്ഷ മലിനീകരണം കുറവുള്ള മേഘാലയയിലും മണിപ്പൂരിലും കാർഷിക വിളകളിൽ ജൈവാംശം വൻതോതിലുള്ളതായും പറയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖല കേന്ദ്രീകരിച്ചാണ് സംഘം പഠനം നടത്തിയത്.

യന്ത്രവാഹന യുഗത്തിന് വഴിമാറിയതാണ് കാർബൺ ഡൈ ഓക്‌സൈഡിന്റെ വർധനക്കുള്ള മറ്റൊരു കാരണം. ആരംഭത്തിൽ ഇവയിൽ ഉപയോഗിച്ചിരുന്നത് ഇന്ധനക്ഷമത കുറഞ്ഞ കൽക്കരിയായിരുന്നു. കാലക്രമേണ, ഇന്ധനക്ഷമത കൂടിയ പെട്രോൾ, ഡീസൽ, പ്രകൃതിവാതകം എന്നിവ ഉപയോഗിക്കാൻ തുടങ്ങി. ഒരു ലിറ്റർ പെട്രോളിൽ അടങ്ങിയിരിക്കുന്ന കാർബൺ 620 ഗ്രാം ആണ്.

ജ്വലനവേളയിൽ ഈ കാർബൺ അന്തരീക്ഷത്തിലെ 1700 ഗ്രാം ഓക്‌സിജനുമായി ചേർന്ന് 2.3 കി.ഗ്രാം കാർബൺ ഡൈ ഓക്‌സൈഡായി മാറും. 20 കി.മീ ഇന്ധനക്ഷമതയുള്ള ഒരു വാഹനം 100 കി.മീറ്റർ സഞ്ചരിക്കുമ്പോൾ പുറന്തള്ളുന്നത് 12 കി.ഗ്രാം കാർബൺ ഡൈ ഓക്‌സൈഡാണ്. നഷ്ടമാക്കുന്ന ഓക്‌സിജനാകട്ടെ ഏകദേശം എട്ട് കി.ഗ്രാമും. ഒരുലക്ഷം വാഹനങ്ങളുള്ള ഒരു ചെറുനഗരത്തിൽ പോലും ഇപ്രകാരം അന്തരീക്ഷത്തിൽ കലരുന്നത് 12,000 ടൺ കാർബൺ ഡൈ ഓക്‌സൈഡാണ്.

കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിൽ വർധിച്ചതാണ് താപനില കൂടുന്നതിനും കാലവസ്ഥാ വ്യതിയാനത്തിനുമിടയാക്കുന്നത്. കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കുന്നതിന് നടപടിയെടുക്കാത്ത പക്ഷം പരിസ്ഥിതി ദുരന്താവസ്ഥയിലേക്ക് നയിക്കുമെന്നുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.