Connect with us

Kollam

അവസാന ഘട്ടത്തിലും ആടിയുലഞ്ഞ് ബി ജെ പി

Published

|

Last Updated

കൊല്ലം: കൊല്ലത്ത് യു ഡി എഫിന് വേണ്ടി വോട്ട് മറിക്കുന്നുവെന്ന് ആരോപിച്ച് ഒരുവിഭാഗം ബി ജെ പി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിരിക്കെ, ബി ജെ പിയുടെ വോട്ടും തനിക്ക് ലഭിക്കുമെന്ന പ്രതികരണവുമായി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ. ബി ജെ പിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തിൽ അവരുടെ വോട്ടുകൾ തനിക്ക് കിട്ടുന്നതിൽ എന്താണ് കുഴപ്പമെന്നാണ് പ്രേമചന്ദ്രൻ ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.

അതേസമയം, രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കാൻ നോക്കിയാൽ പ്രേമചന്ദ്രന് പൊള്ളുമെന്നും അതുകൊണ്ടാണ് ഈ ഇരട്ടത്താപ്പ് കാണിക്കുന്നതെന്നും മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കൊല്ലത്ത് വോട്ട് പണം കൊടുത്ത് വാങ്ങാൻ സി പി എം ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ സമീപിച്ചെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉയർത്തുന്ന ആരോപണം. ഈ ആരോപണം യു ഡി എഫിന്റെ പരാജയഭീതി കൊണ്ടാണെന്നാണ് സി പി എം നൽകുന്ന മറുപടി.

ഇതിനിടെ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാൻ ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞദിവസം വിളിച്ചുചേർത്ത തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്കമ്മിറ്റി യോഗത്തിൽ ഭൂരിഭാഗം ഭാരവാഹികളും പങ്കെടുത്തില്ല. 92 പേർ പങ്കെടുക്കേണ്ടിയിരുന്ന യോഗത്തിൽ വെറും ഒമ്പത് പേർ മാത്രമാണ് പങ്കെടുത്തത്. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ പ്രൊഫ. ശശികുമാർ അടക്കം 82 പേർ യോഗത്തിനെത്തിയില്ല. വോട്ട് മറിക്കൽ ആരോപണത്തിലെ പ്രതിഷേധമാണ് ബഹിഷ്‌കരണത്തിന് കാരണമെന്നാണ് സൂചന. എന്നാൽ, ഭൂരിഭാഗം ചുമതലക്കാരും പങ്കെടുക്കാതിരുന്നത് മഴ ആയതുകൊണ്ടാണെന്നാണ് ബി ജെ പി ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. അതേസമയം, യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരെ രൂക്ഷ വിമർശം ഉയർന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടാമതെത്തിയ ചാത്തന്നൂരിൽ പോലും പ്രവർത്തനം തീരെ മോശമാണെന്ന് ആക്ഷേപമുയർന്നു. മണ്ഡലത്തിൽ ബി ജെ പി പ്രവർത്തനം കാര്യക്ഷമമല്ലെന്നും ഇത് വോട്ട് മറിക്കുന്നതിന്റെ സൂചനയാണെന്നും പ്രവർത്തകർ പറഞ്ഞു.

പ്രേമചന്ദ്രന് വേണ്ടി വോട്ട് മറിക്കുകയാണെന്ന ബി ജെ പിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചതോടെ ഇത് സി പി എം പ്രചാരണ വിഷയമാക്കുകയാണ്. കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് ബി ജെ പി വോട്ട് മറിക്കുന്നതെന്നും സി പി എം ആരോപിച്ചു.

യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്റ്അഡ്വ. പ്രശാന്ത്, ബി ജെ പി ജില്ലാ ലീഗൽ സെൽ ഭാരവാഹി അഡ്വ. കൈലാസ് നാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുവിഭാഗമാണ് ബി ജെ പി വോട്ടുകൾ ചോരാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ദുർബലനായ സ്ഥാനാർഥിയെയാണ് ബി ജെ പി കൊല്ലത്ത് മത്സരിപ്പിക്കുന്നതെന്ന് ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കും പരാതിയുണ്ട്. ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം വിളിച്ചുചേർത്തത്.

ബി ജെ പി വോട്ട് ചോർച്ച തടയാൻ ശ്രമിക്കുന്ന വിഭാഗം “മേക് എ വിഷൻ” എന്ന പേരിൽ രൂപവത്കരിച്ച സംഘടന സന്നദ്ധ സംഘടനയാണെന്നാണ് പുറത്തുപറയുന്നത്. പക്ഷേ വോട്ട് ചോർച്ച തടയാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മേക് എ വിഷന്റെ നേതൃത്വത്തിൽ പ്രചാരണം നടത്താനാണ് തീരുമാനം.

വോട്ട് മറിക്കൽ ആരോപണം വിവാദമായതോടെ ബി ജെ പി ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. ആക്ഷേപം ഉന്നയിച്ചവർ പാർട്ടി പ്രവർത്തകരാണെന്നും അവരുടെ പരാതി പരിശോധിക്കുമെന്നും ബി ജെ പി ജില്ലാ നേതൃത്വം വ്യക്തമാക്കി. കൊല്ലത്ത് വോട്ട് ചോരില്ലെന്നും ഇപ്പോൾ നടക്കുന്നത് കുപ്രചാരണം മാത്രമാണെന്നും ബി ജെ പി സംസ്ഥാന നേതൃത്വം പറയുന്നു. സി പി എം നേതാക്കളോട് അടുപ്പമുള്ള ബി ജെ പി നേതാക്കളാണ് ഇപ്പോൾ വോട്ടുമറിക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത്.

---- facebook comment plugin here -----

Latest