Connect with us

Kollam

മണ്ഡലത്തിൽ ഇല്ലാത്തവരെ ബി ജെ പി ലിസ്റ്റിൽ ഉൾപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം: മണ്ഡലത്തിലില്ലാത്തവരെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക സപ്ലിമെന്ററി ലിസ്റ്റിൽ വ്യാപക കൃത്രിമം. തിരുവനന്തപുരം പാർലിമെന്റ് മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തിലെ 110, 128ാം നമ്പർ ബൂത്തുകളിലാണ് ബി ജെ പി നേതാക്കൾ നേരിട്ട് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയത്. ബൂത്ത് ലെവൽ ഓഫീസർ (ബി എൽ ഒ) അറിയാതെ പതിനഞ്ചോളം പേരെ ഉൾപ്പെടുത്തിയ സപ്ലിമെന്ററി ലിസ്റ്റാണ് പുറത്തു വന്നത്.
ആറ്റിങ്ങൽ പാർലിമെന്റ് മണ്ഡലത്തിൽ വോട്ടുള്ളതായി സംശയിക്കുന്ന പതിനഞ്ച് വോട്ടർമാരുടേയും രക്ഷകർത്താവിന്റെ പേരിന്റെ സ്ഥാനത്ത് നേമത്തെ ബി ജെ പി പ്രാദേശിക നേതാവിന്റെ പേര് ചേർത്തിട്ടുണ്ട്. ബി ജെ പി നേതാവ് ഒ രാജഗോപാൽ പ്രതിനിധീകരിക്കുന്ന നേമം നിയോജകമണ്ഡലത്തിലെ ബി ജെ പി പ്രാദേശിക യുവ നേതാവായ മനോജ് രക്ഷകർത്താവായി നിന്നാണ് മുതിർന്നവരും പ്രായമായവരും ഉൾപ്പടെയുള്ള 15 പേരെ 110-ാം നമ്പർ ബൂത്തിൽ തിരുകിക്കയറ്റിയത്.

മുഴുവൻ ബൂത്തുകളിലും ബി ജെ പി, സമാനമായ ക്രമക്കേട് നടത്തിയിട്ടുള്ളതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം വിജയകുമാറും സെക്രട്ടറി അഡ്വ. ജി ആർ അനിലും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തെളിവുകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും അവർ അറിയിച്ചു.

ബി എൽ ഒ അറിയാതെ വോട്ട് ചേർക്കാൻ പറ്റില്ലെന്നിരിക്കെ, ബി ജെ പി നേതാക്കൾ നടത്തിയ ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെട്ട് അവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അനുവദിച്ച സമയത്ത് ഇവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ബി എൽ ഒ നടത്തിയ അന്വേഷണത്തിൽ ഇവർ സ്ഥലത്തെ താമസക്കാരല്ലെന്ന് കണ്ടെത്തി ഒഴിവാക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഏപ്രിൽ 18ന് പ്രസിദ്ധീകരിച്ച അന്തിമ സപ്ലിമെന്ററി ലിസ്റ്റിൽ ബി എൽ ഒ ഒഴിവാക്കിയ 15 പേരും നാടകീയമായി ഉൾപ്പെട്ടത് ബി ജെ പി നടത്തിയ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും നേതാക്കൾ ആരോപിച്ചു.

Latest