Connect with us

National

തനിക്കെതിരായ ലൈംഗികാരോപണം ഗൂഢാലോചന; ലക്ഷ്യം ചീഫ് ജസ്റ്റിസിനേയും ഓഫീസിനേയും നിര്‍ജീവമാക്കല്‍: ചിഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ആരോപണത്തിന് മറുപടി നല്‍കി തരംതാഴാനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സിറ്റിങ്ങിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. എല്ലാ ജീവനക്കാരോടും താന്‍ മാന്യമായാണ് പെരുമാറിയിരുന്നത്. ഒന്നരമാസം മാത്രമാണ് ആരോപണമുന്നയിച്ച സ്ത്രീ ഇവിടെയുണ്ടായിരുന്നത്. മറുപടി പറയാന്‍ മാത്രം ഗൗരവമുള്ളതാണ് ആരോപണമെന്ന് കരുതുന്നില്ല.യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ക്രിമിനല്‍ കേസുള്ള ഇവര്‍ എങ്ങിനെയാണ് ജോലിക്ക് കയറിയതെന്ന കാര്യത്തില്‍ ഡല്‍ഹി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

തന്റെ 20 വര്‍ഷത്തെ സേവനത്തിനിടെ ഇത്തരമൊരു ആരോപണം അവിശ്വസനീയമാണ്. ഒരു ജൂനിയര്‍ അസിസ്റ്റന്റ് വിചാരിച്ചാല്‍ ഇത്തരമൊരു ഗൂഢാലോചന നടക്കില്ല. ചീഫ് ജസ്റ്റിസിനേയും ഓഫീസിനേയും നിര്‍ജീവമാക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പണം നല്‍കി ആര്‍ക്കും തന്നെ സ്വാധീനിക്കാനാകില്ല. ആറ് ലക്ഷം രൂപമാത്രമാണ് തന്റെ ബേങ്ക് ബാലന്‍സ്. ജുഡീഷ്യറിയുടെ സ്വാത്ന്ത്ര്യം വലിയ ഭീഷണിയിലാണ്. എത്ര വലിയ ആരോപണം ഉയര്‍ന്നാലും പദവിയില്‍ തുടരും. താനല്ല മുതിര്‍ന്ന ജഡ്ജിമാരാകും ഈ വിഷയം പരിഗണിക്കുക. ജുഡീഷ്യറിയുടെ നിലില്‍പ് ഭീഷണിയിലാണെന്ന് അറിയിക്കുന്നതിനാണ് അടിയന്തര സിറ്റിങ് എന്ന അസാധാരണ നടപടി സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആരോപണത്തിന്റെ സ്വഭാവം ബ്ലാക്ക് മെയില്‍ ചെയ്യുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് തുഷാര്‍ മേത്ത പറഞ്ഞു. ചീഫ് ജസ്റ്റിസ് തന്നെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന മുന്‍ ജീവനക്കാരിയുടെ കത്ത് പ്രചരിച്ചിരുന്നതായി സെക്രട്ടറി ജനറല്‍ സിറ്റിങ്ങിന്റെ തുടക്കത്തില്‍ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെയാണ് അസാധാരണമായ അടിയന്തിര സിറ്റിങ് സുപ്രീം കോടതിയില്‍ നടന്നത്.