Connect with us

Ongoing News

പരസ്യ പ്രചാരണം നാളെ അവസാനിക്കും; തിരഞ്ഞെടുപ്പ് ചൂടിന്റെ മൂർധന്യതയിലേക്ക്

Published

|

Last Updated

പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിന്റെ മൂർധന്യതയിൽ. ഒന്ന് ഇരുട്ടിവെളുത്താൽ കലാശക്കൊട്ടാണ്. അതിന്റെ ആരവങ്ങളിലേക്ക് നീങ്ങുകയാണ് കേരളം. നാളെ വൈകുന്നേരമാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. അവധിയുടെ ആലസ്യമോ വേനൽ മഴയുടെ കുളിരോ പ്രചരണ ചൂടിന്റെ ആവേശം തണുപ്പിച്ചിട്ടില്ല. അവസാന ലാപ്പിലും വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. നേതാക്കളുടെ വാക്‌യുദ്ധം പോർമുഖത്തിന്റെ ചൂട് കൂട്ടുമ്പോൾ റോഡ് ഷോകളിലൂടെ സ്ഥാനാർഥികളും കളം നിറഞ്ഞ് കളിക്കുന്നു. ജനവിധിയിലേക്കുള്ള അകലം മണിക്കൂറുകളായി ചുരുങ്ങുന്നതിന്റെ ആധിയും ആവേശവും അന്തരീക്ഷത്തിൽ ഒരുപോലെ പ്രകടം.

ഭൂരിഭാഗം സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഫലം പ്രവചനാധീതമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളാണധികവും. കുത്തക മണ്ഡലങ്ങളിൽ പോലും എതിരാളികൾ കനത്ത മത്സരം കാഴ്ച്ച വെക്കുന്നു. സിറ്റിംഗ് എം പിമാർ പോലും തട്ടകങ്ങളിൽ ഭീഷണി നേരിടുന്നു. രാഷ്‍ട്രീയ പ്രചരണങ്ങൾ മാറിമറിയുന്നതാണ് പരസ്യപ്രചാരണങ്ങളിൽ കണ്ടത്. ശബരിമല വിവാദം, രാഹുൽ ഗാന്ധിയുടെ വരവ്, കോ ലീ ബി സഖ്യം, കേന്ദ്രസർക്കാറിന്റെ ജനദ്രോഹഭരണം തുടങ്ങി പ്രചാരണ രംഗത്ത് മുഴച്ച് നിന്ന വിഷയങ്ങളൊന്നും പൂർണമായി കളംവിട്ടിട്ടില്ല. രാഹുലും യെച്ചൂരിയും മോദിയും പിണറായിയും രണ്ടാഴ്ച്ച കൊണ്ട് ഉഴുതുമറിച്ച കേരളമാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങാനൊരുങ്ങുന്നത്.
12 മണ്ഡലങ്ങളിലെങ്കിലും ആർക്കും ജയിക്കാവുന്നതാണ് സാഹചര്യം. ഇരു മുന്നണികൾക്കും ഉറപ്പിക്കാവുന്ന സീറ്റ് എണ്ണം നാലിന് അപ്പുറത്തേക്ക് എണ്ണാനാകുന്നില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും തീ പാറും പോരാട്ടമെന്ന് സാരം. ത്രികോണ പ്രതീതിയുള്ള തിരുവനന്തപുരം ഇത്തവണ പിടിക്കുമെന്നാണ് ബി ജെ പിയുടെ അവകാശവാദമെങ്കിലും മുൻതൂക്കം ഉറപ്പിക്കാവുന്ന അടിയൊഴുക്കുകളില്ല. പ്രചാരണകൊഴുപ്പാണ് ബി ജെ പി പ്രതീക്ഷയുടെ അടിസ്ഥാനം. ശബരിമലയെന്ന ഒറ്റവിഷയത്തിൽ കേന്ദ്രീകരിച്ചാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ബി ജെ പി പ്രചാരണം. ശബരിമല പ്രചാരണ വിഷയമാക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തതോടെ ശബരിമല കർമ സമിതിയുടെ പേരിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

അഞ്ചിടത്ത് യു ഡി എഫ് – ബി ജെ പി ധാരണയുണ്ടെന്നാണ് സി പി എം ആരോപണം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി ജെ പിയെ കോൺഗ്രസും കൊല്ലം, കോഴിക്കോട്, വടകര, കണ്ണൂർ, എറണാകുളം സീറ്റുകളിൽ തിരിച്ചും സഹായിക്കാമെന്ന് ധാരണയുണ്ടാക്കിയെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനെ സഹായിക്കാനുള്ള നീക്കത്തിന്റെ പേരിൽ ബി ജെ പി ഘടകത്തിൽ പൊട്ടിത്തെറിയുണ്ട്.

സാമുദായിക, ജാതി സംഘടനകളുടെ നിലപാടും നിർണായകമാണ്. സമദൂരമെന്ന് പുറമെ പറയുന്ന എൻ എസ് എസ്, ബി ജെ പിയെയും കോൺഗ്രസിനെയുമാണ് മാറി മാറി പിന്തുണക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ സീറ്റുകളിൽ ബി ജെ പിയെയും മറ്റിടങ്ങളിൽ യു ഡി എഫിനെയും പിന്തുണക്കണമെന്ന സന്ദേശം പെരുന്നയിൽ നിന്ന് കൈമാറിയെന്നാണ് വിവരം. എൻ ഡി എക്കൊപ്പം നിന്ന് ബി ഡി ജെ എസ് മത്സരിക്കുന്നുണ്ടെങ്കിലും എസ് എൻ ഡി പിയുടെ പൂർണ പിന്തുണ അവർക്കില്ല. ഇടത് അനുകൂല നിലപാടാണ് യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കുക ന്യൂനപക്ഷങ്ങളുടെ നിലപാടായതിനാൽ അവരുടെ വോട്ടിലാണ് ഇരുമുന്നണികളുടെയും കണ്ണ്. രാഹുൽ ഗാന്ധിയുടെ വരവും കേന്ദ്രത്തിൽ മോദി വിരുദ്ധഭരണവും ആഗ്രഹിക്കുന്നതിനാൽ ന്യൂനപക്ഷങ്ങളുടെ വോട്ട് തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.

എന്നാൽ, ബി ജെ പി വിരുദ്ധ നിലപാട് ശക്തമായുള്ളത് ഇടതുപക്ഷത്തിനാണെന്നും അതിനാൽ ന്യൂനപക്ഷങ്ങളിലെ വലിയൊരു വിഭാഗം തങ്ങൾക്കൊപ്പം നിൽക്കുമെന്നും ഇടത് മുന്നണിയും കണക്ക് കൂട്ടുന്നു.