Connect with us

Kozhikode

എൻ ഡി എ സ്ഥാനാർഥിയുള്ളപ്പോൾ സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ടഭ്യർഥന; കേന്ദ്രമന്ത്രി വെട്ടിൽ

Published

|

Last Updated

എൻ ഡി എ യുടെ സ്ഥാനാർഥി മത്സരിക്കുന്ന കോഴിക്കോട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി വോട്ടഭ്യർഥിക്കാനെത്തിയ കേന്ദ്രമന്ത്രിയുടെ നടപടിയിൽ ബി ജെ പിയിൽ അമർഷം. ബി ജെ പി നേതാക്കൾ പോലുമറിയാതെ കോഴിക്കോട്ടെത്തിയ കേന്ദ്ര പിന്നാക്ക സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെയുടെ നടപടിയാണ് വിവാദത്തിനിടയാക്കിയത്.

ഇന്നലെ രാവിലെ എട്ടരയോടെ മുംബൈയിൽ നിന്ന് കോഴിക്കോട്ടെത്തിയ മന്ത്രി സ്വതന്ത്ര സ്ഥാനാർഥി നുസ്‌റത്ത് ജഹാനുമൊത്ത് കോഴിക്കോട് പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. എന്നാൽ ഈ സമയത്തൊന്നും എൻ ഡി എ, ബി ജെ പി നേതാക്കളുമായി മന്ത്രി ബന്ധപ്പെട്ടിരുന്നില്ല. മന്ത്രി വന്നത് തങ്ങളോ സംസ്ഥാന നേതൃത്വമോ അറിഞ്ഞില്ലെന്ന് ബി ജെ പി ജില്ലാ നേതാക്കൾ വ്യക്തമാക്കി. അതേസമയം, ഔദ്യോഗിക സ്ഥാനാർഥി നിലനിൽക്കെ മന്ത്രി മറ്റൊരു സ്ഥാനാർഥിക്ക് വേണ്ടി വോട്ട് പിടിക്കാനെത്തിയതിലുള്ള അമർഷം ബി ജെ പി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
സംസ്ഥാന നേതൃത്വം ഈ വിഷയത്തിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെയും അറിയിച്ചതായാണ് സൂചന.

നേരത്തെ ഈ മാസം 16നായിരുന്നു മന്ത്രി കോഴിക്കോട്ട് എത്തുകയെന്ന് അറിയിച്ചിരുന്നത്. എന്നാൽ, അത് പിന്നീട് 19ലേക്ക് മാറ്റി. എൻ ഡി എയിൽ ഘടകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(എ)യുടെ ദേശീയ പ്രസിഡന്റാണ് മന്ത്രി അതാവ്‌ലെ. ഈയിടെ രൂപവത്കരിച്ച പാർട്ടിക്ക് സംസ്ഥാന കമ്മിറ്റിയുണ്ടാക്കിയത് ഈയടുത്താണ്. മഹാരാഷ്ട്രയിലാണ് പ്രധാനമായും പാർട്ടിയുടെ ആസ്ഥാനം. എന്നാൽ, എൻ ഡി എയിൽ ഘടകകക്ഷിയായ പാർട്ടിയുടെ നേതാവായ മന്ത്രി കോഴിക്കോട്ട് മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പിടിക്കുന്നതിന്റെ സാംഗത്യം വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം കൃത്യമായി ഉത്തരം നൽകിയില്ല.

കോഴിക്കോട് ഉൾപ്പെടെ നാല് സീറ്റ് എൻ ഡി എയോട് അഭ്യർഥിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ കഴിഞ്ഞില്ലെന്നായി രുന്നു അദ്ദേഹത്തിന്റെ മറുപടി. മോദിയുടെ വികസന പ്രവർത്തനങ്ങൾ വാർത്താ സമ്മേളനത്തിൽ എടുത്തുപറഞ്ഞ മന്ത്രി നുസ്‌റത്ത് ജഹാനാണ് പിന്തുണയെന്നും പറഞ്ഞു. അതേസമയം, തന്റെ കഴിവ് കണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടി പിന്തുണയുമായെത്തിയെന്നതാണ് നുസ്‌റത്ത് ജഹാന്റെ വിശദീകരണം. വാർത്താ സമ്മേളനം അവസാനിക്കുമ്പോൾ എൻ ഡി എക്ക് വോട്ട് ചെയ്യണമെന്ന മന്ത്രിയുടെ അഭ്യർഥന ചിരി പടർത്തുകയും ചെയ്തു.

നുസ്‌റത്ത് ജഹാനുൾപ്പെടെ കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലെ രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾക്ക് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വയനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി പിന്നീട് മത്സര രംഗത്ത് പിന്മാറിയതോടെ പിന്തുണ എൻ ഡി എ സ്ഥാനാർഥിക്കായി.

ഇന്നലെ വൈകുന്നേരം ഏഴരയോടെ നുസ്‌റത്ത് ജഹാന്റെ റോഡ്‌ഷോയിൽ പങ്കെടുത്ത മന്ത്രി രാത്രി പതിനൊന്ന് മണിക്കാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചത്.

Latest